പാരിസ്: ഫ്രാൻസിൽ 2027-ൽ നടക്കാനിരിക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ തീവ്ര-ഇടതുപക്ഷ നേതാവും ഫ്രാൻസ് അൺബൗഡ് (LFI) സ്ഥാനാർത്ഥിയുമായ ജീൻ-ലൂക്ക് മെലൻഷോൺ ഔദ്യോഗിക രാഷ്ട്രീയ പ്രകടനപത്രിക പുറത്തിറക്കി. 'അവനീർ' (Shared Future) എന്ന് പേരിട്ടിരിക്കുന്ന ഈ മാനിഫെസ്റ്റോയിലൂടെ നിലവിലെ പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന്റെ പ്രധാന സാമ്പത്തിക പരിഷ്കാരങ്ങൾ റദ്ദാക്കുമെന്ന വാഗ്ദാനമാണ് അദ്ദേഹം മുന്നോട്ട് വെക്കുന്നത്.
പ്രധാന നിർദ്ദേശങ്ങൾ ഇവയാണ്:
- വിരമിക്കൽ പ്രായം 64-ൽ നിന്ന് 60-ആയി കുറയ്ക്കും: മാക്രോൺ സർക്കാർ വിരമിക്കൽ പ്രായം 62-ൽ നിന്ന് 64 ആക്കി ഉയർത്തിയ പരിഷ്കാരം റദ്ദാക്കും. പെൻഷൻ സംവിധാനത്തിലേക്ക് 40 വർഷം സംഭാവന നൽകിയവർക്ക് വിരമിക്കൽ പ്രായം 60 വയസ്സായി പുനഃസ്ഥാപിക്കും.
- മിനിമം വേതനം വർദ്ധിപ്പിക്കും: നിലവിലുള്ള പ്രതിമാസ അറ്റ മിനിമം വേതനം (Minimum Wage) ഏകദേശം 1,480 യൂറോയിൽ നിന്ന് 1,700 യൂറോയായി വർദ്ധിപ്പിക്കും
- പെൻഷൻ തുക വർദ്ധിപ്പിക്കും
- ആഴ്ചയിലെ തൊഴിൽ സമയം 32 മണിക്കൂറായി കുറയ്ക്കും
- ചികിത്സാ ചെലവുകൾ പൂർണ്ണമായും (100%) വഹിക്കുന്ന ദേശീയ ആരോഗ്യ ഇൻഷുറൻസ് നടപ്പിലാക്കും
- ഭവന ആനുകൂല്യങ്ങൾ 10% വർദ്ധിപ്പിക്കും
- അവശ്യസാധനങ്ങളിൽ ചിലവയുടെ വില നിയന്ത്രിക്കും
- വിദ്യാർത്ഥികൾക്ക് 1 യൂറോയ്ക്ക് ഭക്ഷണം ലഭ്യമാക്കും
- ആണവോർജ്ജം നിരോധിക്കുക: ആണവോർജ്ജം ഘട്ടംഘട്ടമായി നിർത്തലാക്കി രാജ്യം പൂർണ്ണമായും പുനരുപയോഗ ഊർജ്ജത്തിലേക്ക് (Renewable Energy) മാറും. പുതിയ തലമുറ EPR2 റിയാക്ടർ പദ്ധതികൾ റദ്ദാക്കും
- നികുതി പരിഷ്കാരം: അതിസമ്പന്നരായ കുടുംബങ്ങളുടെ നികുതി വർദ്ധിപ്പിക്കുകയും ക്യാപിറ്റൽ വരുമാനത്തിന്മേലുള്ള ഫ്ലാറ്റ് ടാക്സ് നിർത്തലാക്കുകയും ചെയ്യും.
നാറ്റോ (NATO) സഖ്യത്തിൽ നിന്ന് ഫ്രാൻസിനെ ഘട്ടംഘട്ടമായി പിൻവലിക്കും. യൂറോപ്യൻ യൂണിയന്റെ സാമ്പത്തിക നയങ്ങളിൽ ജർമ്മനിക്കുള്ള അമിത സ്വാധീനത്തെയും പ്രകടനപത്രിക വിമർശിക്കുന്നു
നിലവിലെ സാഹചര്യത്തിൽ ഇടതുപക്ഷ ചേരിയിലെ ഏറ്റവും ശക്തനായ സ്ഥാനാർത്ഥി 75-കാരനായ മെലൻഷോൺ തന്നെയാണ്. മറൈൻ ലെ പെന്നിന്റെ പാർട്ടി കഴിഞ്ഞാൽ ഫ്രാൻസിലെ രണ്ടാമത്തെ വലിയ പാർട്ടിയാണ് ജീൻ-ലൂക്ക് മെലൻഷോണിന്റേത്. 2026 നവംബർ ആദ്യവാരത്തിലെ സർവേ ഫലങ്ങൾ സൂചിപ്പിക്കുന്നത്, വരാനിരിക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ ആദ്യ റൗണ്ടിൽ നിന്ന് രണ്ടാം റൗണ്ടിലേക്ക് മുന്നേറാൻ അദ്ദേഹത്തിന് സാധ്യതയുണ്ട്. അങ്ങനെ സംഭവിച്ചാൽ രണ്ടാം റൗണ്ടിൽ അദ്ദേഹം മറൈൻ ലെ പെന്നുമായി ഏറ്റുമുട്ടും. രണ്ടാം റൗണ്ടിൽ വിജയിക്കുന്ന വ്യക്തി ഫ്രാൻസിന്റെ പ്രസിഡന്റായിത്തീരും.
ഫ്രഞ്ച് പ്രസിഡന്റ് തിരഞ്ഞെടുപ്പ്: രാഷ്ട്രീയ പ്രകടനപത്രികയുമായി തീവ്ര-ഇടതുപക്ഷ സ്ഥാനാർത്ഥി ജീൻ-ലൂക്ക് മെലൻഷോൺ; വിരമിക്കൽ പ്രായം കുറയ്ക്കും, പെൻഷൻ തുക വർദ്ധിപ്പിക്കും
