മെസിയുടെ പേരിലെ തട്ടിപ്പ്: ആന്‍റോക്കും റിപ്പോർട്ടർ കമ്പനിക്കുമെതിരെ ഇഡി കേസെടുത്തു; എഫ്ഐആറിനെതിരേ ആന്‍റോ ഹൈക്കോടതിയിൽ

മെസിയുടെ പേരിലെ തട്ടിപ്പ്: ആന്‍റോക്കും റിപ്പോർട്ടർ കമ്പനിക്കുമെതിരെ ഇഡി കേസെടുത്തു; എഫ്ഐആറിനെതിരേ ആന്‍റോ ഹൈക്കോടതിയിൽ


കൊച്ചി: ലയണൽ മെസിയെ കേരളത്തിൽ എത്തിക്കാമെന്ന പേരിൽ നടത്തിയ സാമ്പത്തിക തട്ടിപ്പിൽ ആന്‍റോ അഗസ്റ്റിനും റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനിക്കും മെതിരെ കേസ് എടുത്ത് എൻഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റ് (ഇഡി). കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരമാണ് എൻഫോഴ്‌സ്‌മെന്റ് കേസ് ഇൻഫർമേഷൻ റിപ്പോർട്ട് ഫയൽ ചെയ്തത്. ഇഡി കേസ് വരുന്നതിന് തൊട്ടുമുന്നെ മെസി കേസിലെ പോലീസ് എഫ്ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ആന്‍റോ അ​ഗസ്റ്റിൻ ഹൈക്കോടതിയെയും സമീപിച്ചു. സർക്കാരിന് നഷ്ടവും അവമതിപ്പുമുണ്ടാക്കിയതിന് തെളിവില്ലെന്നാണ് വാദം. സർക്കാരിന് ഉണ്ടായ നഷ്ടം എത്രയെന്ന്, അല്ലെങ്കിൽ ഡെപ്പോസിറ്റ് കെട്ടിവെക്കണം എന്ന് കാണിക്കുന്ന കൃത്യമായ വിവരങ്ങളില്ലെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

മെസിയെ കൊണ്ടു വരുമെന്നപേരിൽ നടത്തിയ സാമ്പത്തിക തട്ടിപ്പിൽ ഒടുവിൽ പിഎംഎൽഎ നിയമപ്രകാരമുള്ള അന്വേഷണമാണ് ഇഡി ആരംഭിച്ചിരിക്കുന്നത്. മെസിയെ കൊണ്ടുവരാൻ വിദേശത്തേക്ക് അയച്ച പണത്തിന്റെ ഉറവിടം എന്ത്? മെസ്സിയെ മറയാക്കി സാമ്പത്തിക ലാഭം ഉണ്ടാക്കിയോ, ആർക്കൊക്കെ സാമ്പത്തിക നേട്ടമുണ്ടായി എന്നിവ ഇഡി അന്വേഷണത്തിന്റെ പരിധിയിൽ വരും. ഇതോടൊപ്പം കൊച്ചി കലൂർ അന്താരാഷ്ട്ര സ്റ്റേഡിയം റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനിക്ക് കരാറില്ലാതെ വിട്ടുനൽകിയതിലെ സാമ്പത്തിക ഇടപാടും ഇഡി അന്വേഷിക്കും.

സാധാരണ സ്റ്റേഡിയം വിട്ടു നൽകുമ്പോൾ 5 കോടി കരുതൽ ധനം നൽകണം എന്ന ചട്ടം ലംഘിച്ചിരുന്നു. സ്റ്റേഡിയം നവീകരണത്തിന്റെ മറവിൽ കള്ളപ്പണ ഇടപാടുകളും സാമ്പത്തിക ക്രമക്കേടുകളും നടന്നിട്ടുണ്ടാകാമെന്നും ഇഡി സംശയിക്കുന്നു. വിദേശ വിനിമയ ചട്ടം ലംഘിച്ചു നടത്തിയ ഇടപാടുകളിൽ ഇഡി നേരത്തെ നടപടി തുടങ്ങിയിരുന്നു. കേസ് എടുത്ത പശ്ചാത്തലത്തിൽ തുടർന്നടപടികളിലേക്ക് ഇഡി കടക്കും. റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനി ഓഫീസിൽ പരിശോധനക്കും, എംഡി ആന്റോ അഗസ്റ്റിനെ വിളിച്ചു വരുത്തി ചോദ്യം ചെയ്യാൻ സാധ്യത ഉണ്ട്. നേരത്തെ തൃക്കാക്കര എസിപിയുടെ നേതൃത്വത്തിൽ നടത്തിയ ആർബിസി ഓഫീസിലെ റൈഡിൽ ഡോളർ അടക്കം വിദേശ കറൻസി പിടിച്ചെടുത്തിരുന്നു. ഇതിന്റെ ഉറവിടം പറയാൻ ആന്‍റോക്ക് കഴിഞ്ഞിരുന്നില്ല. ഈ വിവരങ്ങളും പൊലിസ് ഇ ഡിക്ക് കൈമാറിയിരുന്നു.

അതേസമയം ഇഡി കേസ് എടുക്കുന്നതിന് തൊട്ട് മുൻപ് കേസിനാധാരമായ പോലീസ് എഫ്ഐആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ആന്‍റോ അഗസ്റ്റിൻ ഹൈക്കോടതിയെ സമീപിച്ചു. സർക്കാരിന് നികത്താനാകാത്ത നഷ്ടവും മാനഹാനിയുമുണ്ടാക്കിയതിന് എഫ്ഐആറിൽ തെളിവില്ലെന്നും ഇനി കരാർ ലംഘമുണ്ടാക്കിയാൽ തന്നെ അതിൽ സർക്കാരോ പൊതുജനങ്ങളോ കക്ഷിയല്ലെന്നുമാണ് പ്രധാനവാദം. സ്റ്റേഡിയം കൈമാറുമ്പോൾ 5 കോടി രൂപയുടെ ഡെപ്പോസിറ്റ് ഇളവ് നൽകിയത് സർക്കാർ ഉത്തരവിലൂടെയല്ലെന്നും ഹ‍ർജിയിൽ പറയുന്നു. കേസിൽ സർക്കാരിന്‍റെ വിശദീകരണം തേടിയ കോടതി അ‍ടുത്ത ആഴ്ച ഹർജി വീണ്ടും പരിഗണിക്കും.