ന്യൂഡൽഹി: തന്റെ വരാനിരിക്കുന്ന ഓർമ്മക്കുറിപ്പ് പ്രസിദ്ധീകരണത്തിൽ നിന്ന് പെൻഗ്വിൻ ബുക്സ് പിന്മാറിയതിൽ ആദ്യമായി പ്രതികരിച്ച് സോണിയ ഗാന്ധി. കേന്ദ്ര സർക്കാരിനെതിരായ എഴുത്തിൽ പെൻഗ്വിൻ അസ്വസ്ഥരായിരുന്നു. തിരുത്തലിന് നിരന്തരം സമ്മർദം ചെലുത്തിയിരുന്നു എന്നും വഴങ്ങിയില്ലെന്നും വെളിപ്പെടുത്തൽ. ദ ഗാർഡിയനോടായിരുന്നു സോണിയയുടെ പ്രതികരണം.
പുസ്തകത്തിൽ കേന്ദ്ര സർക്കാരിനെതിരെ ഉന്നയിച്ചിട്ടുള്ള വിമർശനങ്ങളിൽ പ്രസാധകരായ പെൻഗ്വിൻ ബുക്സിന് ആശങ്കയുണ്ടായിരുന്നു. സർക്കാരിനെതിരായ വിമർശനങ്ങൾ ഉൾക്കൊള്ളാൻ പ്രസാധകർക്ക് മടിയുണ്ടായിരുന്നു. പുസ്തകം ഇന്ത്യയിൽ പ്രസിദ്ധീകരിക്കില്ലെന്ന അവരുടെ തീരുമാനം നിരാശാജനകമാണെങ്കിലും തന്നെ അത്ഭുതപ്പെടുത്തിയില്ലെന്നും അവർ പറഞ്ഞു. ഇതൊരു സെൻസർഷിപ്പ് ശ്രമമായാണ് താൻ കാണുന്നതെന്നും സോണിയ കൂട്ടിച്ചേർത്തു.
സോണിയ ഗാന്ധിയുടെ വരാനിരിക്കുന്ന ഓർമ്മക്കുറിപ്പായ ‘ബിലോങ്ങിങ്: എ ജേർണി ഓഫ് ലവ്’ (Belonging: A Journey of Love) എന്ന പുസ്തകം ഈ വരുന്ന ചൊവ്വാഴ്ചയാണ് പുറത്തിറങ്ങാൻ പോകുന്നത്. അതിന് മുൻപ് തന്നെ പുസ്തകത്തിലെ ഓരോ വിഷയങ്ങളും വലിയ രീതിയിൽ വിവാദമായിരുന്നു.ആദ്യഘട്ടത്തിൽ പുസ്തകം പുറത്തിറക്കാനിരുന്നത് പെൻഗ്വിൻ റാൻഡം ഹൌസ് ഓഫ് ഇന്ത്യ ആയിരുന്നു. എന്നാൽ അപ്രതീക്ഷിതമായിട്ടായിരുന്നു പുസ്തക പ്രസിദ്ധീകരണത്തിൽ നിന്ന് ഇവരുടെ പിന്മാറ്റം.
പെൻഗ്വിൻ്റെ പിന്മാറ്റത്തിൽ തനിക്ക് നിരാശയുണ്ടെങ്കിലും അത്ഭുതമൊന്നും തോന്നിയില്ലെന്നും പുസ്തകം സെൻസർ ചെയ്യാനുള്ള ഒരു ശ്രമമായാണ് ഇതിനെ കാണുന്നതെന്നും സോണിയ ഗാന്ധി പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആർഎസ്എസ്, ചൈനീസ് കടന്നുകയറ്റം എന്നിവയെ പരാമർശിക്കുന്ന ഭാഗങ്ങളെച്ചൊല്ലിയുള്ള അഭിപ്രായവ്യത്യാസങ്ങളാണ് പെൻഗ്വിൻ്റെ പിന്മാറ്റത്തിന് കാരണമായതെന്ന സൂചനകൾ പുറത്തുവന്നിരുന്നു. പെൻഗ്വിൻ ഇന്ത്യ പിന്മാറിയതിനെ തുടർന്ന് ഹാർപ്പർ കോളിൻസ് ഇന്ത്യ (HarperCollins India) പുസ്തകത്തിന്റെ ഇന്ത്യൻ പതിപ്പിന്റെ പ്രസിദ്ധീകരണാവകാശം ഏറ്റെടുത്തു. 2026 നവംബർ 10-ന് പുസ്തകം ഇന്ത്യയിലും ആഗോളതലത്തിലും ഒരേസമയം പുറത്തിറങ്ങും.
തുടക്കത്തിൽ ഈ പുസ്തകം പ്രസിദ്ധീകരിക്കാൻ ‘പെൻഗ്വിൻ റാൻഡം ഹൗസ് ഇന്ത്യ’ (PRHI) താൽപ്പര്യം പ്രകടിപ്പിച്ചിരുന്നെങ്കിലും, പിന്നീട് ഇന്ത്യൻ വിപണിയിലെ പ്രസിദ്ധീകരണ അവകാശം ഏറ്റെടുക്കേണ്ടെന്ന് അവർ തീരുമാനിക്കുകയായിരുന്നു. രാജീവ് ഗാന്ധിയുമായുള്ള പ്രണയം മാത്രമല്ല പുസ്തകത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. രാജ്യത്തിന്റെ നിരവധി കാര്യങ്ങളിൽ കോൺഗ്രസ് എടുത്ത വളരെ നിർണായകമായ തീരുമാനങ്ങൾ അടക്കം പുസ്തകത്തിൽ ഉണ്ട്.
ഈ ആത്മകഥയിൽ 1975-ലെ അടിയന്തരാവസ്ഥ പ്രഖ്യാപനം ഇന്ദിരാ ഗാന്ധിക്ക് പറ്റിയ തെറ്റായിരുന്നു എന്ന് സോണിയ ഗാന്ധി വിശേഷിപ്പിച്ചിട്ടുള്ളതായി റിപ്പോർട്ടുകളുണ്ട്. അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നതിനെ രാജീവ് ഗാന്ധി എതിർത്തിരുന്നതായും പുസ്തകത്തിൽ വ്യക്തമാക്കുന്നു. അതേസമയം, കഴിഞ്ഞ 12 വർഷത്തെ മോദി ഭരണത്തിൽ ഇന്ത്യയുടെ മതനിരപേക്ഷ സ്വഭാവത്തിന് കോട്ടം തട്ടിയെന്നും പാർലമെന്റിൽ പ്രതിപക്ഷത്തിന് ചർച്ചകൾക്കുള്ള അവസരം നിഷേധിക്കപ്പെടുന്നുവെന്നും സോണിയ ഗാന്ധി അഭിമുഖത്തിൽ കുറ്റപ്പെടുത്തി. എന്നാൽ, അടിയന്തരാവസ്ഥയും കോൺഗ്രസിന്റെ ജനാധിപത്യ വിരുദ്ധ ചരിത്രവും ചൂണ്ടിക്കാട്ടി ബി.ജെ.പി ഇതിനെതിരെ ശക്തമായ രാഷ്ട്രീയ പ്രതികരണവുമായി രംഗത്തെത്തിയിട്ടുണ്ട്.
കേന്ദ്ര സർക്കാരിനെതിരായ എഴുത്തിൽ പെൻഗ്വിൻ ബുക്സ് അസ്വസ്ഥരായിരുന്നു; ആത്മകഥ വിവാദത്തിൽ മൗനം വെടിഞ്ഞ് സോണിയ ഗാന്ധി
