മതചിഹ്നങ്ങള്‍ ധരിക്കുന്നതിന് വിലക്ക്; ക്യൂബെക്കിന്റെ നിയമത്തിന് കാനഡ സുപ്രീംകോടതിയുടെ അംഗീകാരം

മതചിഹ്നങ്ങള്‍ ധരിക്കുന്നതിന് വിലക്ക്; ക്യൂബെക്കിന്റെ നിയമത്തിന് കാനഡ സുപ്രീംകോടതിയുടെ അംഗീകാരം


ഒട്ടാവ: പൊതുമേഖലാ ജീവനക്കാര്‍ ഹിജാബ്, കുരിശ്, സിഖ് മതചിഹ്നങ്ങള്‍ തുടങ്ങിയവ ധരിക്കുന്നത് വിലക്കുന്ന ക്യൂബെക്കിലെ നിയമത്തിന് കാനഡ സുപ്രീംകോടതിയുടെ ഭൂരിപക്ഷ അംഗീകാരം. 2019ല്‍ പ്രാബല്യത്തില്‍ വന്ന ബില്‍ 21 എന്ന നിയമത്തിനെതിരായ നിയമപോരാട്ടത്തിലാണ് സുപ്രീംകോടതിയുടെ നിര്‍ണായക വിധി. അതേസമയം, മതപരമായ കാരണങ്ങളാല്‍ മുഖം മറയ്ക്കുന്ന ക്യൂബെക്കിലെ തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് ജനാധിപത്യാവകാശങ്ങളുടെ ലംഘനമാണെന്നും കോടതി വ്യക്തമാക്കി.

മുസ്ലിം, സിഖ്, കത്തോലിക്കാ വിഭാഗങ്ങളില്‍പ്പെട്ട അധ്യാപികമാരടക്കം വിവിധ സംഘടനകളാണ് നിയമത്തിനെതിരെ കോടതിയെ സമീപിച്ചത്. മതസ്വാതന്ത്ര്യം, അഭിപ്രായപ്രകടന സ്വാതന്ത്ര്യം, തുല്യതയ്ക്കുള്ള അവകാശം എന്നിവ നിയമം ലംഘിക്കുന്നുവെന്നായിരുന്നു ഹര്‍ജിക്കാരുടെ വാദം. പ്രത്യേകിച്ച് ഹിജാബ് ധരിക്കുന്ന മുസ്ലിം സ്ത്രീകളെ പൊതുമേഖലയിലെ പ്രധാന തൊഴില്‍ മേഖലകളില്‍നിന്ന് മാറ്റിനിര്‍ത്തുന്നതാണ് നിയമമെന്ന് പൗരാവകാശ സംഘടനകള്‍ ആരോപിച്ചു.

കാനഡ ഭരണഘടനയിലെ 'നോട്ട്വിത്ത്സ്റ്റാന്‍ഡിങ് ക്ലോസ്' ഉപയോഗിച്ചാണ് ക്യൂബെക്ക് സര്‍ക്കാര്‍ നിയമം നടപ്പാക്കിയത്. ചില മൗലികാവകാശങ്ങള്‍ മറികടക്കാന്‍ സര്‍ക്കാരുകള്‍ക്ക് അധികാരം നല്‍കുന്നതാണ് ഈ വ്യവസ്ഥ. ഈ വ്യവസ്ഥ പ്രയോഗിച്ചാലും ഒരു നിയമം കനേഡിയന്‍ അവകാശ ചാര്‍ട്ടറിന് അനുസൃതമാണോയെന്ന് പരിശോധിക്കാന്‍ കോടതികള്‍ക്ക് അധികാരമുണ്ടെന്നും സുപ്രീംകോടതി വ്യക്തമാക്കി. എന്നാല്‍ ഈ കേസില്‍ അത്തരമൊരു പ്രഖ്യാപനം നടത്താന്‍ കോടതി തയ്യാറായില്ല.

ഏഴ് ജഡ്ജിമാരില്‍ ഭൂരിപക്ഷം നിയമത്തെ പിന്തുണച്ചപ്പോള്‍ മൂന്ന് ജഡ്ജിമാര്‍ വിയോജിപ്പ് രേഖപ്പെടുത്തി. സ്വതന്ത്രവും ജനാധിപത്യപരവുമായ രാജ്യത്തിന്റെ അടിസ്ഥാന സ്വഭാവത്തിന് വിരുദ്ധമായ നിയമങ്ങളെ നോട്ട്വിത്ത്സ്റ്റാന്‍ഡിങ് ക്ലോസ് ഉപയോഗിച്ച് ന്യായീകരിക്കാനാവില്ലെന്നായിരുന്നു അവരുടെ നിലപാട്.

പ്രവിശ്യയുടെ മതനിരപേക്ഷ സ്വഭാവവും തനിമയും സംരക്ഷിക്കാനാണ് നിയമമെന്നാണ് ക്യൂബെക്ക് സര്‍ക്കാരിന്റെ വാദം.