ന്യൂഡല്‍ഹി: ദീപാവലി ആഘോഷങ്ങള്‍ക്കിടെ രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ വായുമലിനീകരണം രൂക്ഷമായി. ഞായറാഴ്ച വൈകിട്ട് ഏഴിന് നഗരത്തിലെ വായുമലിനീകരണ സൂചികയായ എയര്‍ ക്വാളിറ്റി ഇന്‍ഡക്‌സ് (എക്യുഐ) 371 ആയി ഉയര്‍ന്നു. 'വളരെ മോശം' വിഭാഗത്തിലാണ് വായുനിലവാരം രേഖപ്പെടുത്തിയത്.
വൈകിട്ട് ഏഴിന് വിവരങ്ങള്‍ ലഭ്യമായ 59 വായുനിലവാര നിരീക്ഷണ കേന്ദ്രങ്ങളില്‍ 19 ഇടങ്ങളില്‍ മലിനീകരണം 'ഗുരുതര' വിഭാഗത്തിലായിരുന്നു. ഏഴ് കേന്ദ്രങ്ങളില്‍ 'മോശം' വിഭാഗത്തിലും ശേഷിക്കുന്ന 33 കേന്ദ്രങ്ങളില്‍ 'വളരെ മോശം' വിഭാഗത്തിലുമാണ് വായുനിലവാരം രേഖപ്പെടുത്തിയത്. ജഹാംഗീര്‍പുരിയിലാണ് ഏറ്റവും ഉയര്‍ന്ന എക്യുഐ രേഖപ്പെടുത്തിയത്. 460 ആയിരുന്നു ഇവിടുത്തെ സൂചിക.
ദിവസത്തെ ശരാശരി എക്യുഐ 376 ആയി ഉയര്‍ന്നു. ശനിയാഴ്ച ഇത് 369 ആയിരുന്നു. മലിനീകരണ തോത് തുടര്‍ച്ചയായി വര്‍ധിക്കുന്ന സാഹചര്യത്തില്‍ തിങ്കളാഴ്ച വായുനിലവാരം ഇനിയും മോശമാകുമെന്നാണ് വിലയിരുത്തല്‍.
ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി പടക്കങ്ങള്‍ പൊട്ടിക്കുന്നതും വാഹനങ്ങളില്‍നിന്നുള്ള പുകയും ഹരിയാന, പഞ്ചാബ് സംസ്ഥാനങ്ങളിലെ കൃഷിയിടങ്ങളില്‍ വൈക്കോല്‍ കത്തിക്കുന്നതുമാണ് മലിനീകരണം വര്‍ധിപ്പിക്കുന്ന പ്രധാന കാരണങ്ങളായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.
ശൈത്യകാലത്ത് വായുമലിനീകരണം നിയന്ത്രിക്കുന്നതിനും വരും മാസങ്ങളില്‍ വായുനിലവാരം മെച്ചപ്പെടുത്തുന്നതിനുമായി ഡല്‍ഹി- എന്‍ സി ആര്‍ മേഖലയില്‍ ഗ്രേഡഡ് റെസ്‌പോണ്‍സ് ആക്ഷന്‍ പ്ലാനിന്റെ മൂന്നാം ഘട്ടം വെള്ളിയാഴ്ച മുതല്‍ നടപ്പാക്കിയിരുന്നു.
വായുമലിനീകരണ സൂചിക 401 മുതല്‍ 500 വരെയുള്ള 'ഗുരുതര' വിഭാഗത്തിലെത്തുമ്പോഴാണ് സാധാരണയായി ഗ്രാപ് മൂന്നാം ഘട്ട നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത്. മലിനീകരണ തോത് കൂടുതല്‍ വഷളാകുന്നത് തടയുന്നതിനുള്ള മുന്‍കരുതല്‍ നടപടികളുടെ ഭാഗമാണിത്.
പുതിയ നിയന്ത്രണങ്ങളുടെ ഭാഗമായി അത്യാവശ്യമല്ലാത്ത നിര്‍മാണ- പൊളിക്കല്‍ പ്രവര്‍ത്തനങ്ങള്‍ നിരോധിച്ചിട്ടുണ്ട്. മണ്ണുപണി, പൈലിംഗ്, കുഴിയെടുക്കല്‍, റെഡി മിക്‌സ് കോണ്‍ക്രീറ്റ് പ്ലാന്റുകളുടെ തുറന്ന സ്ഥലങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ എന്നിവയ്ക്കും വിലക്കുണ്ട്.
