കേരളപ്പെരുമ വിളിച്ചോതി 'കേരളീയം 2026' നവംബര്‍ 8ന് ഫിലാഡല്‍ഫിയയില്‍

കേരളപ്പെരുമ വിളിച്ചോതി 'കേരളീയം 2026' നവംബര്‍ 8ന് ഫിലാഡല്‍ഫിയയില്‍


ഫിലാഡല്‍ഫിയ: ട്രൈസ്റ്റേറ്റ് കേരള ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന കേരള ദിനാഘോഷം 'കേരളീയം 2026' നവംബര്‍ 8ന് ഫിലാഡല്‍ഫിയയില്‍ നടക്കും. വൈകിട്ട് 4 മണിക്ക് 10197 Northeast Avenue, Philadelphia, PA 19116-ലെ അസന്‍ഷന്‍ മാര്‍ത്തോമ്മാ ചര്‍ച്ച് ഓഡിറ്റോറിയത്തിലാണ് പരിപാടി. കേരളത്തിന്റെ പാരമ്പര്യവും കലാ-സാംസ്‌കാരിക തനിമയും വിളിച്ചോതുന്ന വിവിധ പരിപാടികള്‍ക്കൊപ്പം പ്രവാസി സമൂഹത്തിന് പ്രയോജനപ്പെടുന്ന സംവാദങ്ങളും പ്രമുഖ വ്യക്തികളുടെ സാന്നിധ്യവും ആഘോഷത്തിന് മാറ്റുകൂട്ടും.

24 ന്യൂസ് അസോഷ്യേറ്റ് എക്സിക്യൂട്ടീവ് എഡിറ്റര്‍ വി. അരവിന്ദ് ആണ് പരിപാടിയുടെ മുഖ്യാതിഥി. മാധ്യമരംഗത്ത് പ്രശംസനീയമായ പ്രവര്‍ത്തന പരിചയമുള്ള വി. അരവിന്ദിന്റെ സാന്നിധ്യം പരിപാടി കൂടുതല്‍ ശ്രദ്ധേയമാക്കും. ഫിലഡല്‍ഫിയയിലെ പ്രമുഖ ഇമിഗ്രേഷന്‍ അറ്റോര്‍ണി റിക്കി പല്ലഡിനോ വിശിഷ്ടാതിഥിയായി പങ്കെടുക്കും. അമേരിക്കയിലെ കുടിയേറ്റ നിയമങ്ങളുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളില്‍ അദ്ദേഹത്തോട് നേരിട്ട് ചോദ്യങ്ങള്‍ ചോദിക്കാനും സംശയങ്ങള്‍ തീര്‍ക്കാനും പരിപാടിയില്‍ പങ്കെടുക്കുന്നവര്‍ക്ക് അവസരമുണ്ടാകും. പ്രവാസി സമൂഹത്തിന് ഏറെ പ്രയോജനപ്പെടുന്ന രീതിയിലാണ് ഈ സംവാദം ഒരുക്കിയിരിക്കുന്നത്.

സീനിയര്‍ കെയര്‍, ഇന്‍ഡിപെന്‍ഡന്റ് ലിവിംഗ്, റിട്ടയര്‍മെന്റ് മേഖലകളിലെ വിദഗ്ധര്‍ പങ്കെടുക്കുന്ന പ്രത്യേക സെഷനും പരിപാടിയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. പ്രായമായ മാതാപിതാക്കളുടെ പരിചരണം, സ്വതന്ത്ര ജീവിതത്തിനുള്ള സൗകര്യങ്ങള്‍, വിരമിക്കല്‍ ജീവിതത്തിനുള്ള മുന്നൊരുക്കങ്ങള്‍ തുടങ്ങിയ വിഷയങ്ങളില്‍ വിദഗ്ധരുമായി സംവദിക്കാം.

ചടങ്ങില്‍ എലിസബത്ത് മാത്യു അമേരിക്കന്‍ ദേശീയഗാനവും അബിയ മാത്യു ഇന്ത്യന്‍ ദേശീയഗാനവും ആലപിക്കും. തുടര്‍ന്ന് മുഖ്യാതിഥികളുടെയും സംഘാടകരുടെയും നേതൃത്വത്തില്‍ ദീപം തെളിയിക്കും. തുടര്‍ന്ന് ട്രൈസ്റ്റേറ്റ് ചെയര്‍മാന്‍ ലെനോ സ്‌കറിയയുടെ സന്ദേശത്തോടെയും കേരള ദിനാഘോഷ കമ്മിറ്റി ചെയര്‍മാന്‍ തോമസ് പോളിന്റെ സ്വാഗത പ്രസംഗത്തോടെയും ചടങ്ങുകള്‍ക്ക് തുടക്കമാകും. ഷിജി ഷാനി, നീതു എബ്രഹാം, റീമ ആബി എന്നിവര്‍ ഗ്രൂപ്പ് സോങ്ങുമായി വേദിയിലെത്തും.

മുഖ്യാതിഥി 24 ന്യൂസ് അസോസിയേറ്റ് എക്‌സിക്യൂട്ടീവ് എഡിറ്റർ വി. അരവിന്ദ് കേരള ദിന സന്ദേശം നല്‍കും. ഇമിഗ്രേഷന്‍ അഭിഭാഷകന്‍ റിക്കി പല്ലഡിനോ, ജോഷ്വ മാത്യു എന്നിവരെ വിന്‍സന്റ് ഇമ്മാനുവല്‍ പരിചയപ്പെടുത്തും. തുടര്‍ന്ന് ഇമിഗ്രേഷന്‍, റിട്ടയര്‍മെന്റ് വിഷയങ്ങളില്‍ ഇരുവരും സംസാരിക്കും. സിറ്റി കൗണ്‍സില്‍ പ്രതിനിധിയുടെ സന്ദേശവും ഉണ്ടായിരിക്കും. സംഗീതവും നൃത്തവും ഉള്‍പ്പെടെയുള്ള കലാപരിപാടികളും ആഘോഷത്തിന് നിറം പകരും. റോയ് ഗിറ്റാര്‍ അവതരിപ്പിക്കും. ഇന്‍സ്ട്രക്ടര്‍ അജി പണിക്കരുടെ നേതൃത്വത്തില്‍ നൂപുര ഡാന്‍സ് അക്കാദമിയിലെ സാറാ അക്ഷയ് ക്ലാസിക്കല്‍ നൃത്തം അവതരിപ്പിക്കും. എലിസബത്ത് മാത്യു, ജോസഫ് തോമസ് (അപ്പു), ജീമോന്‍ ജോര്‍ജ്, സുമോദ് നെല്ലിക്കാല തുടങ്ങിയവര്‍ ഗാനങ്ങള്‍ ആലപിക്കും.

ഓര്‍മ്മ പ്രസിഡന്റ് ജോസ് ആറ്റുപുറം, ജോസ് തോമസ് എന്നിവര്‍ സംസാരിക്കും. ട്രൈ സ്റ്റേറ്റ് വൈസ് ചെയര്‍മാനും പമ്പാ പ്രസിഡന്റുമായ അലക്‌സ് തോമസ്, വൈസ് ചെയര്‍മാന്മാരെ പ്രതിനിധീകരിച്ച് ജോര്‍ജ് ഓലിക്കല്‍, കോട്ടയം അസോസിയേഷനെ പ്രതിനിധീകരിച്ച് സാജന്‍ വര്‍ഗീസ്, ഫ്രണ്ട്‌സ് ഓഫ് തിരുവല്ലയെ പ്രതിനിധീകരിച്ച് ശോശാമ്മ ചെറിയാന്‍, പിയാനോയെ പ്രതിനിധീകരിച്ച് ബിന്ദു എന്നിവര്‍ ആശംസകള്‍ അര്‍പ്പിക്കും. തുടര്‍ന്ന് വിവിധ മേഖലകളില്‍ സംഭാവനകള്‍ നല്‍കിയ വി. അരവിന്ദ്, റിക്കി പല്ലഡിനോ, സേവ്യര്‍ മൂഴിക്കാട്ട്, ജോ ജോണ്‍, അജി പണിക്കര്‍, ജോസ് ആറ്റുപുറം, ജോസഫ് തോമസ്, ജീമോന്‍ ജോര്‍ജ്, ജോഷ്വ മാത്യു എന്നിവരെ ആദരിക്കുകയും പുരസ്‌കാരങ്ങള്‍ നല്‍കുകയും ചെയ്യും. സെക്രട്ടറി സുരേഷ് നായരുടെ നന്ദി പ്രസംഗത്തോടെ ട്രൈസ്‌റ്റേറ്റ് കേരള ഫോറത്തിന്റെ ഈ വര്‍ഷത്തെ കേരളദിനാഘോഷത്തിന് തിരശ്ശീല വീഴും.

കേരളദിന ആഘോഷക്കമ്മിറ്റി ചെയര്‍മാന്‍ തോമസ് പോളിന്റെ നേതൃത്വത്തില്‍ ഒരുക്കളെല്ലാം പൂര്‍ത്തിയായിക്കഴിഞ്ഞു. ട്രൈസ്റ്റേറ്റ് ചെയര്‍മാന്‍ ലെനോ സ്‌കറിയ, ജനറല്‍ സെക്രട്ടറി ജോബി ജോര്‍ജ്, ട്രഷറര്‍ രാജന്‍ സാമുവല്‍, സെക്രട്ടറി സുരേഷ് നായര്‍, ജോയിന്റ് ട്രഷറര്‍ ജീമോന്‍ ജോര്‍ജ്, ബിനു മാത്യു, റോണി വര്‍ഗീസ് എന്നിവര്‍ക്കൊപ്പം വിന്‍സന്റ് ഇമ്മാനുവല്‍, ജോര്‍ജ് ഓലിക്കല്‍, അലക്സ് തോമസ്, സുധ കര്‍ത്ത, അഭിലാഷ് ജോണ്‍, ഫിലിപ്പോസ് ചെറിയാന്‍, ആഷ അഗസ്റ്റ്യന്‍, ബിനു മാത്യു, സുമോദ് നെല്ലിക്കാല, സാജന്‍ വര്‍ഗീസ്, ദിലീപ് ജോര്‍ജ്, ജോണ്‍ പണിക്കര്‍ തുടങ്ങിയവരും വിവിധ കൂട്ടായ്മകളുടെ പ്രതിനിധികളും സംഘാടനത്തില്‍ പങ്കാളികളാണ്. പരിപാടിയിലേക്കുള്ള പ്രവേശനം സൗജന്യമാണ്. പങ്കെടുക്കുന്നവര്‍ക്കായി ഡിന്നറും ഒരുക്കിയിട്ടുണ്ട്.