'ജഡ്ജി നിയമനത്തിൽ ഒരു സമുദായത്തെ പ്രീണിപ്പിക്കുന്നു'; ഇടപെടൽ തേടി രാഷ്ട്രപതിക്ക് മുൻ ചീഫ് ജസ്റ്റിസിന്റെ കത്ത്

'ജഡ്ജി നിയമനത്തിൽ ഒരു സമുദായത്തെ പ്രീണിപ്പിക്കുന്നു'; ഇടപെടൽ തേടി രാഷ്ട്രപതിക്ക് മുൻ ചീഫ് ജസ്റ്റിസിന്റെ കത്ത്


ന്യൂഡൽഹി: സുപ്രീം കോടതി കൊളീജിയം നടത്തുന്ന 'നിയമനങ്ങളിലും സ്ഥലംമാറ്റങ്ങളിലും' തന്റെ 'വിയോജിപ്പും നിരാശയും' പ്രകടിപ്പിച്ചുകൊണ്ട്, മുൻ ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായ് വെള്ളിയാഴ്ച രാഷ്ട്രപതി ദ്രൗപദി മുർമുവിന് കത്തെഴുതി. കൊളീജിയത്തിന്റെ ശുപാർശകൾ വൈവിധ്യത്തെയും പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങളുടെ പ്രാതിനിധ്യത്തെയും അവഗണിച്ചുകൊണ്ട്, ഒരു പ്രത്യേക വിഭാഗത്തിന് അമിത പരിഗണന നൽകുന്ന രീതിയിലാണെന്ന് അദ്ദേഹം കത്തിൽ ചൂണ്ടിക്കാട്ടി.

ജനസംഖ്യയുടെ അഞ്ച് ശതമാനത്തിൽ താഴെ മാത്രംവരുന്ന ഒരു സമുദായത്തിന് സമീപകാലത്ത് സുപ്രീം കോടതിയിലെ ജഡ്ജി നിയമനത്തിൽ 40 ശതമാനത്തിലധികം പ്രാതിനിധ്യം ലഭിച്ചെന്ന് കത്തിൽ ജസ്റ്റിസ് ബി.ആർ. ഗവായ് ആരോപിച്ചു. സമീപകാലത്ത്, യോഗ്യതയുടെയും ഉൾക്കൊള്ളലിന്റെയും തത്വങ്ങളെ പൂർണമായും അവഗണിക്കുന്ന ആശങ്കാജനകമായ സംഭവങ്ങളാണ് ഉണ്ടായിരിക്കുന്നത്. സമൂഹത്തിലെ പ്രത്യേക വിഭാഗത്തിൽപ്പെട്ട സ്ഥാനാർഥികളെ മറ്റെല്ലാവരെയും ഒഴിവാക്കി നിയമനത്തിനും സ്ഥാനക്കയറ്റത്തിനും ശുപാർശ ചെയ്യുന്നു. ഇതിലൂടെ ജഡ്ജി നിയമനത്തിൽ പാർശ്വവത്കരിക്കപ്പെട്ട വിഭാഗങ്ങളുടെ പ്രാതിനിധ്യം കുറയുന്നതായും ജസ്റ്റിസ് ഗവായ് ആരോപിച്ചു. 

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര നിയമ സഹമന്ത്രി അർജുൻ റാം മേഘ്‌വാളിനും കൂടി അയച്ച ഈ കത്തിൽ, ഭരണഘടനാപരമായ ഉത്തരവാദിത്തത്തെക്കുറിച്ച് ഗൗരവകരമായ ചോദ്യങ്ങൾ ഉയർത്തുന്ന ഈ വിഷയത്തിൽ ഇടപെടണമെന്ന് അദ്ദേഹം രാഷ്ട്രപതിയോട് അഭ്യർത്ഥിച്ചു.

താൻ ചീഫ് ജസ്റ്റിസ് ആയിരുന്ന കാലയളവിൽ ഹൈക്കോടതികളിലേക്കും സുപ്രീം കോടതിയിലേക്കും ജഡ്ജിമാരെ ഉയർത്തുന്നതിനുള്ള സ്ഥാനക്കയറ്റ ശുപാർശകൾ തയ്യാറാക്കിയപ്പോൾ വൈവിധ്യവും ഉൾക്കൊള്ളലും ഉറപ്പാക്കുന്ന തത്വങ്ങൾ സ്ഥിരമായി പാലിച്ചിരുന്നു. എന്നാൽ, സമീപകാല സംഭവവികാസങ്ങൾ ഒരു പ്രത്യേക വിഭാഗത്തിൽപ്പെട്ട സ്ഥാനാർഥികൾക്ക് ജുഡീഷ്യൽ നിയമനങ്ങളിൽ മുൻഗണന നൽകുന്നുവെന്ന ധാരണയ്ക്ക് ഇടയാക്കിയിട്ടുണ്ടെന്ന് കത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അതേസമയം, മുന്നാക്ക വിഭാഗത്തിൽപ്പെട്ട സ്ഥാനാർഥികളെ പരിഗണിക്കുന്നതിനെ താൻ എതിർക്കുന്നുവെന്ന് തെറ്റിദ്ധരിക്കരുതെന്നും ഗവായ് കത്തിൽ പറഞ്ഞു.