ന്യൂഡല്‍ഹി: നിയന്ത്രണരേഖയിലെ സേനാ പിന്‍മാറ്റത്തിനിടയില്‍ ചൈന ഇന്ത്യയെ ആശങ്കപ്പെടുത്തുന്ന നീക്കം നടത്തുന്നതായി റിപ്പോര്‍ട്ടുകള്‍. ചൈനീസ് രഹസ്യാന്വേഷണ ഏജന്‍സികളുടെ നിര്‍ദ്ദേശപ്രകാരം പാകിസ്താന്‍ രഹസ്യാന്വേഷണ ഏജന്‍സി (ഐഎസ്‌ഐ) ഇന്ത്യന്‍ അത്ര്#ത്തിയിലെ വിവരങ്ങള്‍ ശേഖരിച്ചു വരികയാണ് എന്നാണ് റിപ്പോര്‍ട്ട്. ജമ്മു കശ്മീരിലെ റിയാസി, റംബാന്‍ ജില്ലകളെ ബന്ധിപ്പിക്കുന്ന റെയില്‍വേ പാലമായ ചെനാബ് പാലത്തെക്കുറിച്ചുള്ള വിവരങ്ങളാണ് ഐഎസ്എ അന്വേഷിക്കുന്നത്.
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയില്‍വേ പാലമായ ചെനാബ് പാലത്തിലൂടെ അടുത്തിടെ പരീക്ഷണ ഓട്ടം ആരംഭിച്ചിരുന്നു. പാലം ഔദ്യോഗികമായി പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ ജമ്മു കശ്മീരും രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളും തമ്മിലുള്ള ബന്ധം വര്‍ദ്ധിപ്പിക്കുമെന്നാണ് വിലയിരുത്തലുകള്‍. പാലത്തെക്കുറിച്ചുള്ള സുപ്രധാന വിവരങ്ങള്‍ പാകിസ്താന്‍, ചൈനീസ് രഹസ്യാന്വേഷണ ഏജന്‍സികള്‍ ശേഖരിച്ചിട്ടുണ്ടെന്ന് ഇന്ത്യന്‍ വൃത്തങ്ങള്‍ അറിയിച്ചതായി ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു.
20 വര്‍ഷമെടുത്താണ് ഇന്ത്യ ഈ പാലത്തിന്റെ പണി പൂര്‍ത്തിയാക്കിയത്. പാലം തുറന്നുകൊടുത്താല്‍ ശൈത്യകാലത്ത് കശ്മീരിന് ഇന്ത്യയിലെ മറ്റ് സ്ഥലങ്ങളുമായി ബന്ധം നഷ്ടപ്പെടുന്നത് ഒഴിവാക്കാനാകും. ചൈനയുടെയും പാകിസ്താന്റെയും ഭീഷണി തുടരുന്ന അതിര്‍ത്തി പ്രദേശങ്ങളില്‍ ചിനാബ് പാലം വഴി ഇന്ത്യക്ക് തന്ത്രപരമായ മേല്‍കൈ ലഭിക്കുമെന്നാണ് കണക്കുകൂട്ടല്‍. ഏത് കാലാവസ്ഥയിലും കൂടുതല്‍ സൈന്യത്തിന് കശ്മീരില്‍ പ്രവേശിക്കുന്നതിനുള്ള സാധ്യതകള്‍ തുറന്നിടുന്നതാണ് പാലം.
നിയന്ത്രണരേഖയിലെ സേനാ പിന്‍മാറ്റത്തിനിടയില്‍ ഇന്ത്യയെ ആശങ്കപ്പെടുത്തുന്ന നീക്കവുമായി ചൈന