ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ വീണ്ടും വെല്ലുവിളിച്ച് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ആരാണ് രാജ്യവിരുദ്ധര്‍ എന്നും വിദേശശക്തികളുടെ നിയന്ത്രണത്തിലുള്ളവര്‍ ആരാണെന്നും പരസ്യമായി വ്യക്തമാക്കാന്‍ തന്നോട് നേര്‍ക്കുനേര്‍ സംവാദത്തിന് പ്രധാനമന്ത്രി മോദി തയാറാണോ എന്ന് രാഹുല്‍ ഗാന്ധി ചോദിച്ചു.
ബസ്തറില്‍ ദീപാവലിയോട് അനുബന്ധിച്ചുള്ള സന്ദര്‍ശനവേളയില്‍ മോദി നടത്തിയ ദിമാഗി നക്സല്‍ പരാമര്‍ശത്തിനെതിരെയാണ് രൂക്ഷവിമര്‍ശനവുമായി രാഹുല്‍ രംഗത്തെത്തിയത്. സമൂഹ മാധ്യമമായ എക്സ് വഴിയാണ് രാഹുല്‍ ഗാന്ധിയുടെ വെല്ലുവിളി. പ്രിയ ജവാന്മാരേ, നിങ്ങളുടെ മുഖഭാവങ്ങള്‍ എല്ലാം പറയുന്നുണ്ട് പ്രധാനമന്ത്രിയുടെ നുണകള്‍ നിങ്ങള്‍ വിശ്വസിച്ചിട്ടില്ല എന്ന്. ഞാന്‍ വെല്ലുവിളിക്കുകയാണ്, എന്നോട് പ്രധാനമന്ത്രി സംവാദത്തിന് തയാറാണോ. ആ സംവാദത്തിന് ശേഷം ഒരു ജവാന്‍റെ മുന്നില്‍ പോലും നില്‍ക്കാന്‍ പ്രധാനമന്ത്രിക്ക് ധൈര്യം ഉണ്ടാവില്ലെന്ന് രാഹുല്‍ എക്സില്‍ കുറിച്ചു.
കഴിഞ്ഞ ദിവസം ബസ്തര്‍ ജില്ലയിലെ സെന്‍ട്രല്‍ റിസര്‍വ് പൊലീസ് ഫോഴ്സ് (സിആര്‍പിഎഫ്) ഉദ്യോഗസ്ഥര്‍ക്കൊപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദി ദീപാവലി ആഘോഷിച്ചിരുന്നു. ഉദ്യോഗസ്ഥരെ അഭിസംബോധന ചെയ്യുന്നതിനിടെ സായുധരായ മാവോയിസ്റ്റുകളെ ഉന്മൂലനം ചെയ്തിട്ടുണ്ടെങ്കിലും നക്സലിസത്തിന്‍റെ ഭീഷണി പൂര്‍ണമായി ഇല്ലാതായിട്ടില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞിരുന്നു.
പ്രതിപക്ഷത്തെ ലക്ഷ്യം വച്ച് കൊണ്ട് അദ്ദേഹം നക്സലിസത്തിന്‍റെ പ്രത്യയശാസ്ത്രപരമായ പിന്തുണക്കാരെ ദിമാഗി നക്സലുകള്‍ എന്ന് വിശേഷിപ്പിച്ചു. ഇവര്‍ പല സംഘടനകളിലും സ്വാധീനം ചെലുത്തിയിട്ടുണ്ട്. ഇപ്പോഴും അവര്‍ രാജ്യത്തിന്‍റെ ഭരണഘടനയ്ക്കും ജനാധിപത്യത്തിനുമെതിരെ ജനങ്ങളെ ഇളക്കിവിടുകയാണെന്നും നിരവധി രാഷ്ട്രീയ പാര്‍ട്ടികളിലും വിവിധ സംഘടനകളിലും അവര്‍ നുഴഞ്ഞുകയറിയിട്ടുണ്ടെന്നുമായിരുന്നു മോദി പറഞ്ഞത്.
അതേസമയം ഇതിന് മുന്‍പും മോദിയെ പരസ്യ സംവാദത്തിനായി രാഹുല്‍ വെല്ലുവിളിച്ചിരുന്നു. വിദേശ ശക്തികളുമായി ചേര്‍ന്ന് രാജ്യത്തെ ഒറ്റുന്നു, പ്രതിപക്ഷ നേതാവ് രാജ്യദ്രോഹി, തുടങ്ങിയ ആരോപണങ്ങളായിരുന്നു രാഹുലിന് എതിരെ ഉണ്ടായിരുന്നത്. തുടര്‍ന്ന് വിദേശ ശക്തികളുടെ സഹായത്തോടെയാണ് നരേന്ദ്രമോദി പ്രധാനമന്ത്രിയായി തുടരുന്നതെന്ന് രാഹുല്‍ ആരോപിച്ചു. അങ്ങനെയല്ലെന്ന് തെളിയിക്കാന്‍ മോദിയെ താന്‍ വെല്ലുവിളിക്കുന്നെന്നുമായിരുന്നു രാഹുല്‍ പറഞ്ഞത്. എന്നാല്‍ 24 മണിക്കൂര്‍ കഴിഞ്ഞിട്ടും പ്രധാനമന്ത്രി മൗനം തുടരുന്നത് ചോദ്യം ചെയ്താണ് പരസ്യ സംവാദത്തിനായി രാഹുല്‍ വെല്ലുവിളിച്ചത്.
സ്വാതന്ത്ര്യദിന പ്രസംഗത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ആദ്യമായി ദിമാഗി നക്സല്‍ എന്ന പദം പരാമര്‍ശിക്കുന്നത്. ഭരണസംവിധാനങ്ങളില്‍ നുഴഞ്ഞുകയറി നയങ്ങളില്‍ കൃത്രിമം കാണിച്ച് സമൂഹത്തിന് ഭീഷണിയാകുന്ന ദിമാഗി നക്സലുകളെക്കുറിച്ച് അദ്ദേഹം മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇത്തരം ആളുകളെ തിരിച്ചറിഞ്ഞ് ഒറ്റപ്പെടുത്തണമെന്നായിരുന്നു അദ്ദേഹം പൗരന്മാരോട് അഭ്യര്‍ഥിച്ചത്.
കോൺഗ്രസിനെതിരെ പ്രധാനമന്ത്രിയുടെ 'ദിമാഗി നക്സൽ' പരാമർശം:മോദിയെ വീണ്ടും വെല്ലുവിളിച്ച് രാഹുല്‍ ഗാന്ധി; നേര്‍ക്കുനേര്‍ സംവാദത്തിന് തയാറാണോ എന്ന് ചോദ്യം
