വാഷിംഗ്ടണ്‍: വൈറ്റ് ഹൗസിലെ ഓവല്‍ ഓഫീസ് ദേശീയ സ്മാരകമായി പ്രഖ്യാപിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇതുസംബന്ധിച്ച ഉത്തരവില്‍ അദ്ദേഹം ഒപ്പുവച്ചു. വൈറ്റ് ഹൗസിന്റെ സൗന്ദര്യവല്‍ക്കരണത്തിനും നവീകരണത്തിനും വലിയ പ്രാധാന്യം നല്‍കുന്ന ട്രംപിന്റെ പുതിയ നീക്കമാണിത്.
ഇടക്കാല തെരഞ്ഞെടുപ്പില്‍ ട്രംപിന്റെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് തിരിച്ചടി നേരിട്ടതിന് പിന്നാലെയാണ് പുതിയ പ്രഖ്യാപനം. ജനപ്രതിനിധിസഭയിലും സെനറ്റിലും ഡെമോക്രാറ്റുകള്‍ വിജയം നേടിയെങ്കിലും തെരഞ്ഞെടുപ്പ് ഫലങ്ങളെക്കുറിച്ച് കാര്യമായി പ്രതികരിക്കാതെ വൈറ്റ് ഹൗസിലെ പുതിയ ബാള്‍റൂമിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കാണ് ട്രംപ് കൂടുതല്‍ പ്രാധാന്യം നല്‍കിയത്.
കഴിഞ്ഞ വര്‍ഷം വീണ്ടും അധികാരത്തിലെത്തിയതിന് പിന്നാലെ ഓവല്‍ ഓഫീസില്‍ സ്വര്‍ണ അലങ്കാരങ്ങള്‍ ഉള്‍പ്പെടെ നിരവധി മാറ്റങ്ങള്‍ വരുത്തിയിരുന്നു. ഇപ്പോള്‍ ഓവല്‍ ഓഫീസിനൊപ്പം സമീപത്തുള്ള കാബിനറ്റ് മുറിയെയും ദേശീയ സ്മാരക പ്രഖ്യാപനത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഭാവിയില്‍ അധികാരത്തിലെത്തുന്ന പ്രസിഡന്റുമാര്‍ക്ക് ഈ മുറികളില്‍ നിര്‍മാണപ്രവര്‍ത്തനങ്ങളോ വലിയ മാറ്റങ്ങളോ നടത്താന്‍ കഴിയാത്തവിധം സംരക്ഷണം ഉറപ്പാക്കുകയാണ് പ്രഖ്യാപനത്തിന്റെ ലക്ഷ്യമെന്ന് ട്രംപ് പറഞ്ഞു.
'ഈ അസാധാരണമായ ഇടം ആര്‍ക്കും ഒരിക്കലും നശിപ്പിക്കാന്‍ കഴിയാത്തവിധം പ്രഖ്യാപനം ഉറപ്പാക്കും. ഇത് നീക്കം ചെയ്യാനോ നശിപ്പിക്കാനോ തൊടാനോ മറ്റെന്തെങ്കിലും മാറ്റങ്ങള്‍ വരുത്താനോ കഴിയില്ല. യഥാര്‍ഥത്തില്‍ ഇതൊരു ദേശീയ സ്മാരകമാണ്' എന്ന് ട്രംപ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
