യു എസ് മുന്‍ ഡെപ്യൂട്ടി സ്റ്റേറ്റ് സെക്രട്ടറി സ്‌ട്രോബ് ടാല്‍ബോട്ട് അന്തരിച്ചു

യു എസ് മുന്‍ ഡെപ്യൂട്ടി സ്റ്റേറ്റ് സെക്രട്ടറി സ്‌ട്രോബ് ടാല്‍ബോട്ട് അന്തരിച്ചു


വാഷിംഗ്ടണ്‍: യു എസ് മുന്‍ ഡെപ്യൂട്ടി സ്റ്റേറ്റ് സെക്രട്ടറി സ്‌ട്രോബ് ടാല്‍ബോട്ട് (80) അന്തരിച്ചു. അസുഖത്തെത്തുടര്‍ന്ന് ന്യൂയോര്‍ക്കിലെ ഈസ്റ്റ് ഹാംപ്ടണിലുള്ള വസതിയിലായിരുന്നു അന്ത്യം. മകന്‍ ഡെവിന്‍ ടാല്‍ബോട്ടാണ് മരണവിവരം സ്ഥിരീകരിച്ചത്.

1998ലെ പൊഖ്‌റാന്‍ ആണവ പരീക്ഷണങ്ങള്‍ക്കുശേഷം ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള ചര്‍ച്ചകളില്‍ നിര്‍ണായക പങ്കുവഹിച്ച വ്യക്തിയായിരുന്നു ടാല്‍ബോട്ട്. അന്നത്തെ യു എസ് ഡെപ്യൂട്ടി സ്റ്റേറ്റ് സെക്രട്ടറി എന്ന നിലയില്‍ ഇന്ത്യയുമായുള്ള നയതന്ത്ര ചര്‍ച്ചകള്‍ക്ക് അദ്ദേഹം നേതൃത്വം നല്‍കി.

1994ലാണ് ടാല്‍ബോട്ട് യു എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റില്‍ ചേര്‍ന്നത്. റഷ്യയുമായും മുന്‍ സോവിയറ്റ് യൂണിയനുമായി സഖ്യത്തിലായിരുന്ന മറ്റ് രാജ്യങ്ങളുമായും ബന്ധപ്പെട്ട് ബില്‍ ക്ലിന്റണ്‍ ഭരണകൂടം സ്വീകരിച്ച നയങ്ങളുടെ രൂപീകരണത്തില്‍ പ്രധാന പങ്കുവഹിച്ചു. പിന്നീട് പ്രമുഖ ഗവേഷണ സ്ഥാപനമായ ബ്രൂക്കിങ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ അധ്യക്ഷനായും പ്രവര്‍ത്തിച്ചു.

യേല്‍ സര്‍വകലാശാലയിലും ഓക്‌സ്ഫഡിലുമായിരുന്നു വിദ്യാഭ്യാസം. ഓക്‌സ്ഫഡില്‍ പഠിക്കുമ്പോള്‍ ബില്‍ ക്ലിന്റണിന്റെ സഹപാഠിയും സുഹൃത്തുമായിരുന്നു അദ്ദേഹം.

മോസ്‌കോയില്‍ ടൈം മാസികയുടെ ഇന്റേണ്‍ ആയി പ്രവര്‍ത്തിച്ചിരുന്ന കാലത്താണ് സോവിയറ്റ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മുന്‍ ജനറല്‍ സെക്രട്ടറിയായിരുന്ന നികിത ക്രൂഷ്‌ചേവിന്റെ പുറത്തുവന്ന ഓര്‍മക്കുറിപ്പുകള്‍ പരിഭാഷപ്പെടുത്താന്‍ മാസിക ടാല്‍ബോട്ടിനെ ചുമതലപ്പെടുത്തിയത്. ഇതോടെ ചെറുപ്പത്തില്‍ത്തന്നെ മാധ്യമരംഗത്ത് ശ്രദ്ധേയനായി.

ടൈം മാസികയില്‍ 21 വര്‍ഷം പ്രവര്‍ത്തിച്ച അദ്ദേഹം സോവിയറ്റ്- അമേരിക്കന്‍ ബന്ധങ്ങളിലായിരുന്നു പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. വാഷിംഗ്്ടണ്‍ ബ്യൂറോ ചീഫ്, വിദേശകാര്യ കോളമിസ്റ്റ് തുടങ്ങിയ ചുമതലകളും വഹിച്ചു. ഈ കാലയളവിനുശേഷമാണ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ബില്‍ ക്ലിന്റണ്‍ അദ്ദേഹത്തെ സര്‍ക്കാര്‍ ചുമതലയിലേക്ക് ക്ഷണിച്ചത്.