വാഷിംഗ്ടണ്‍: ആഗോള എഐ ചിപ്പ് നിര്‍മാണരംഗത്തെ പ്രമുഖ കമ്പനിയായ എന്‍വിഡിയയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ജെന്‍സന്‍ ഹുവാങുമായി അടുത്ത ബന്ധമുണ്ടായിരുന്നുവെന്ന് ആരോപിക്കപ്പെടുന്ന അലീസ് ഹുവാങ് ആരാണ്? ചൈനയ്ക്കുവേണ്ടി രഹസ്യവിവരങ്ങള്‍ ശേഖരിക്കാന്‍ ശ്രമിച്ചുവെന്ന അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സികളുടെ സംശയമാണ് ഇവരെ അന്താരാഷ്ട്ര ശ്രദ്ധയിലെത്തിച്ചിരിക്കുന്നത്.
63 വയസ്സുകാരനായ ജെന്‍സന്‍ ഹുവാങ് ഒരു വനിതയുമായുള്ള ബന്ധത്തെക്കുറിച്ച് കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡിനോട് സമ്മതിച്ചതായും സ്വതന്ത്ര അന്വേഷണവുമായി സഹകരിക്കുമെന്ന് ഉറപ്പുനല്‍കിയതായും ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ വനിതയാണ് അലീസ് ഹുവാങ് എന്നാണ് വിവിധ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ചൈനയ്ക്കുവേണ്ടി പ്രവര്‍ത്തിച്ചിരുന്ന അലീസ് ഹുവാങ് എന്‍വിഡിയയുടെ അത്യാധുനിക ചിപ്പുകളെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കാനും അവ ചൈനയിലേക്ക് വില്‍ക്കുന്നതിന് കമ്പനിയെ സ്വാധീനിക്കാനും ശ്രമിച്ചിരുന്നുവെന്നാണ് അമേരിക്കന്‍ രഹസ്യാന്വേഷണ വിഭാഗത്തിന്റെ സംശയം. ന്യൂയോര്‍ക്ക് ടൈംസ്, ഫിനാന്‍ഷ്യല്‍ ടൈംസ് എന്നിവ ഉദ്ധരിച്ച അമേരിക്കന്‍ ഇന്റലിജന്‍സ് മെമ്മോയിലാണ് ഇക്കാര്യം പരാമര്‍ശിക്കുന്നത്.
എന്നാല്‍ ദേശീയ സുരക്ഷയെയോ കമ്പനിയുടെ രഹസ്യവിവരങ്ങളെയോ ബാധിക്കുന്ന തരത്തില്‍ വിവരങ്ങള്‍ ചോര്‍ന്നതായി വിശ്വസിക്കാന്‍ കാരണമില്ലെന്നാണ് എന്‍വിഡിയയുടെ വിശദീകരണം. ആരോപണങ്ങള്‍ ബീജിംഗ് നിഷേധിച്ചിട്ടുണ്ട്. അടിസ്ഥാനരഹിതമായ അപവാദങ്ങളും അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമങ്ങളുമാണ് ഇത്തരം ആരോപണങ്ങളെന്നാണ് ചൈനയുടെ പ്രതികരണം.
ജെന്‍സന്‍ ഹുവാങിനൊപ്പം പലതവണ പൊതുവേദികളില്‍
ജെന്‍സന്‍ ഹുവാങിനൊപ്പം അലീസ് ഹുവാങിനെ പലതവണ കണ്ടിരുന്നതായി വിവിധ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. 2024 ജൂണില്‍ തായ്വാനിലെ തായ്പേയില്‍ ഒരു ബാറില്‍ ജെന്‍സന്‍ ഹുവാങിനൊപ്പം അവര്‍ ഇരിക്കുന്നതിന്റെ ചിത്രം പുറത്തുവന്നിരുന്നു. ഗിഗാബൈറ്റ്, നെറ്റ്തണ്ടര്‍ കമ്പനികളിലെ ഉന്നത ഉദ്യോഗസ്ഥരും അന്നത്തെ കൂടിക്കാഴ്ചയില്‍ പങ്കെടുത്തിരുന്നു. ഈ ചിത്രമാണ് പിന്നീട് ലിങ്ക്ഡ്ഇനില്‍ പങ്കുവെച്ചത്.
അടുത്ത വര്‍ഷം മെയ് മാസം തായ്പേയില്‍ എ ഐ വിതരണക്കാരുമായി നടത്തിയ അത്താഴവിരുന്നിനുശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിച്ച ജെന്‍സന്‍ ഹുവാങിനൊപ്പവും അലീസിനെ കണ്ടിരുന്നു.
ഈ സമയത്താണ് അലീസുമായി ബന്ധമുണ്ടായിരുന്ന ഒരു കമ്പനി എന്‍വിഡിയയുടെ അത്യാധുനിക സാങ്കേതിക ഉപകരണങ്ങള്‍ വന്‍തോതില്‍ വാങ്ങാന്‍ തുടങ്ങിയത്. വ്യാപാര- ഇടപാട് രേഖകള്‍ പ്രകാരം മെഗാസ്പീഡുമായി ബന്ധമുള്ള സ്ഥാപനങ്ങള്‍ 480 കോടി ഡോളറിലധികം വിലമതിക്കുന്ന എഐ പ്രോസസറുകളും സെര്‍വര്‍ ഹാര്‍ഡ്വെയറുകളും വാങ്ങിയിരുന്നു. ഇടപാടുകളുടെ വന്‍തോതാണ് അമേരിക്കന്‍ അധികൃതരില്‍ സംശയമുയര്‍ത്തിയതെന്നാണ് റിപ്പോര്‍ട്ട്.
ആരാണ് അലീസ് ഹുവാങ്?
ഹുവാങ് ലെ എന്ന പേരിലും അറിയപ്പെടുന്ന അലീസിനെക്കുറിച്ചുള്ള വിവരങ്ങള്‍ ചൈനയിലെ സ്വകാര്യ നിക്ഷേപ ഫണ്ട് ഡാറ്റാബേസില്‍ രേഖപ്പെടുത്തിയ പ്രൊഫൈലിലാണ് ലഭ്യമായിട്ടുള്ളത്.
കരിയറിന്റെ ആദ്യഘട്ടത്തില്‍ ഹുനാന്‍ ടി വി, ചൈനയുടെ ഔദ്യോഗിക ടെലിവിഷന്‍ ചാനലായ സി സി ടി വി എന്നിവിടങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്നുവെന്നാണ് പ്രൊഫൈലില്‍ പറയുന്നത്.
പിന്നീട് എച്ച് എസ് ബി സിയില്‍ ചേര്‍ന്ന അവര്‍ സ്വകാര്യ ബാങ്കിങ് വിഭാഗം മേധാവിയുടെ അസിസ്റ്റന്റായി പ്രവര്‍ത്തിച്ചതായും രേഖകളിലുണ്ട്. തുടര്‍ന്ന് ചൈനയിലെ പ്രമുഖ ധനകാര്യ സ്ഥാപനമായ സി ഐ ടി ഐ സി സെക്യൂരിറ്റീസില്‍ വൈസ് പ്രസിഡന്റ് പദവിയിലെത്തിയതായും പ്രൊഫൈല്‍ വ്യക്തമാക്കുന്നു.
എന്നാല്‍ ഈ തൊഴില്‍വിവരങ്ങള്‍ സ്വതന്ത്രമായി സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. ന്യൂയോര്‍ക്ക് പോസ്റ്റ് ബന്ധപ്പെട്ടപ്പോള്‍ ഹുനാന്‍ ടി വി, സി സി ടി വി എന്നീ സ്ഥാപനങ്ങളില്‍ അലീസ് ഹുവാങിനെക്കുറിച്ചുള്ള രേഖകളൊന്നും കണ്ടെത്താനായില്ല. അവരെക്കുറിച്ച് മുമ്പ് കേട്ടിട്ടില്ലെന്ന് ഹുനാന്‍ ടി വിയിലെ ഒരു ഉദ്യോഗസ്ഥനും പ്രതികരിച്ചതായി റിപ്പോര്‍ട്ടിലുണ്ട്.
കോര്‍പറേറ്റ്-നിക്ഷേപ ബന്ധങ്ങള്‍
2023 മാര്‍ച്ചിലാണ് അലീസ് ഹുവാങ് സിംഗപ്പൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന 7റോഡ് ഇന്റര്‍നാഷണല്‍ എന്ന കമ്പനിയുടെ മാനേജിങ് ഡയറക്ടറായത്. ചൈനീസ് മൊബൈല്‍ ഗെയിമിങ് രംഗവുമായി ബന്ധമുള്ള സ്ഥാപനമായിരുന്നു ഇത്.
അവര്‍ കമ്പനിയില്‍ ചേര്‍ന്നതിനുശേഷം സ്ഥാപനത്തിന്റെ പേര് മെഗാസ്പീഡ് എന്നാക്കി മാറ്റി. കമ്പനിയുടെ ഉടമസ്ഥാവകാശം ഹുവാങ് ലെ ലിമിറ്റഡിലേക്ക് കൈമാറുകയും ചെയ്തു. പിന്നീട് നവംബറില്‍ പുതുതായി രൂപീകരിച്ച സ്വിഫ്റ്റ് ഡേറ്റ എന്ന സ്ഥാപനം കമ്പനിയുടെ നിയന്ത്രണം ഏറ്റെടുത്തു. അപ്പോഴേക്കും അലീസ് ഡയറക്ടര്‍ സ്ഥാനത്തുനിന്ന് രാജിവെച്ചിരുന്നു.
അലീസ് ഹുവാങിനെ ഷാങ്ഹായ് ഹെക്‌സി ഇന്‍വെസ്റ്റ്‌മെന്റ് മാനേജ്‌മെന്റ് എന്ന സ്ഥാപനവുമായും ബന്ധിപ്പിക്കുന്ന പ്രൊഫൈലുകള്‍ പുറത്തുവന്നിട്ടുണ്ട്. മൊബൈല്‍ ഗെയിമിങ് മേഖലയില്‍നിന്ന് എഐ ഡേറ്റാ സെന്റര്‍ വ്യവസായത്തിലേക്ക് നിക്ഷേപം വ്യാപിപ്പിച്ച ഷാങ്ഹായ്, സെജിയാങ് മേഖലകളിലെ നിക്ഷേപകരുടെ ശൃംഖലയെക്കുറിച്ച് ന്യൂയോര്‍ക്ക് ടൈംസ് നടത്തിയ അന്വേഷണത്തിലും ഈ ബന്ധം പരാമര്‍ശിക്കപ്പെട്ടു.
ചൈനയുടെ പ്രധാന സൈനിക കരാറുകാരിലൊന്നായ ചൈന ഇലക്ട്രോണിക്‌സ് ടെക്‌നോളജി ഗ്രൂപ്പ് കോര്‍പറേഷന്റെ സൈബര്‍ സുരക്ഷാ അനുബന്ധ സ്ഥാപനത്തില്‍ ഈ നിക്ഷേപക ശൃംഖലയ്ക്ക് ഓഹരി പങ്കാളിത്തമുണ്ടായിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ബിസിനസ് രംഗത്തെ നിക്ഷേപകരെ ഉദ്ധരിച്ച് പുറത്തുവന്ന വിവരങ്ങള്‍ പ്രകാരം, എന്‍വിഡിയ മേധാവിയുമായുള്ള അലീസിന്റെ ബന്ധം പ്രയോജനപ്പെടുത്തി അവര്‍ക്ക് ബന്ധമുള്ളവര്‍ നിക്ഷേപം സമാഹരിച്ചിരുന്നുവെന്നും ആരോപണമുണ്ട്.
ആരോപണങ്ങള്‍ തള്ളി ചൈനയും സിംഗപ്പൂരും
അലീസ് ഹുവാങിനെക്കുറിച്ചുള്ള ചാരബന്ധ ആരോപണങ്ങള്‍ ചൈനീസ് അധികൃതര്‍ പൂര്‍ണമായും നിഷേധിച്ചു.
അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ അലീസിനെ ചൈനീസ് ചാരശൃംഖലയുമായി ബന്ധമുള്ള വ്യക്തിയായി സംശയിക്കുന്നുവെന്നും എന്‍വിഡിയ മേധാവിയുമായി അടുപ്പം സ്ഥാപിക്കാന്‍ ശ്രമിച്ചുവെന്നും വാള്‍ സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. 2025ല്‍ അവരെ ചോദ്യം ചെയ്തശേഷം വിട്ടയച്ചതായും റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിരുന്നു.
എന്നാല്‍ ഈ വാര്‍ത്ത സിംഗപ്പൂരിന്റെ ആഭ്യന്തര മന്ത്രാലയം നിഷേധിച്ചു. ചാരപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് സിംഗപ്പൂര്‍ പൊലീസ് അലീസ് ഹുവാങിനെതിരെ അന്വേഷണം നടത്തിയിട്ടില്ലെന്നും രഹസ്യാന്വേഷണ ആവശ്യങ്ങള്‍ക്കായി അവരെ വിളിച്ചുവരുത്തി ചോദ്യം ചെയ്തിട്ടില്ലെന്നും മന്ത്രാലയം വ്യക്തമാക്കി.
അതേസമയം, മെഗാസ്പീഡുമായി ബന്ധപ്പെട്ട് കോര്‍പറേറ്റ് തട്ടിപ്പും വിതരണക്കാരെ തെറ്റിദ്ധരിപ്പിച്ചതും സംബന്ധിച്ച ആഭ്യന്തര അന്വേഷണം തുടരുകയാണെന്ന് സിംഗപ്പൂര്‍ അധികൃതര്‍ സ്ഥിരീകരിച്ചു.
അലീസ് ഹുവാങിന്റെ തൊഴില്‍ചരിത്രം, നിക്ഷേപബന്ധങ്ങള്‍, മെഗാസ്പീഡുമായുള്ള ഇടപാടുകള്‍, ജെന്‍സന്‍ ഹുവാങുമായുള്ള ബന്ധം എന്നിവയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരാനിരിക്കുന്നതേയുള്ളൂ. ആരോപണങ്ങള്‍ സ്ഥിരീകരിക്കപ്പെട്ടിട്ടില്ലെന്നും ചൈനയും സിംഗപ്പൂരും വ്യത്യസ്തമായ നിലപാടുകളാണ് സ്വീകരിച്ചിരിക്കുന്നതെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
