വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്ന് ആരോപിച്ച് വൈറ്റ് ഹൗസിന് സമീപം ആയുധങ്ങളുമായി എത്തിയ വെനസ്വേലന്‍ പൗരനെ സുരക്ഷാ ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തു. മോഷ്ടിക്കപ്പെട്ട വാഹനത്തില്‍ മൂന്ന് തോക്കുകളും നിരവധി വെടിയുണ്ടകളുമായാണ് ഇയാളെ കണ്ടെത്തിയതെന്ന് യു എസ് ആഭ്യന്തര സുരക്ഷാ വകുപ്പ് അറിയിച്ചു.
വ്യാഴാഴ്ച വൈകിട്ട് വാഷിംഗ്്ടണിലെ കോണ്‍സ്റ്റിറ്റിയൂഷന്‍ അവന്യൂവില്‍ പാര്‍ക്ക് ചെയ്തിരുന്ന വാഹനത്തിനുള്ളില്‍ സംശയാസ്പദമായ രീതിയില്‍ പെരുമാറുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് യു എസ് സീക്രട്ട് സര്‍വീസ് ഉദ്യോഗസ്ഥര്‍ ഇയാളെ സമീപിക്കുകയായിരുന്നു.
ചോദ്യം ചെയ്യുന്നതിനിടെ, തന്റെ മനസ്സില്‍നിന്ന് കേള്‍ക്കുന്ന ശബ്ദങ്ങള്‍ അമേരിക്കന്‍ തലസ്ഥാനത്തെത്തി ട്രംപിനെ വധിക്കാന്‍ നിര്‍ദേശിച്ചതായി ഇയാള്‍ ഉദ്യോഗസ്ഥരോട് പറഞ്ഞെന്നാണ് ആഭ്യന്തര സുരക്ഷാ വകുപ്പിന്റെ വിശദീകരണം.
തുടര്‍ന്ന് നടത്തിയ വാഹനപരിശോധനയില്‍ എ ആര്‍-15 മാതൃകയിലുള്ള റൈഫിളും രണ്ട് കൈത്തോക്കുകളും ഉള്‍പ്പെടെ മൂന്ന് തോക്കുകള്‍ കണ്ടെത്തി. നിരവധി റൗണ്ട് വെടിയുണ്ടകളും വാഹനത്തില്‍നിന്ന് കണ്ടെടുത്തു. വാഹനം മോഷ്ടിച്ചതാണെന്നും അധികൃതര്‍ വ്യക്തമാക്കി.
വൈറ്റ് ഹൗസിന് സമീപം ആയുധധാരികളുമായി ബന്ധപ്പെട്ട സുരക്ഷാ സംഭവങ്ങള്‍ നേരത്തെയും ഉണ്ടായിട്ടുണ്ട്. ഈ വര്‍ഷം മെയ് മാസം വാഷിങ്ടണ്‍ നഗരമധ്യത്തില്‍ ആയുധധാരിയായ ഒരാളെ യു എസ് സീക്രട്ട് സര്‍വീസ് ഏജന്റുമാര്‍ വെടിവെച്ചിരുന്നു. സംഭവത്തെത്തുടര്‍ന്ന് വൈറ്റ് ഹൗസിന് സമീപം താല്‍ക്കാലിക സുരക്ഷാ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി.
നാഷണല്‍ മാളിന് സമീപമായിരുന്നു വെടിവെപ്പ്. വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സിന്റെ വാഹനവ്യൂഹം ഇതുവഴി കടന്നുപോയതിന് തൊട്ടുപിന്നാലെയായിരുന്നു സംഭവം. വൈസ് പ്രസിഡന്റിനെ ലക്ഷ്യമിട്ടുള്ള ആക്രമണമായിരുന്നുവെന്ന് കരുതുന്നില്ലെന്ന് സീക്രട്ട് സര്‍വീസ് ഡെപ്യൂട്ടി ഡയറക്ടര്‍ മാത്യു ക്വിന്‍ മാധ്യമങ്ങളോട് പറഞ്ഞു. സംഭവത്തിന് ട്രംപിനെതിരായ ഭീഷണികളുമായി ബന്ധമുണ്ടോയെന്ന കാര്യത്തിലും അന്വേഷണം നടന്നിരുന്നു.
2025 ഒക്ടോബറിലും വൈറ്റ് ഹൗസിന് സമീപമുള്ള സുരക്ഷാ കവാടത്തിലേക്ക് കാര്‍ ഇടിച്ചുകയറ്റിയതിനെത്തുടര്‍ന്ന് ഒരാളെ അറസ്റ്റ് ചെയ്തിരുന്നു. രാത്രി 10.37ഓടെ വൈറ്റ് ഹൗസിന്റെ പ്രവേശനകവാടത്തിന് സമീപത്തെ സുരക്ഷാ പരിശോധനാ കേന്ദ്രത്തിലായിരുന്നു സംഭവം. കാര്‍ ഇടിച്ചുകയറ്റിയ ഉടന്‍തന്നെ സീക്രട്ട് സര്‍വീസ് ഉദ്യോഗസ്ഥര്‍ ഡ്രൈവറെ കസ്റ്റഡിയിലെടുത്തു.
അന്ന് പ്രതിയുടെ വ്യക്തിവിവരങ്ങളോ സംഭവത്തിന് പിന്നിലെ ലക്ഷ്യമോ അധികൃതര്‍ പുറത്തുവിട്ടിരുന്നില്ല. വാഹനത്തില്‍ സുരക്ഷാഭീഷണി ഉയര്‍ത്തുന്ന വസ്തുക്കളൊന്നും കണ്ടെത്തിയില്ലെന്നും പരിശോധനയില്‍ സ്ഥിരീകരിച്ചു. സംഭവസ്ഥലത്ത് സുരക്ഷാ ഉദ്യോഗസ്ഥര്‍ വാഹനം പരിശോധിക്കുന്നതിന്റെയും തെളിവുകള്‍ ശേഖരിക്കുന്നതിന്റെയും ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.
