കാലിഫോര്‍ണിയ: കാലിഫോര്‍ണിയ സംസ്ഥാനത്ത് നിലവിലുള്ള 548 വധശിക്ഷകളും പരോള്‍ അനുവദിക്കാത്ത ജീവപര്യന്തം തടവുശിക്ഷയായി ഇളവുചെയ്ത് ഗവര്‍ണര്‍ ഗാവിന് ന്യൂസം. വ്യാഴാഴ്ചയാണ് അദ്ദേഹം നിര്‍ണായക പ്രഖ്യാപനം നടത്തിയത്. സംസ്ഥാനത്തിന്റെ ഔദ്യോഗിക വധശിക്ഷാ നയത്തിനെതിരായ തന്റെ ദീര്‍ഘകാല നിലപാടിന്റെ ഭാഗമായാണ് തീരുമാനമെന്ന് ന്യൂസം വ്യക്തമാക്കി.
തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധിയായിരുന്ന കാലം മുതല്‍ സര്‍ക്കാര്‍ അനുമതിയോടെയുള്ള വധശിക്ഷകളെ പരസ്യമായി എതിര്‍ത്തുവരികയാണെന്നും ഏകദേശം മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട നിലപാടിന്റെ തുടര്‍ച്ചയാണ് പുതിയ തീരുമാനമെന്നും കാലിഫോര്‍ണിയ നിവാസികള്‍ക്കായി പുറത്തിറക്കിയ തുറന്ന കത്തില്‍ അദ്ദേഹം പറഞ്ഞു.
കാലിഫോര്‍ണിയയിലെ വധശിക്ഷാ പട്ടികയില്‍ നിലവിലുള്ള 548 തടവുകാരെയാണ് തീരുമാനം ബാധിക്കുക. പടിഞ്ഞാറന്‍ അര്‍ധഗോളത്തിലെ ഏറ്റവും വലിയ വധശിക്ഷാ പട്ടികയാണ് കാലിഫോര്ണിയയിലേതെന്ന് ഗവര്‍ണറുടെ ഓഫീസ് വ്യക്തമാക്കി.
2028ലെ അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനെക്കുറിച്ചും ന്യൂസം ആലോചിക്കുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് പ്രഖ്യാപനം.
ടെന്നസിയില്‍ ക്രിസ്റ്റ പൈക്കിന്റെ വധശിക്ഷ നടപ്പാക്കാനുള്ള ശ്രമം പരാജയപ്പെട്ടതിനെത്തുടര്‍ന്ന് അമേരിക്കയില്‍ വധശിക്ഷാ നടപടികള്‍ വീണ്ടും ചര്‍ച്ചയാകുന്നതിനിടെയാണ് ന്യൂസമിന്റെ തീരുമാനം.
സെപ്റ്റംബര്‍ അവസാനത്തോടെ പെന്റോബാര്‍ബിറ്റല്‍ എന്ന മരുന്നിന്റെ രണ്ട് ഡോസുകള്‍ നല്‍കിയിട്ടും പൈക്കിന്റെ വധശിക്ഷ നടപ്പാക്കാനായിരുന്നില്ല. സംഭവത്തിനുശേഷം ടെന്നസി സംസ്ഥാനത്ത് ശേഷിക്കുന്ന വധശിക്ഷാ നടപടികള്‍ താത്ക്കാലികമായി നിര്‍ത്തിവെച്ചു.
എന്നാല്‍ മറ്റ് സംസ്ഥാനങ്ങളില്‍ വധശിക്ഷ തടയണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ കോടതികള്‍ തള്ളിയിരുന്നു. വ്യാഴാഴ്ച മാത്രം മൂന്ന് വധശിക്ഷകള്‍ നടപ്പാക്കാന്‍ നിശ്ചയിച്ചിരുന്നു. ഇന്ത്യാനയില്‍ ഒരു വധശിക്ഷ നടപ്പാക്കിയതിന് മണിക്കൂറുകള്‍ക്കുശേഷം ഫ്ളോറിഡയിലും അലബാമയിലും ഓരോരുത്തരെക്കൂടി വധിക്കാനായിരുന്നു പദ്ധതി.
ന്യൂസത്തിന്റെ തീരുമാനത്തെ അമേരിക്കന്‍ സിവില്‍ ലിബര്‍ട്ടീസ് യൂണിയന് സ്വാഗതം ചെയ്തു. കാലിഫോര്‍ണിയയിലും രാജ്യത്തുടനീളവും വധശിക്ഷ അവസാനിപ്പിക്കുന്നതിലേക്കുള്ള ചരിത്രപരമായ ചുവടുവെപ്പാണിതെന്ന് സംഘടന പ്രസ്താവനയില്‍ പറഞ്ഞു.
വധശിക്ഷ വംശീയ വിവേചനത്തിനും നീതിന്യായത്തിലെ പിഴവുകള്‍ക്കും മനുഷ്യത്വരഹിതമായ ശിക്ഷാരീതികള്‍ക്കും വഴിയൊരുക്കുന്നുവെന്ന് സംഘടനയുടെ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ആന്തണി ഡി റൊമേറോ ആരോപിച്ചു.
കാലിഫോര്‍ണിയയില്‍ ഏറെക്കാലമായി നിലനില്‍ക്കുന്ന വധശിക്ഷാ സമ്പ്രദായം അവസാനിപ്പിക്കണമെന്ന നീതിയുടെ ആവശ്യകതയാണ് ഈ ഇളവുകള്‍ പ്രതിഫലിപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. വംശീയ വിവേചനവുമായി ബന്ധപ്പെട്ട അനീതികളെ നേരിടാന്‍ ഗവര്‍ണര്‍ കാണിച്ച ധൈര്യത്തെയും അദ്ദേഹം പ്രശംസിച്ചു.
വധശിക്ഷാ പട്ടികയില്‍ കുപ്രസിദ്ധ കുറ്റവാളികളും
കാലിഫോര്‍ണിയയിലെ വധശിക്ഷാ പട്ടികയിലുള്ളവരില്‍ നിരവധി കുപ്രസിദ്ധ കുറ്റവാളികളുമുണ്ട്.
'സതേണ്‍ കാലിഫോര്‍ണിയ സ്ട്രാങ്ലര്‍' എന്നറിയപ്പെടുന്ന പരമ്പരക്കൊലയാളി റാന്‍ഡി ക്രാഫ്റ്റ്, 1980കളില്‍ കാലിഫോര്‍ണിയയില്‍ 11 പേരെ കൊലപ്പെടുത്തിയ കേസില്‍ ശിക്ഷിക്കപ്പെട്ട ചാള്‍സ് എന്‍ജി, 1993ല്‍ പോളി ക്ലാസ്സ് എന്ന 12കാരിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസില്‍ ശിക്ഷിക്കപ്പെട്ട റിച്ചാര്‍ഡ് അലന് ഡേവിസ് എന്നിവര്‍ പട്ടികയിലുണ്ട്.
ന്യൂസമിന്റെ പുതിയ ഉത്തരവോടെ ഇവരുടേതുള്‍പ്പെടെ 548 വധശിക്ഷകള്‍ പരോള്‍ ലഭിക്കാത്ത ജീവപര്യന്തം തടവുശിക്ഷയായി മാറും. അതായത്, വധശിക്ഷ നടപ്പാക്കില്ലെങ്കിലും പ്രതികള്‍ക്ക് ജയില്‍മോചനത്തിന് അര്‍ഹതയുണ്ടാകില്ല.
