വിമാനത്താവളങ്ങളില്‍ നിന്ന് ശബരിമലയ്ക്ക് എ സി ബസ്; വിമാനത്തില്‍ വന്നിറങ്ങിയാല്‍ നേരെ പമ്പയിലെത്താം

വിമാനത്താവളങ്ങളില്‍ നിന്ന് ശബരിമലയ്ക്ക് എ സി ബസ്; വിമാനത്തില്‍ വന്നിറങ്ങിയാല്‍ നേരെ പമ്പയിലെത്താം


തിരുവനന്തപുരം: ശബരിമല തീർത്ഥാടകർക്ക് വിമാനത്താവളങ്ങളിൽ നിന്ന് നേരിട്ട് പമ്പയിലെത്താൻ സൗകര്യമൊരുങ്ങുന്നു.  മണ്ഡല-മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് ശബരിമല തീർത്ഥാടകരുടെ യാത്രാസൗകര്യം വർധിപ്പിക്കുന്നതിന്റെ ഭാഗമായി തിരുവനന്തപുരം, നെടുമ്പാശ്ശേരി വിമാനത്താവളങ്ങളിൽ നിന്ന് പമ്പയിലേക്ക് കെഎസ്ആർടിസി എസി ബസ് സർവീസുകൾ ആരംഭിക്കും.

ഇരു വിമാനത്താവളങ്ങളിൽ നിന്നുമുള്ള സർവീസുകൾ സംബന്ധിച്ച് കെഎസ്ആർടിസി അധികൃതരും വിമാനത്താവള അതോറിറ്റി പ്രതിനിധികളും നടത്തിയ ചർച്ചകളുടെ അടിസ്ഥാനത്തിലാണ് പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. തിരുവനന്തപുരം സെൻട്രൽ ഡിപ്പോയിൽ നടന്ന വെറ്റ് ലീസ് ബസുകളുടെ ഫ്ലാഗ് ഓഫ് ചടങ്ങിൽ ഗതാഗത മന്ത്രി സി.പി ജോൺ ഈ സർവീസുകൾ പ്രഖ്യാപിച്ചു.

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് രാത്രി ഒൻപതരയ്ക്ക് പമ്പയിലേക്ക് പുറപ്പെടുന്ന രീതിയിലാണ് സർവീസ് ക്രമീകരിക്കുന്നത്. വൈകിട്ട് ഏഴ് മണിക്ക് തിരികെ തിരുവനന്തപുരം വിമാനത്താവളത്തിലെത്തുന്ന രീതിയിൽ പമ്പയിൽ നിന്ന് മടക്ക സർവീസ് നടത്തും. നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് രാത്രി എട്ടരയ്ക്ക് പമ്പയിലേക്ക് സർവീസ് ആരംഭിക്കാനും തിരികെ വൈകിട്ട് ഏഴ് മണിക്ക് വിമാനത്താവളത്തിലെത്തുന്ന രീതിയിൽ പമ്പയിൽ നിന്ന് സർവീസ് ക്രമീകരിക്കാനുമാണ് തീരുമാനം.

വിമാനങ്ങളിൽ വന്നിറങ്ങുന്ന ഭക്തർക്ക് വിരിവെയ്ക്കുവാനും വിശ്രമിക്കുവാനും പ്രത്യേക സൗകര്യം ഇരു വിമാനത്താവളങ്ങളിലും ഒരുക്കും. കൂടാതെ ബസുകൾ കെഎസ്ആർടിസി ബുക്കിങ് സൈറ്റ് വഴിയും വിമാന ബുക്കിങ് സൈറ്റുകൾ വഴിയും ബുക്ക് ചെയ്യുവാൻ ക്രമീകരണം ഒരുക്കും. ഇതിന് പുറമെ ഗ്രൂപ്പായി ചാർട്ടേഡ് ബസുകൾ ബുക്ക് ചെയ്യുവാനും സംവിധാനമുണ്ടാകും.

വിമാന ടിക്കറ്റുകളുടെ ബുക്കിങ് വെബ്സൈറ്റുകളിൽ കെഎസ്ആർടിസി ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനുള്ള വെബ്സൈറ്റ് ലിങ്കും ലഭ്യമാക്കും. ഇരു വിമാനത്താവളങ്ങളിൽ നിന്നുമുള്ള വിമാന സമയ വിവരങ്ങൾ തത്സമയം പമ്പ ബസ് സ്റ്റേഷനിൽ പ്രദർശിപ്പിക്കുവാനും ധാരണയായിട്ടുണ്ട്. വിമാനമാർഗം കേരളത്തിലെത്തുന്ന ശബരിമല തീർത്ഥാടകർക്ക് വിമാനത്താവളങ്ങളിൽ നിന്ന് നേരിട്ട് പമ്പയിലെത്തുന്നതിനും ദർശനത്തിന് ശേഷം മടങ്ങുന്നതിനും പുതിയ സർവീസുകൾ ഏറെ സഹായകരമാകും. തീർത്ഥാടകരുടെ യാത്ര കൂടുതൽ സൗകര്യപ്രദവും സുഗമവുമാക്കുന്നതിന്റെ ഭാഗമായാണ് കെഎസ്ആർടിസി ഈ പദ്ധതി നടപ്പിലാക്കുന്നത്.

അതേസമയം, ദീർഘദൂര യാത്രക്കാർക്ക് കൂടുതൽ യാത്രാസൗകര്യമൊരുക്കുന്നതിനായി കെഎസ്ആർടിസി വെറ്റ് ലീസ് വ്യവസ്ഥയിൽ ലഭ്യമാക്കിയ അഞ്ച് പുതിയ ബസുകൾ കൂടി നിരത്തിലിറങ്ങി. തിരുവനന്തപുരം സെൻട്രൽ ഡിപ്പോയിൽ ഗതാഗത മന്ത്രി സി.പി ജോൺ ബസുകളുടെ ഫ്ലാഗ് ഓഫ് കർമം നിർവഹിച്ചു. രണ്ട് എസി ബസുകളും മൂന്ന് നോൺ എസി ബസുകളുമാണ് ഇതിനായി ഒരുക്കിയിട്ടുള്ളത്. ഇവ ഉപയോഗിച്ച് തിരുവനന്തപുരം സെൻട്രൽ യൂണിറ്റിൽനിന്ന് പാലക്കാട്ടേക്ക് രണ്ടും അമൃതയിലേക്ക് ഒന്നുമായി മൂന്ന് പുതിയ സർവീസുകളാണ് ആരംഭിക്കുന്നത്.

രണ്ട് എ.സി ബസുകൾ ഉപയോഗിച്ച് ആരംഭിച്ച പാലക്കാട് സർവീസ് രാത്രി 12.30ന് തിരുവനന്തപുരത്തുനിന്ന് പുറപ്പെട്ട് രാവിലെ 9.40ന് പാലക്കാട് എത്തും. ഉച്ചയ്ക്ക് 1.45ന് പാലക്കാട് നിന്ന് തിരിക്കുന്ന ബസ് രാത്രി 11.45ന് തിരുവനന്തപുരത്ത് മടങ്ങിയെത്തുന്ന രീതിയിലാണ് സമയക്രമം. 467 രൂപയാണ് ടിക്കറ്റ് നിരക്ക്. രണ്ട് നോൺ എസി ബസുകൾ ഉപയോഗിച്ചുള്ള മറ്റൊരു പാലക്കാട് സർവീസ് രാവിലെ 7.30ന് തിരുവനന്തപുരത്തുനിന്ന് യാത്ര തിരിച്ച് വൈകിട്ട് 5.15ന് ലക്ഷ്യസ്ഥാനത്തെത്തും. ഈ ബസ് രാത്രി 10.45നാണ് പാലക്കാട് നിന്ന് മടക്കയാത്ര ആരംഭിക്കുക. 411 രൂപയാണ് ഇതിലെ നിരക്ക്.

ശേഷിക്കുന്ന ഒരു നോൺ എസി ബസ് ഉപയോഗിച്ചാണ് തിരുവനന്തപുരത്തുനിന്ന് അമൃതയിലേക്കുള്ള സർവീസ് നടത്തുന്നത്. എല്ലാ ദിവസവും രാവിലെ 5.15ന് പുറപ്പെടുന്ന ബസ് പകൽ 11.30ന് അമൃതയിൽ എത്തിച്ചേരും. അവിടെനിന്ന് ഉച്ചയ്ക്ക് 1.20ന് ആരംഭിക്കുന്ന മടക്കയാത്ര രാത്രി എട്ട് മണിയോടെ തിരുവനന്തപുരത്ത് അവസാനിക്കും. 276 രൂപയാണ് ടിക്കറ്റ് നിരക്ക്. പുതിയ ബസുകൾ നിരത്തിലിറക്കുന്നതിലൂടെ പൊതുഗതാഗത മേഖലയിലെ സേവനങ്ങൾ കൂടുതൽ വിപുലീകരിക്കാനാണ് കെ.എസ്.ആർ.ടി.സി ലക്ഷ്യമിടുന്നത്.