ഇടുക്കി: ചിന്നക്കനാലിൽ ഭീതി പടർത്തിയ കാട്ടാന ചക്കക്കൊമ്പന് റേഡിയോ കോളർ ഘടിപ്പിക്കാനായുള്ള ദൗത്യം മൂന്നാം ദിവസവും ഫലംകണ്ടില്ല. വൈകിട്ട് 4 മണിക്ക് മയക്കുവെടി വച്ചിട്ടും പൂർണമായി മയങ്ങാത്ത ആന, ജലാശയത്തിലേക്ക് ഇറങ്ങിയത് അര മണിക്കൂറോളം ദൗത്യസംഘത്തെ ആശങ്കയിലാക്കി. തുടർന്ന് കരയ്ക്ക് കയറിയ ആന, അക്രമാസക്തനായി ദൗത്യ സംഘത്തിന് നേരെയും തിരിഞ്ഞു. ഉൾക്കാട്ടിലേക്ക് കയറ്റി വെടി വയ്ക്കാനായിരുന്നു ഏറ്റവും ഒടുവിലത്തെ ശ്രമമെങ്കിലും വെളിച്ചക്കുറവ് പ്രതിസന്ധിയായതോടെ ദൗത്യം നിർത്തിവെക്കാൻ വനം വകുപ്പ് തീരുമാനിക്കുകയായിരുന്നു. ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ ദൗത്യം ഉണ്ടാകില്ലന്ന് ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് അറിയിച്ചു.
ഇന്ന് രാവിലെ മുതൽ ചക്കകൊമ്പനെ ദൗത്യ സംഘം സൂക്ഷ്മമായി നിരീക്ഷിച്ചു വരികയായിരുന്നു. വൈകുന്നേരത്തോടെ ഓമനകുഴി ഭാഗത്ത് വെച്ചാണ് ആനയ്ക്ക് നേരെ മയക്കുവെടി ഉതിർക്കാൻ സാധിച്ചത്. ആദ്യം ഉതിർത്ത മയക്കുവെടി ലക്ഷ്യം കണ്ടില്ല. തുടർന്ന് ഉതിർത്ത രണ്ടാമത്തെ വെടി ആനയുടെ ശരീരത്തിൽ കൊണ്ടെങ്കിലും, മയക്കുവെടിയുടെ പ്രഭാവത്തിൽ ആന അധികനേരം നിന്നില്ല. മയക്കം പൂർണ്ണമാകാതിരുന്ന ആന പിന്നീട് ഒരു കിലോമീറ്ററോളം ദൂരം ഓടി സമീപത്തെ ഡാമിലേക്ക് ഇറങ്ങി. ഇതോടെ ആശങ്കയിലായ ദൗത്യ സംഘം ഉടൻ തന്നെ ബോട്ടിൽ ആനയെ പിന്തുടർന്ന് സുരക്ഷിതമായി കരയ്ക്ക് കയറ്റി.
പ്രതികൂല കാലാവസ്ഥയും ഭൂപ്രകൃതിയും വനംവകുപ്പിന്റെ ശ്രമങ്ങൾക്ക് തടസ്സമായെങ്കിൽ, മൂന്നാം ദിനത്തിലും കാടിന്റെയും പ്രകൃതിയുടെയും കവചങ്ങൾ മറയാക്കി കൊമ്പൻ കൊമ്പൻ പിടിതരാതെ വനത്തിനുള്ളിലേക്ക് മറയുകയായിരുന്നു. തടാകങ്ങളും ചതുപ്പുനിലങ്ങളും ഏലത്തോട്ടങ്ങളും അപ്രതീക്ഷിതമായി എത്തുന്ന മൂടൽമഞ്ഞും കവചമാക്കുന്ന ചക്കക്കൊമ്പന്റെ സാമർത്ഥ്യത്തിന് മുന്നിൽ മൂന്നാം നാളിലും വനംവകുപ്പും ആർ.ആർ.ടി (RRT) ദൗത്യസംഘവും പ്രതിസന്ധിയിലായി. ഇതിനൊപ്പം നിരോധനാജ്ഞയ്ക്കും മിഷൻ നീണ്ടുപോകുന്നതിനുമെതിരായ പ്രാദേശിക ഭരണകൂടത്തിന്റെ എതിർപ്പും ശക്തമായതോടെ വനംവകുപ്പ് ശ്രമം താത്കാലികമായി അവസാനിപ്പിക്കുകയായിരുന്നു.
അതേസമയം, ചക്കക്കൊമ്പനെ നാളെ പുലർച്ചെ മുതൽ വനം വകുപ്പ് നിരീക്ഷിക്കും. ജനവാസ മേഖലയിലേക്ക് എത്തുന്നത് തടയുകയാണ് ലക്ഷ്യം. ആനയെ അക്രമകാരിയായാണ് കാണുന്നത്. ജനവാസ മേഖലയിലേക്ക് കടക്കാൻ ശ്രമിച്ചാൽ വഴി തിരിച്ച് വിടും. ഇനി അടുത്ത ചക്കക്കൊമ്പൻ ദൗത്യം രണ്ടാം ഘട്ടം ജനുവരിയോടെ മാത്രമായിരിക്കും ഉണ്ടായിരിക്കുകയെന്നും വനംവകുപ്പ് അറിയിച്ചു.
അതേസമയം, ചക്കക്കൊമ്പനെ മയക്കുവെടി വയ്ക്കുന്ന ദൗത്യം തത്കാലികമായി തടയണമെന്ന ഇടക്കാല ആവശ്യം ഹൈക്കോടതി അംഗീകരിച്ചില്ല. ഹർജിയിലെ സാങ്കേതിക പിഴവുകൾ തിരുത്തി നൽകാൻ കോടതി നിർദ്ദേശിച്ചു. സംഘടനയുടെ രജിസ്ട്രേഷൻ നമ്പർ സീലിൽ ഇല്ലാത്തതടക്കം ഹർജിയിൽ നിരവധി പിഴവുകളുണ്ടായിരുന്നു. ഇക്കാര്യം പരിഹരിച്ച് ഹർജി ഫയൽ ചെയ്യാൻ നിർദ്ദേശിച്ച കോടതി ഹർജി തിങ്കളാഴ്ച പരിഗണിക്കാനും തീരുമാനിച്ചു. കൊച്ചി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സിയ, ജസ്റ്റിസ് ഫോർ സിറ്റിസൺ എന്നീ സംഘടനകളാണ് ഹർജി നൽകിയത്. ആനയെ ശാസ്ത്രീയമായല്ല മയക്കുവെടി വയ്ക്കുന്നതെന്നും അരിക്കൊമ്പന്റെ നിലവിലെ സ്ഥിതി വനംവകുപ്പ് ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ടാണ് ഹർജി.
അരിക്കൊമ്പനേക്കാൾ ഭീകരൻ; മയക്കുവെടി പലതേറ്റിട്ടും ആന മയങ്ങിയില്ല, അണക്കെട്ടിലിറങ്ങിയും വിറപ്പിച്ചു, ചക്കക്കൊമ്പൻ ദൗത്യം അനിശ്ചിത കാലത്തേക്ക് ഉപേക്ഷിച്ചെന്ന് സിസിഎഫ്
