`ജന്തർമന്തർ അറ്റ് കൊച്ചി' : 'രാജ്യത്ത് നിഷ്‌പക്ഷമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കണം, അതുവരെ പോരാട്ടം തുടരും':അഭിജീത് ദിപ്‌കെ

`ജന്തർമന്തർ അറ്റ് കൊച്ചി' : 'രാജ്യത്ത് നിഷ്‌പക്ഷമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കണം, അതുവരെ പോരാട്ടം തുടരും':അഭിജീത് ദിപ്‌കെ


എറണാകുളം: രാജ്യത്ത് സ്വതന്ത്രവും നിഷ്‌പക്ഷവുമായ തെരഞ്ഞെടുപ്പ് സംവിധാനം ഉറപ്പാക്കും വരെ ചീഫ് ഇലക്ഷൻ കമ്മിഷണർ ഗ്യാനേഷ് കുമാറിനെതിരെയുള്ള പോരാട്ടം തുടരുമെന്ന് സിജെപി സ്ഥാപകൻ അഭിജീത് ദിപ്‌കെ പറഞ്ഞു. നിലവിലെ കമ്മിഷന്‍റെ കീഴിൽ നടക്കുന്ന തെരഞ്ഞെടുപ്പുകളെ വിശ്വസിക്കാൻ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു. എസ്‌ഐആര്‍ നടപടികൾക്കും ഗ്യാനേഷ് കുമാറിനുമെതിരെ സിജെപി സംഘടിപ്പിച്ച 'ജന്തർ മന്തർ അറ്റ് കൊച്ചി' എന്ന പ്രതിഷേധ പരിപാടിയിൽ പങ്കെടുക്കാൻ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയപ്പോള്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ദിപ്‌കെ.

ഗ്യാനേഷ്‌ കുമാറിനെതിരെയുള്ള പോരാട്ടം വളരെ അനിവാര്യമാണ്. കാരണം ഗ്യാനേഷ് കുമാറിന്‍റെ കീഴിൽ നടക്കുന്ന തെരഞ്ഞെടുപ്പുകളെ വിശ്വസിക്കാൻ കഴിയില്ല. ഒരു പ്രത്യേക പാർട്ടിയെ സഹായിക്കാൻ വേണ്ടി മാത്രം തെരഞ്ഞെടുപ്പുകൾ അട്ടിമറിക്കപ്പെടുകയാണ്. ഇതിന് ധാരാളം ഉദാഹരണങ്ങൾ നമ്മൾ കണ്ടിട്ടുള്ളതാണെന്നും ദിപ്‌കെ പറഞ്ഞു. കേരളത്തിലാണ് ഏറ്റവും കൂടുതൽ സിജെപി അംഗങ്ങൾ രജിസ്റ്റർ ചെയ്‌തിട്ടുള്ളതെന്ന് അവകാശപ്പെട്ട ദിപ്‌കെ പ്രതിഷേധ പരിപാടിയിൽ ധാരാളം യുവാക്കൾ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായും പറഞ്ഞു. "കേരളത്തിലെ യുവജനത ഇന്ന് വലിയ തോതിൽ പുറത്തുവരുമെന്ന് എനിക്ക് ഉറപ്പുണ്ട്. ഞങ്ങളുടെ കണക്ക് പ്രകാരം ഏറ്റവും കൂടുതൽ സിജെപി അംഗങ്ങൾ രജിസ്റ്റർ ചെയ്‌തിട്ടുള്ളത് കേരളത്തിൽ നിന്നാണെന്ന് എനിക്ക് തീർച്ചയായും പറയാൻ കഴിയും" അദ്ദേഹം പറഞ്ഞു.

റാലിയില്‍ വന്‍ ജനപങ്കാളിത്തം

എസ്ഐആർ പിൻവലിക്കണമെന്നാവശ്യപ്പെട്ട് 'ജന്തർ മന്തർ അറ്റ് കൊച്ചി' എന്ന പ്രചാരണ പരിപാടിയുടെ ഭാഗമായി സിജെപി കൊച്ചി മറൈൻ ഡ്രൈവിൽ പ്രതിഷേധ റാലി നടത്തി. ഏകദേശം 500ഓളം പ്രവർത്തകർ റാലിയിൽ പങ്കെടുത്തതായി സംഘാടകർ അറിയിച്ചു. നടൻ പ്രകാശ് രാജ് നയിച്ച റാലിയിൽ മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കണമെന്നും ആവശ്യമുയർന്നു. ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്‍റ് ചിന്ത ജെറോമും റാലിയിൽ പങ്കെടുത്തു. പങ്കെടുത്തവർ ദേശീയ പതാകകൾ ഏന്തുകയും മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർക്കെതിരെ മുദ്രാവാക്യങ്ങൾ വിളിക്കുകയും ചെയ്‌തു. രാജേന്ദ്ര മൈതാനത്ത് സമാപിക്കുന്ന റാലിയെത്തുടർന്ന് അവിടെ നടക്കുന്ന പ്രതിഷേധ യോഗത്തില്‍ അഭിഷേക്‌ ദിപ്‌കെ പങ്കെടുക്കും.  

മറൈൻ ഡ്രൈവിൽ നിന്ന് ആരംഭിക്കുന്ന റാലിയോടെയാണ് പ്രതിഷേധത്തിന് തുടക്കമായത്. പ്രതിഷേധ സദസ്സ് വൈകുന്നേരം 4 മണിയ്ക്ക് രാജേന്ദ്ര മൈതാനത്ത് നടക്കും. ജെ.എൻ.യു.എസ്‌.യു ജോയിന്റ് സെക്രട്ടറിയും ഐസ നേതാവുമായ ഡാനിഷ് അലി, എം.എസ്.എഫ് ദേശീയ പ്രസിഡന്റ് അഹമ്മദ് സാജു, എ.ഐ.എസ്.എഫ് ദേശീയ പ്രസിഡന്റ് വിരാജ് ദേവാങ്, എസ്.എഫ്.ഐ ദേശീയ വൈസ് പ്രസിഡന്റ് എസ്. ശിൽപ, കെ.എസ്‌.യു ജനറൽ സെക്രട്ടറി അഡ്വ. ജെയിൻ ജെയ്സൺ എന്നിവരും പരിപാടിയിൽ പങ്കെടുക്കും. സിജെപിയുടെ ദക്ഷിണേന്ത്യൻ ചുമതലയുള്ള വിജയ് മല്ലംഗി, ആക്ടിവിസ്റ്റ് രാധിക ഗണേഷ്, അവതാരക രഞ്ജിനി ഹരിദാസ് എന്നിവരും പ്രതിഷേധ സംഗമത്തിന്റെ ഭാഗമാകും.