വാഷിംഗ്ടണ്‍: ഇടക്കാല തെരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിട്ടതിന് പിന്നാലെ റിപ്പബ്ലിക്കന്‍ പാര്‍ട്ടി അംഗങ്ങള്‍ക്കെതിരെ ഭീഷണിയുയര്‍ത്തിയെന്ന ആരോപണത്തില്‍ ഡെമോക്രാറ്റുകള്‍ക്കെതിരെ അന്വേഷണം നടത്താന്‍ നീതിന്യായ വകുപ്പിന് (ഡിഒജെ) നിര്‍ദേശം നല്‍കി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇംപീച്ച്മെന്റ് ഉള്‍പ്പെടെയുള്ള നടപടികളിലൂടെ നിരവധി പേരെ ഭീഷണിപ്പെടുത്തുകയാണെന്ന് ഡെമോക്രാറ്റുകള്‍ക്കെതിരെ ആരോപിച്ച ട്രംപ് ഇത്തരം നീക്കങ്ങള്‍ ക്രിമിനല്‍ കുറ്റമാണെന്നും അവകാശപ്പെട്ടു.
ട്രൂത്ത് സോഷ്യലില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് ട്രംപ് ഇക്കാര്യം അറിയിച്ചത്. ഡെമോക്രാറ്റുകളുടെ നടപടികളെ 'ഉന്നതതലത്തിലുള്ള പിടിച്ചുപറി' എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. റിപ്പബ്ലിക്കന്‍ അനുകൂലികളെ തടവിലാക്കുമെന്ന് ഭീഷണിപ്പെടുത്തുന്നതായും വിവിധ തരത്തിലുള്ള ശിക്ഷാനടപടികള്‍ക്ക് വിധേയരാക്കുമെന്ന് മുന്നറിയിപ്പ് നല്‍കുന്നതായും ട്രംപ് ആരോപിച്ചു. എന്നാല്‍ ആരോപണങ്ങള്‍ക്ക് ഉപോല്‍ബലകമായ തെളിവുകളൊന്നും അദ്ദേഹം പുറത്തുവിട്ടിട്ടില്ല.
രാഷ്ട്രീയ നിലപാടിന്റെയും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയോടുള്ള പിന്തുണയുടെയും പേരില്‍ മാത്രം പാര്‍ട്ടി അംഗങ്ങളെ ലക്ഷ്യമിടുകയാണെന്നും ഇത് അധികാരത്തിന്റെ ദുരുപയോഗവും നിയമനടപടികളെ രാഷ്ട്രീയ ആയുധമാക്കലുമാണെന്നും ട്രംപ് ആരോപിച്ചു. ഡെമോക്രാറ്റിക് സെനറ്റര്‍ എലിസ സ്ലോട്ട്കിനെയും അദ്ദേഹം പ്രത്യേകം വിമര്‍ശിച്ചു. റിപ്പബ്ലിക്കന്‍ മൂല്യങ്ങളില്‍ വിശ്വസിക്കുന്ന യുവാക്കളെ ലക്ഷ്യമിടുകയാണ് സ്ലോട്ട്കിന്‍ എന്നായിരുന്നു ആരോപണം.
ആരോപണവിധേയമായ നടപടികളില്‍ ഡെമോക്രാറ്റിക് രാഷ്ട്രീയ നേതാക്കള്‍ക്കെതിരെ അടിയന്തര അന്വേഷണം നടത്താനാണ് നീതിന്യായ വകുപ്പിനോട് ട്രംപ് ആവശ്യപ്പെട്ടിരിക്കുന്നത്. ഭീഷണിപ്പെടുത്തുന്ന കത്തുകള്‍ ലഭിച്ചവര്‍ അവ വകുപ്പിന് കൈമാറണമെന്നും അല്ലെങ്കില്‍ നേരിട്ട് തനിക്ക് അയച്ചുതരണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു. ഇത്തരം നടപടികള്‍ക്കെതിരെ സെനറ്റും ജനപ്രതിനിധിസഭയും നീതിന്യായ വകുപ്പും ഇടപെടണമെന്നും റിപ്പബ്ലിക്കന്‍ അംഗങ്ങളോട് അദ്ദേഹം ആവശ്യപ്പെട്ടു.
'മിഷിഗണില്‍ നിന്നുള്ള സെനറ്റര്‍ എലിസ സ്ലോട്ട്കിന്‍ റിപ്പബ്ലിക്കന്‍ മൂല്യങ്ങളില്‍ വിശ്വസിക്കുന്നവരെയും നേരിയ തോതിലെങ്കിലും റിപ്പബ്ലിക്കന്‍ അനുകൂല നിലപാട് പ്രകടിപ്പിക്കുന്ന യുവാക്കളെയുമെല്ലാം ലക്ഷ്യമിടുമെന്ന് പറയുന്നു. യഥാര്‍ഥത്തില്‍ തടവിലാക്കേണ്ടത് ഈ പിടിച്ചുപറിക്കാരെയാണ്. റിപ്പബ്ലിക്കന്‍മാര്‍ എത്രയും വേഗം ജാഗ്രത പാലിക്കണം! ഡെമോക്രാറ്റിക് രാഷ്ട്രീയ നേതാക്കളില്‍നിന്ന് നിരപരാധികളായ നിരവധി പേര്‍ക്ക് ഭീഷണിക്കത്തുകള്‍ ലഭിച്ചിട്ടുണ്ട്. ഈ പ്രസ്താവനയിലൂടെ തന്നെ ഇത്തരം ക്രിമിനല്‍ നടപടികളെക്കുറിച്ച് അടിയന്തരമായി അന്വേഷിക്കാന്‍ നീതിന്യായ വകുപ്പിന് നിര്‍ദേശം നല്‍കുകയാണ്.'- ട്രംപ് ട്രൂത്ത് സോഷ്യലില്‍ എഴുതി.
