വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്തിനെ തല്‍സ്ഥാനത്ത് തുടരാന്‍ അനുവദിക്കണമോയെന്ന കാര്യത്തില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഭരണകൂടത്തിനകത്തും പുറത്തുമുള്ള സഖ്യകക്ഷികളുമായി ചര്‍ച്ച നടത്തിയതായി റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസങ്ങളില്‍ ഇതുസംബന്ധിച്ച് ട്രംപ് വിവിധ നേതാക്കളുമായി ആശയവിനിമയം നടത്തിയെന്ന് വിഷയവുമായി അടുത്ത വൃത്തങ്ങളും ഉദ്യോഗസ്ഥരും വെളിപ്പെടുത്തി.
ഇറാനെതിരായ സൈനികാക്രമണങ്ങള്‍ തുടരണമെന്ന നിലപാടില്‍ ഭരണകൂടത്തിനുള്ളിലെ പ്രമുഖ പിന്തുണക്കാരിലൊരാളാണ് ഹെഗ്‌സെത്ത്. എന്നാല്‍ വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സ് ഉള്‍പ്പെടെയുള്ള ചില ഉന്നത ഉദ്യോഗസ്ഥര്‍ സംഘര്‍ഷം അവസാനിപ്പിക്കണമെന്ന നിലപാടാണ് സ്വീകരിക്കുന്നത്.
യുദ്ധമാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് ഇടക്കാല തെരഞ്ഞെടുപ്പില്‍ തിരിച്ചടിയുണ്ടാക്കിയതെന്ന് വാന്‍സും ട്രംപും വിലയിരുത്തിയിട്ടുണ്ട്. അതേസമയം, യുദ്ധം ഏറ്റെടുത്ത തീരുമാനം ശരിയായിരുന്നുവെന്ന നിലപാടില്‍ ട്രംപ് ഉറച്ചുനില്‍ക്കുകയും ചെയ്തു.
തെരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്തുവന്നുകൊണ്ടിരിക്കെ ചൊവ്വാഴ്ച രാത്രി സംസാരിച്ച ട്രംപ്, മന്ത്രിസഭയില്‍ വലിയ അഴിച്ചുപണി പ്രതീക്ഷിക്കുന്നില്ലെന്ന് വ്യക്തമാക്കിയിരുന്നു. ഹെഗ്‌സെത്തിന് പിന്തുണയും അദ്ദേഹം പ്രഖ്യാപിച്ചു. 'അദ്ദേഹം മികച്ച വ്യക്തിയാണെന്നാണ് എന്റെ അഭിപ്രായം' എന്നായിരുന്നു വാള്‍ സ്ട്രീറ്റ് ജേണലിനോട് ട്രംപ് പ്രതികരിച്ചത്.
ബുധനാഴ്ച മാധ്യമ പ്രവര്‍ത്തകരോടും ഹെഗ്‌സെത്ത് വളരെ മികച്ച രീതിയിലാണ് പ്രവര്‍ത്തിക്കുന്നതെന്ന് ട്രംപ് പറഞ്ഞു. പെന്റഗണിന്റെ ഔദ്യോഗിക സമൂഹമാധ്യമ വിഭാഗം ഈ പരാമര്‍ശം ഉടന്‍തന്നെ പങ്കുവെക്കുകയും ചെയ്തു.
അതേസമയം, ജനുവരി മുതല്‍ കോണ്‍ഗ്രസിന്റെ ഇരുസഭകളിലും നിയന്ത്രണം നേടാനിരിക്കുന്ന ഡെമോക്രാറ്റിക് അംഗങ്ങള്‍ ഹെഗ്‌സെത്തിനെതിരെ അന്വേഷണം നടത്തുമെന്നും അദ്ദേഹം പ്രതിരോധ സെക്രട്ടറി സ്ഥാനത്ത് തുടരുകയാണെങ്കില്‍ ഇംപീച്ച്മെന്റ് നടപടികള്‍ക്ക് നീക്കം നടത്തുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.
