റിയാദ്: സൗദി അറേബ്യയില്‍ പ്രവര്‍ത്തിക്കുന്ന വന്‍കിട ബഹുരാഷ്ട്ര കമ്പനികള്‍ക്ക് 15 ശതമാനം മിനിമം നികുതി ഏര്‍പ്പെടുത്തുന്നു. 2027 ജനുവരി ഒന്നുമുതല്‍ ആഭ്യന്തര മിനിമം ടോപ്പ്-അപ്പ് ടാക്‌സ് (ഡി എം ടി ടി) നടപ്പാക്കുമെന്ന് സൗദി സകാത്ത്, ടാക്‌സ് ആന്‍ഡ് കസ്റ്റംസ് അതോറിറ്റി (സാറ്റ്ക) അറിയിച്ചു. വാര്‍ഷിക വരുമാനം കുറഞ്ഞത് 75 കോടി യൂറോ വരുന്ന ബഹുരാഷ്ട്ര കമ്പനികള്‍ക്കാണ് പുതിയ നികുതി ബാധകമാകുക.
രാജ്യത്തിന്റെ നികുതി വരുമാനം സംരക്ഷിക്കുകയും നികുതി സംവിധാനം അന്താരാഷ്ട്ര മാനദണ്ഡങ്ങളുമായി പൊരുത്തപ്പെടുത്തുകയുമാണ് പുതിയ നടപടിയുടെ ലക്ഷ്യമെന്ന് അതോറിറ്റി എക്‌സിലെ പ്രസ്താവനയില്‍ വ്യക്തമാക്കി.
നികുതി പ്രാബല്യത്തില്‍ വരുന്നതിന് മുമ്പുള്ള നാല് സാമ്പത്തിക വര്‍ഷങ്ങളില്‍ കുറഞ്ഞത് രണ്ടുവര്‍ഷമെങ്കിലും 75 കോടി യൂറോയുടെ ഏകീകൃത വാര്‍ഷിക വരുമാനം രേഖപ്പെടുത്തിയ ബഹുരാഷ്ട്ര കമ്പനികള്‍ക്കാണ് പുതിയ വ്യവസ്ഥ ബാധകമാകുക. കമ്പനിയുടെ അന്തിമ മാതൃസ്ഥാപനത്തിന്റെ ഏകീകൃത സാമ്പത്തിക പ്രസ്താവനകളുടെ അടിസ്ഥാനത്തിലായിരിക്കും വരുമാനം കണക്കാക്കുക.
സൗദി അറേബ്യയില്‍നിന്ന് ലഭിക്കുന്ന നികുതിക്ക് വിധേയമായ ലാഭത്തിനുമേലുള്ള ഫലപ്രദമായ നികുതി നിരക്ക് 15 ശതമാനമായി ഉറപ്പാക്കുന്നതാണ് പുതിയ സംവിധാനം. നിലവിലുള്ള നികുതി നിരക്ക് ഇതിലും താഴെയാണെങ്കില്‍ ശേഷിക്കുന്ന തുക അധിക നികുതിയായി ഈടാക്കും. കമ്പനികളുടെ മൊത്തം വരുമാനത്തിനല്ല, നികുതിക്ക് വിധേയമായ ലാഭത്തിനാണ് 15 ശതമാനം നിരക്ക് ബാധകമാകുന്നത്.
സൗദിയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ സ്ഥാപനങ്ങള്‍ക്കും പുതിയ നികുതി ബാധകമാകില്ല. നിശ്ചിത വരുമാനപരിധി പാലിക്കുന്ന ബഹുരാഷ്ട്ര കമ്പനികളുടെ യോഗ്യതയുള്ള സ്ഥാപനങ്ങള്‍ക്കാണ് ഇത് ബാധകം. സൗദിക്കുള്ളില്‍ മാത്രം പ്രവര്‍ത്തിക്കുന്നതും നികുതി വ്യവസ്ഥയുടെ പരിധിയില്‍ വരുന്ന ബഹുരാഷ്ട്ര ഗ്രൂപ്പുകളുടെ ഭാഗമല്ലാത്തതുമായ പ്രാദേശിക കമ്പനികളെ ഇതില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
സാമ്പത്തിക സഹകരണത്തിനും വികസനത്തിനുമുള്ള സംഘടനയും (ഒ ഇ സി ഡി) ജി20യും ചേര്‍ന്ന് രൂപപ്പെടുത്തിയ ആഗോള നികുതി പരിഷ്‌കരണ പദ്ധതിയായ പില്ലര്‍ ടൂവിന്റെ ഭാഗമായാണ് സൗദി അറേബ്യ പുതിയ നികുതി നടപ്പാക്കുന്നത്.
കുറഞ്ഞ നികുതി നിരക്കുള്ള രാജ്യങ്ങളിലേക്ക് ലാഭം മാറ്റുന്നതിലൂടെ വന്‍കിട ബഹുരാഷ്ട്ര കമ്പനികള്‍ നികുതി ബാധ്യത കുറയ്ക്കുന്നത് തടയുകയാണ് പദ്ധതിയുടെ ലക്ഷ്യം. കമ്പനികള്‍ ലാഭം നേടുന്ന രാജ്യങ്ങളില്‍ കുറഞ്ഞത് 15 ശതമാനം ഫലപ്രദമായ നികുതി നല്‍കുന്നുവെന്ന് ഉറപ്പാക്കുന്നതിനുള്ള ആഗോള സംവിധാനമാണിത്.
പുതിയ വ്യവസ്ഥയിലൂടെ സൗദി അറേബ്യയില്‍നിന്ന് ലഭിക്കുന്ന യോഗ്യതയുള്ള ലാഭത്തിനുമേല്‍ നിശ്ചിത പരിധിവരെയുള്ള അധിക നികുതി രാജ്യത്തിന് നേരിട്ട് ഈടാക്കാനാകും.
