അഹമ്മദാബാദ്: പാകിസ്ഥാന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഭീകരസംഘടനയായ ജെയ്ഷെ മുഹമ്മദ് (ജെ ഇ എം) ബന്ധമുണ്ടെന്ന് സംശയിക്കുന്നയാളെ ഗുജറാത്ത് ഭീകരവിരുദ്ധ സേന (എ ടി എസ്) അറസ്റ്റ് ചെയ്തു. അസമിലെ കരിംഗഞ്ച് സ്വദേശിയായ മുഹമ്മദ് സഹറുല്‍ ഇസ്ലാമാണ് പിടിയിലായത്. വഡോദരയിലെ വ്യോമസേനാ താവളം ആക്രമിക്കാന്‍ ഇയാള്‍ പദ്ധതിയിട്ടിരുന്നതായി എ ടി എസ് ഡെപ്യൂട്ടി ഇന്‍സ്‌പെക്ടര്‍ ജനറല്‍ സുനില്‍ ജോഷി മാധ്യമങ്ങളോട് പറഞ്ഞു.
വഡോദരയില്‍നിന്ന് അറസ്റ്റിലായ 22കാരന്റെ പക്കല്‍നിന്ന് എകെ 47 തോക്കും 23 റൗണ്ട് വെടിയുണ്ടകളും പിടിച്ചെടുത്തു.
പാകിസ്ഥാന്‍ ആസ്ഥാനമായുള്ള ഹാന്‍ഡ്ലറുടെ നിര്‍ദേശപ്രകാരം ഇയാള്‍ വ്യോമസേനാ താവളം നിരീക്ഷിക്കുകയും മൊബൈല്‍ ഫോണില്‍ ചിത്രങ്ങള്‍ പകര്‍ത്തുകയും ചെയ്തിരുന്നതായി പൊലീസ് അറിയിച്ചു. ആക്രമണത്തിനുശേഷം പാകിസ്ഥാനിലേക്ക് കടക്കാനായിരുന്നു പദ്ധതിയെന്നും പൊലീസ് വ്യക്തമാക്കി.
കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികളും ഗുജറാത്ത് എ ടി എസും ആറു മാസം മുമ്പുതന്നെ ഇയാളെ സാങ്കേതികമായും നേരിട്ടും നിരീക്ഷിച്ചുവരികയായിരുന്നു.
പ്രതിയുടെ വാട്‌സ്ആപ്പ് സന്ദേശങ്ങള്‍ പരിശോധിച്ചതില്‍ വഡോദര വ്യോമസേനാ താവളത്തിന്റെ പ്രവേശന കവാടത്തിന്റെയും മറ്റ് തന്ത്രപ്രധാനമായ അടിസ്ഥാനസൗകര്യങ്ങളുടെയും ചിത്രങ്ങള്‍ കണ്ടെത്തി. ജെയ്ഷെ മുഹമ്മദുമായി ബന്ധമുള്ള തീവ്രവാദ ആശയപ്രചാരണ സാഹിത്യങ്ങളും ഇയാളുടെ ഫോണില്‍നിന്ന് കണ്ടെടുത്തു. നിരോധിത സംഘടനയുമായുള്ള ബന്ധവും തീവ്രവാദ ആശയങ്ങളിലേക്കുള്ള ചായ്വും ഇത് വ്യക്തമാക്കുന്നതാണെന്ന് പൊലീസ് പറഞ്ഞു.
ആക്രമണം നടത്തുകയെന്ന ലക്ഷ്യത്തോടെ ഇയാള്‍ ഗുജറാത്തിലേക്ക് യാത്ര തിരിക്കുന്നതായി നവംബര്‍ 23ന് അന്വേഷണ ഏജന്‍സികള്‍ക്ക് രഹസ്യവിവരം ലഭിച്ചിരുന്നു.
സുരക്ഷാ ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെടാതിരിക്കാനും യാത്രാവിവരങ്ങള്‍ മറച്ചുവെക്കാനുമായി അസമില്‍നിന്ന് ഗുജറാത്തിലേക്ക് നേരിട്ടുള്ള യാത്ര ഒഴിവാക്കി വിവിധ ട്രെയിനുകളും ബസുകളും ഉപയോഗിച്ചാണ് ഇയാള്‍ എത്തിയത്.
ഇതിനുമുമ്പും ഇയാള്‍ പലതവണ ഗുജറാത്ത് സന്ദര്‍ശിച്ചിരുന്നതായി പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. അടുത്തിടെ വഡോദരയിലെത്തി വ്യോമസേനാ താവളവും ഗുജറാത്തിലെ മറ്റ് തന്ത്രപ്രധാന കേന്ദ്രങ്ങളും നിരീക്ഷിച്ച് ആക്രമണത്തിനാവശ്യമായ വിവരങ്ങള്‍ ശേഖരിച്ചിരുന്നതായും പൊലീസ് അറിയിച്ചു.
