പാലക്കാട്: പെരിങ്ങോട്ടുകുറിശ്ശിയിൽ പ്രവർത്തിക്കുന്ന ജ്വല്ലറിയിൽ പട്ടാപ്പകൽ കത്തിയും തോക്കും കാട്ടി ഭീഷണിപ്പെടുത്തി വൻ കവർച്ച. ഇഷാൻ ഗോൾഡ് ജ്വല്ലറിയിൽ നിന്ന് ഏകദേശം 20 പവനോളം സ്വർണാഭരണങ്ങളാണ് കവർച്ചാസംഘം കവർന്നത്. ഉച്ചയ്ക്ക് മൂന്നുമണിയോടെയായിരുന്നു സംഭവം.
ജ്വല്ലറി ഉടമ ഭക്ഷണം കഴിക്കുന്ന സമയത്താണ് TN 07 AE 0145 നമ്പറിലുള്ള സാൻട്രോ കാറിലെത്തിയ സംഘം കവർച്ച നടത്തിയത്. ജ്വല്ലറിയിലെത്തിയ സംഘം ആയുധം കാട്ടി ഉടമയെ ഭീഷണിപ്പെടുത്തി സ്വർണാഭരണങ്ങൾ കൈക്കലാക്കുകയായിരുന്നു. തുടർന്ന് കാറിൽ കയറി അതിവേഗം രക്ഷപ്പെട്ടു. സംഘത്തിലുണ്ടായിരുന്നവർ ഹിന്ദി സംസാരിക്കുന്നവരാണെന്നാണ് ലഭിക്കുന്ന പ്രാഥമിക വിവരം. കവർച്ചയ്ക്കുശേഷം സംഘം തൃശൂർ ജില്ലയിലെ തിരുവില്വാമല ഭാഗത്തേക്ക് പോയതായും സൂചനയുണ്ട്.
സംഭവം അറിഞ്ഞതോടെ കോട്ടായി പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. കവർച്ചയ്ക്ക് ഉപയോഗിച്ച കാറിൻ്റെ നമ്പർ കേന്ദ്രീകരിച്ചും പ്രതികൾ രക്ഷപ്പെട്ട വഴികളിലെ നിരീക്ഷണ ക്യാമറാ ദൃശ്യങ്ങൾ പരിശോധിച്ചും അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. സമീപ പ്രദേശങ്ങളിലെ പൊലീസ് സ്റ്റേഷനുകൾക്കും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. പട്ടാപ്പകൽ തിരക്കേറിയ സമയത്ത് ജ്വല്ലറിയിൽ നടന്ന കവർച്ച പ്രദേശത്ത് വലിയ ആശങ്കയ്ക്കിടയാക്കിയിട്ടുണ്ട്. പ്രതികളെ കണ്ടെത്താനും കവർന്ന സ്വർണം വീണ്ടെടുക്കാനുമുള്ള ശ്രമത്തിലാണ് പൊലീസ്. പ്രതികളുടെ എണ്ണമടക്കമുള്ള കൂടുതൽ വിവരങ്ങൾ അന്വേഷണത്തിലൂടെ മാത്രമേ വ്യക്തമാകൂവെന്നും പൊലീസ് അറിയിച്ചു.
തോക്കും കത്തിയുമായി കവർച്ചാ സംഘം, പാലക്കാടിനെ ഞെട്ടിച്ച് ജ്വല്ലറിയിൽ മോഷണം, 20 പവൻ കവർന്നു
