തിരുവനന്തപുരം. യുഡിഎഫ് സർക്കാരിൻ്റെ പുതിയ മദ്യനയം പ്രഖ്യാപിക്കും വരെ ബാറുകൾക്ക് പുതിയ ലൈസൻസ് നൽകരുതെന്ന് ഉത്തരവിറക്കി എക്സൈസ് വകുപ്പ്. സർക്കാർ നിർദ്ദേശപ്രകാരമാണ് എക്സൈസ് കമ്മീഷണറുടെ ചുമതല വഹിക്കുന്ന അഡി. എക്സൈസ് കമ്മീഷണർ സർക്കുലർ നൽകിയത്. ഇതുസംബന്ധിച്ച് എല്ലാ ഡിവിഷനുകളിലെയും ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർമാർക്ക് എക്സൈസ് കമ്മീഷണർ (എൻഫോഴ്സ്മെന്റ്) ആർ. ജയശങ്കർ ഔദ്യോഗിക നിർദ്ദേശം അയച്ചു.
നവംബർ 3, ആഗസ്റ്റ് 4 തീയതികളിൽ സർക്കാർ പുറപ്പെടുവിച്ച നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് നടപടി. മദ്യവ്യാപാരം ഉൾപ്പെടെ വിവിധ ബിസിനസുകൾക്കായുള്ള ലൈസൻസുകൾ നൽകുന്നതുമായി ബന്ധപ്പെട്ടാണ് ഈ ഉത്തരവുകൾ. നിലവിൽ സമർപ്പിച്ചിട്ടുള്ള അപേക്ഷകളിൽ പുതിയ നയം രൂപീകരിച്ച ശേഷം ആവശ്യമായ ഭേദഗതികളോടെ വീണ്ടും അപേക്ഷ സമർപ്പിക്കാൻ അപേക്ഷകരോട് ആവശ്യപ്പെടാൻ നിർദ്ദേശത്തിൽ പറയുന്നു. നയം വരുന്നതുവരെ പുതിയ ലൈസൻസുകളുമായി ബന്ധപ്പെട്ട ഒരു നടപടിയും ആരംഭിക്കരുതെന്നാണ് ഉദ്യോഗസ്ഥർക്ക് നൽകിയിരിക്കുന്ന നിർദ്ദേശം.
മുൻ എക്സൈസ് കമ്മീഷണർ ശ്രീറാം സാംബശിവ റാവുവിനെ മാറ്റിയതിനെത്തുടർന്നാണ് ആർ. ജയശങ്കറിന് എക്സൈസ് കമ്മീഷണറുടെ അധിക ചുമതല നൽകിയത്. എറണാകുളം, കോട്ടയം ജില്ലകളിൽ മുൻ സർക്കാരിന്റെ കാലത്ത് ചില ബാറുകൾക്ക് ലൈസൻസ് നൽകിയതുമായി ബന്ധപ്പെട്ട് എക്സൈസ് മന്ത്രി എം. ലിജു അതൃപ്തി പ്രകടിപ്പിച്ചിരുന്നു. ചാലക്കുടിയിലെ ഒരു ബേക്കറി ശൃംഖലയ്ക്ക് ഹോർട്ടി വൈൻ വിൽക്കാൻ അനുമതി നൽകിയതിനെതിരെയും മന്ത്രി രംഗത്തുവന്നിരുന്നു. ഈ പശ്ചാത്തലത്തിൽ കൂടിയാണ് ലൈസൻസുകൾ നൽകുന്നതിൽ സർക്കാർ കർശന നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. ഈ മാസാവസാനത്തോടെ സർക്കാരിന്റെ പുതിയ മദ്യനയം പ്രഖ്യാപിക്കുമെന്നാണ് മന്ത്രി അറിയിച്ചിട്ടുള്ളത്.
ലൈസൻസുകൾ അനുവദിച്ചത് വിവാദമായതോടെ എക്സൈസ് കമ്മീഷറുടെ സ്ഥാനമാറ്റത്തിനും രണ്ട് ഉദ്യോഗസ്ഥരുടെ സസ്പെൻഷനിലേക്കും എത്തിയിരുന്നു. നിലവിലുള്ള ചട്ടപ്രകാരമാണ് ഉദ്യോഗസ്ഥർ ബാറിന് ലൈസൻസ് നൽകിയതെന്നാണ് പുറത്താക്കപ്പെട്ട എക്സൈസ് കമ്മീഷണർ സീറാം സാമ്പശിവറാവു വ്യക്തമാക്കിയത്. സസ്പെൻ്റ് ചെയ്ത രണ്ട് ഡെപ്യൂട്ടി കമ്മീഷണർമാരുടെ വാദവും ഇതാണ്. പുതിയ നയം വന്നതിന് ശേഷമേ ലൈസൻസ് നൽകാവൂവെന്ന് നിർദ്ദേശിച്ചിരുന്നതായി എക്സൈസ് മന്ത്രി എം ലിജുവും വ്യക്തമാക്കിയിരുന്നുവെങ്കിലും രേഖാമൂലം നിർദ്ദേശിച്ചിരുന്നില്ല.
വിവാദത്തിന് പിന്നാലെ പുതിയ ലൈസൻസിന് അപേക്ഷ വന്നപ്പോൾ നയത്തിന് ശേഷം മതിയെന്ന് അന്നത്തെ നികുതി വകുപ്പിൻ്റെ ചുമതല ഉണ്ടായിരുന്ന അഡീ. ചീഫ് സെക്രട്ടറി കെ ആർ ജ്യോതിലാൽ അറിയിച്ചു. മാത്രമല്ല ഹൈക്കോടതിയിൽ നയം ഉടൻ രൂപീകരിക്കണമെന്ന് നിർദ്ദേശിച്ചിട്ടുണ്ട്. നീട്ടിക്കൊണ്ട് പോകാനാകില്ലെന്നും ഈ മാസം മുപ്പതിനകം നയം വരണമെന്നാണ് കോടതി നിർദ്ദേശം. നിലവിൽ ഇരുപത്തിയൊന്നിലധികം അപേക്ഷകൾ സർക്കാരിന് മുന്നിലുണ്ട്. കൃത്യമായ ഉത്തരവ് നൽകാതെ ഉദ്യോഗസ്ഥരെ ബലിയാടാക്കുന്നുവെന്ന് പ്രതിപക്ഷവും ആരോപണം ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ സർക്കുലർ.
പുതിയ നയം വരുന്നത് വരെ ബാർ ലൈസൻസ് നൽകരുത്, ഒടുവിൽ ഉത്തരവിറക്കി എക്സൈസ് വകുപ്പ്
