വാഷിംഗ്ടണ്‍: യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അപ്രതീക്ഷിത നീക്കം. അള്‍ട്ടിമേറ്റ് ഫൈറ്റിങ് ചാമ്പ്യന്‍ഷിപ്പ് (യു എഫ് സി) മേധാവി ഡാനാ വൈറ്റിനെ വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറിയാകാന്‍ പരസ്യമായി ക്ഷണിച്ച് ട്രംപ്. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിലൂടെയായിരുന്നു പ്രസിഡന്റിന്റെ വാഗ്ദാനം.
'ഡാനാ മറ്റാരെയും പോലെയല്ലാത്ത പ്രസ് സെക്രട്ടറിയായിരിക്കും. ഡാനാ, ദയവായി ഈ ജോലി ഏറ്റെടുക്കൂ' എന്നായിരുന്നു ട്രംപിന്റെ കുറിപ്പ്. എന്നാല്‍ ഈ ക്ഷണം ഗൗരവത്തോടെയാണോ അതോ തമാശരൂപത്തിലാണോ ട്രംപ് മുന്നോട്ടുവെച്ചതെന്ന് വ്യക്തമല്ല. പിന്നീട് പ്രതികരിച്ച ഡാനാ വൈറ്റ്, 'എനിക്ക് ഇപ്പോള്‍ത്തന്നെ നിരവധി ജോലികളുണ്ട്' എന്നായിരുന്നു പറഞ്ഞത്.
കേറ്റി സക്കറിയ ചുമതലയേറ്റതിന് പിന്നാലെ ഒക്ടോബര്‍ പകുതിയോടെ സ്ഥാനം ഒഴിഞ്ഞതിനെത്തുടര്‍ന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി പദവി ഒഴിഞ്ഞുകിടക്കുകയാണ്. അമേരിക്കന്‍ ഇടക്കാല തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് കനത്ത തിരിച്ചടി നേരിടുകയും കോണ്‍ഗ്രസിലെ ഭൂരിപക്ഷം നഷ്ടപ്പെടുകയും ചെയ്തതിന് പിന്നാലെയാണ് ട്രംപിന്റെ പ്രഖ്യാപനം.
ഡാനാ വൈറ്റിനെ പോരാട്ടവീര്യമുള്ള യോദ്ധാവായാണ് ട്രംപ് വിശേഷിപ്പിച്ചത്. യു എഫ്സിയിലെ പ്രമുഖ പോരാളികളെയും അദ്ദേഹത്തോടൊപ്പം വൈറ്റ് ഹൗസിലേക്ക് കൊണ്ടുവരണമെന്നും പ്രസിഡന്റ് നിര്‍ദേശിച്ചു. അവരില്‍ ചിലര്‍ അമേരിക്കക്കാരല്ലെന്ന കാര്യവും ട്രംപ് പരാമര്‍ശിച്ചു.
'ഭ്രാന്തുപിടിച്ച ഇടതുപക്ഷത്തിനെതിരെ നമ്മെ സംരക്ഷിക്കാന്‍ ഈ ആളുകളെ ആവശ്യമുണ്ട്' എന്നായിരുന്നു ആറ് പോരാളികളുടെ ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ടുള്ള ട്രംപിന്റെ കുറിപ്പ്.
ട്രംപിന്റെ പോസ്റ്റിന് പിന്നാലെ വൈറ്റ് ഹൗസിലെ മാധ്യമസമ്മേളന ഹാളില്‍ പ്രസ് സെക്രട്ടറിയുടെ പ്രസംഗപീഠത്തിന് പിന്നില്‍ നില്ക്കുന്ന ചിത്രം ഡാനാ വൈറ്റ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചു. 'അടുത്ത അധ്യായത്തിലേക്ക്' എന്ന അടിക്കുറിപ്പും നല്കി. എന്നാല്‍ ഇത് തമാശയ്ക്കായുള്ള പോസ്റ്റായിരുന്നോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.
ട്രംപിന്റെ നിര്‍ദേശത്തെ വൈറ്റ് ഹൗസ് കമ്മ്യൂണിക്കേഷന്‍സ് ഡയറക്ടര്‍ സ്റ്റീവന്‍ ച്യൂങും പിന്തുണച്ചു. ട്രംപിന്റെ പോസ്റ്റ് പങ്കുവെച്ചുകൊണ്ട് 'തീര്‍ച്ചയായും! ഡാനാ വൈറ്റ്, ഈ ജോലി ഏറ്റെടുക്കൂ' എന്നായിരുന്നു എക്സിലെ അദ്ദേഹത്തിന്റെ പ്രതികരണം.
ലണ്ടനിലെ കോപ്പര്‍ ബോക്സ് അരീനയില്‍ നടന്ന ബോക്സിങ് മത്സരം കാണാനെത്തിയതായിരുന്നു ഡാനാ വൈറ്റ്. മുന്‍ ബ്രിട്ടീഷ് ലോകചാമ്പ്യന് ക്രിസ് ബില്ലം- സ്മിത്തും ജമൈക്കന്‍ വംശജനായ ബ്രിട്ടീഷ് താരം ഷെവോണ്‍ ക്ലാര്‍ക്കും തമ്മിലായിരുന്നു മത്സരം.
മത്സരശേഷമുള്ള വാര്‍ത്താസമ്മേളനത്തില്‍ ട്രംപിന്റെ വാഗ്ദാനത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ തിങ്കളാഴ്ച പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്താന്‍ വാഷിംഗ്ടണിലേക്ക് പോകുമെന്ന് വൈറ്റ് പറഞ്ഞു. 'അതിനു ശേഷം സംസാരിക്കാന്‍ എന്തെങ്കിലുമൊക്കെ ഉണ്ടാകുമെന്ന് ഉറപ്പാണ്' എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. അമേരിക്കന്‍ രാഷ്ട്രീയത്തിലെ ഏറ്റവും തിരക്കേറിയ പദവികളിലൊന്നായ പ്രസ് സെക്രട്ടറി സ്ഥാനം ഏറ്റെടുക്കുമോയെന്ന കാര്യത്തില്‍ അദ്ദേഹം വ്യക്തമായ മറുപടി നല്‍കിയില്ല.
അതേസമയം, ഡാനാ വൈറ്റ് ഈ നിര്‍ദേശം നിരസിച്ചതായി വിഷയവുമായി ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് സി എന്‍ എന്‍ റിപ്പോര്‍ട്ട് ചെയ്തു. യു എഫ് സിയുടെ പ്രവര്‍ത്തനങ്ങള്‍ക്കു പുറമെ മറ്റ് നിരവധി ചുമതലകളും അദ്ദേഹത്തിനുണ്ട്. യു എഫ് സിക്കും നിയന്ത്രിത സ്ലാപ് ഫൈറ്റിങ് മത്സരവേദിയായ പവര്‍ സ്ലാപ്പിനും നേതൃത്വം നല്‍കുന്നതിനൊപ്പം അടുത്തിടെ സഫ്ഫ ബോക്സിങ് എന്ന പ്രൊഫഷണല്‍ ബോക്സിങ് പ്രമോഷന് കമ്പനിയും അദ്ദേഹം ആരംഭിച്ചിരുന്നു.
കഴിഞ്ഞ വര്‍ഷം ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, വാട്സ്ആപ്പ് എന്നിവയുടെ മാതൃകമ്പനിയായ മെറ്റയുടെ പുതിയ ബോര്‍ഡ് അംഗങ്ങളില്‍ ഒരാളായും ഡാനാ വൈറ്റിനെ പ്രഖ്യാപിച്ചിരുന്നു. മൂന്ന് പുതിയ ബോര്‍ഡ് അംഗങ്ങളില്‍ ഒരാളായിരുന്നു അദ്ദേഹം.
പ്രതിഷേധാത്മകവും ഏറ്റുമുട്ടല്‍ സ്വഭാവമുള്ളതുമായ നിലപാടുകള്‍ക്ക് പേരുകേട്ട ഡാനാ വൈറ്റ് കായിക മാധ്യമ പ്രവര്‍ത്തകരുമായി പലപ്പോഴും വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടിട്ടുണ്ട്. 2020-ല്‍ കോവിഡ് മഹാമാരിക്കിടയിലും യു എഫ് സി മത്സരങ്ങള്‍ സംഘടിപ്പിക്കാനുള്ള തീരുമാനത്തെ ചോദ്യം ചെയ്ത മാധ്യമ പ്രവര്‍ത്തകരെ വിമര്‍ശിച്ച് അദ്ദേഹം വീഡിയോ പുറത്തുവിട്ടിരുന്നു. 2009-ല്‍ യു എഫ് സി മത്സരങ്ങളിലെ ബാക്ക്സ്റ്റേജ് പ്രവേശനാനുമതിയുമായി ബന്ധപ്പെട്ട മാറ്റങ്ങളെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്ത മാധ്യമ പ്രവര്‍ത്തകനെ അധിക്ഷേപിക്കുന്ന തരത്തിലുള്ള അസഭ്യവും സ്വവര്‍ഗാനുരാഗികള്‍ക്കെതിരായ അധിക്ഷേപപദവും ഉള്‍പ്പെട്ട വീഡിയോയും അദ്ദേഹം പുറത്തുവിട്ടിരുന്നു.
ഡൊണാള്‍ഡ് ട്രംപുമായി ദീര്‍ഘകാല സൗഹൃദവും രാഷ്ട്രീയ അടുപ്പവുമുള്ള വ്യക്തിയാണ് ഡാനാ വൈറ്റ്. 2001-ല്‍ ബിസിനസ് പങ്കാളികള്‍ക്കൊപ്പം പ്രതിസന്ധിയിലായിരുന്ന യു എഫ് സി സംഘടന വെറും 20 ലക്ഷം ഡോളറിന് ഏറ്റെടുത്തതോടെയാണ് അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള പുതിയ അധ്യായം ആരംഭിച്ചത്.
അക്കാലത്ത് അമേരിക്കയില്‍ മിക്സഡ് മാര്‍ഷ്യല്‍ ആര്‍ട്സിന്റെ ഭാവി അനിശ്ചിതത്വത്തിലായിരുന്നു. 1996-ല്‍ റിപ്പബ്ലിക്കന്‍ സെനറ്റര്‍ ജോണ്‍ മക്കെയ്ന് ഈ കായികവിനോദത്തെ 'മനുഷ്യര്‍ തമ്മിലുള്ള കോഴിപ്പോര്' എന്ന് വിശേഷിപ്പിച്ചിരുന്നു. ഇതേത്തുടര്‍ന്ന് അമേരിക്കയിലെ 36 സംസ്ഥാനങ്ങളില്‍ യു എഫ് സി മത്സരങ്ങള്‍ക്ക് നിരോധനവും ഏര്‍പ്പെടുത്തിയിരുന്നു.
'യു എഫ് സിക്ക് മത്സരങ്ങള്‍ നടത്താന്‍ വേദികള്‍ ലഭിച്ചിരുന്നില്ല. ഈ കായികവിനോദത്തില്‍ ആളുകള്‍ക്ക് വിശ്വാസമില്ലായിരുന്നു. അതിനെ അവര്‍ ഇഷ്ടപ്പെട്ടിരുന്നില്ല. ഇത്തരം മത്സരങ്ങള്‍ കാണാന്‍ എത്തുന്ന ജനക്കൂട്ടത്തെക്കുറിച്ചും അവര്‍ക്ക് ആശങ്കയുണ്ടായിരുന്നു' എന്ന് 2025-ല്‍ ഡാനാ വൈറ്റ് പറഞ്ഞിരുന്നു.
പ്രമുഖ വേദികള്‍ മത്സരങ്ങള്‍ നടത്താന്‍ വിസമ്മതിച്ചിരുന്ന കാലത്ത് ന്യൂജേഴ്സിയിലെ അറ്റ്ലാന്റിക് സിറ്റിയിലുള്ള ട്രംപ് താജ്മഹല്‍ കാസിനോയില്‍ രണ്ട് മത്സരങ്ങള്‍ നടത്താന്‍ അവസരം നല്‍കിയതാണ് യു എഫ് സിയെ രക്ഷിക്കാന്‍ സഹായിച്ചതെന്ന് വൈറ്റ് പിന്നീട് ട്രംപിനെക്കുറിച്ച് വ്യക്തമാക്കിയിരുന്നു.
തുടര്‍ന്ന് 2016, 2020, 2024 വര്‍ഷങ്ങളിലെ റിപ്പബ്ലിക്കന്‍ ദേശീയ കണ്‍വെന്‍ഷനുകളില്‍ ട്രംപിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളില്‍ ഡാനാ വൈറ്റ് പ്രസംഗകനായും പങ്കെടുത്തു. ഈ വര്‍ഷം വേനല്‍ക്കാലത്ത് വൈറ്റ് ഹൗസിന്റെ പുല്‍ത്തകിടിയില്‍ യു എഫ് സി കേജ് ഫൈറ്റിങ് മത്സരവും സംഘടിപ്പിച്ചിരുന്നു.
