മധ്യ ജപ്പാനില്‍ 5.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം; 22 പേര്‍ക്ക് പരിക്ക്

മധ്യ ജപ്പാനില്‍ 5.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം; 22 പേര്‍ക്ക് പരിക്ക്


ടോക്കിയോ: മധ്യ ജപ്പാനില്‍ ഞായറാഴ്ച പുലര്‍ച്ചെയുണ്ടായ ശക്തമായ ഭൂചലനത്തില്‍ 22 പേര്‍ക്ക് പരിക്കേറ്റു. നിരവധി കടകളുടെ ചില്ലുകള്‍ തകരുകയും ജനങ്ങള്‍ പരിഭ്രാന്തരായി കെട്ടിടങ്ങളില്‍നിന്ന് പുറത്തേക്ക് ഓടുകയും ചെയ്തു. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

ജപ്പാന്‍ കാലാവസ്ഥാ ഏജന്‍സി ഭൂചലനത്തിന്റെ തീവ്രത റിക്ടര്‍ സ്‌കെയിലില്‍ 5.7 ആയും അമേരിക്കന്‍ ജിയോളജിക്കല്‍ സര്‍വേ (യു എസ് ജി എസ്) 5.5 ആയും രേഖപ്പെടുത്തി. ഭൂചലനത്തിനു പിന്നാലെ നിരവധി തുടര്‍ചലനങ്ങളും അനുഭവപ്പെട്ടു.

ഐച്ചി പ്രിഫെക്ചറിനു സമീപമുള്ള വിശാലമായ പ്രദേശങ്ങളിലാണ് ഭൂചലനത്തിന്റെ പ്രകമ്പനം അനുഭവപ്പെട്ടത്. ഹമാമാത്സു നഗരം, ചരിത്രപ്രസിദ്ധമായ ക്യോട്ടോ, നാര നഗരങ്ങള്‍ എന്നിവയ്ക്കു പുറമെ യമനാഷി, ഗിഫു പ്രിഫെക്ചറുകളിലും പ്രകമ്പനമുണ്ടായി. ജപ്പാനിലെ പ്രശസ്തമായ ഫുജി പര്‍വതം സ്ഥിതി ചെയ്യുന്നത് യമനാഷി മേഖലയിലാണ്.

ഭൂചലനത്തെത്തുടര്‍ന്ന് കടകളുടെ ചില്ലുകള്‍ തകര്‍ന്നതായും ചില്ലുകഷണങ്ങള്‍ റോഡുകളില്‍ ചിതറിക്കിടക്കുന്നതായും ജപ്പാന്‍ ടെലിവിഷന്‍ ചാനലുകള്‍ പുറത്തുവിട്ട ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഒരു പുസ്തകശാലയിലെ അലമാരകളില്‍നിന്ന് നിരവധി പുസ്തകങ്ങള്‍ താഴെ വീണ് തറയില്‍ കുന്നുകൂടിക്കിടക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. ഭൂചലനത്തെത്തുടര്‍ന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ പടിക്കെട്ടുകളില്‍നിന്ന് വീണവര്‍ക്കും പരിക്കേറ്റു.

ശിസുവോക്ക പ്രിഫെക്ചറിലാണ് ഞായറാഴ്ച പുലര്‍ച്ചെ 1.04-ന് ഭൂചലനമുണ്ടായത്. ഭൂമിയുടെ ഉപരിതലത്തില്‍നിന്ന് ഏകദേശം 40 കിലോമീറ്റര്‍ ആഴത്തിലായിരുന്നു പ്രഭവകേന്ദ്രം. ഐച്ചിയും ശിസുവോക്കയും സമീപപ്രദേശങ്ങളാണ്. കൂടുതല്‍ അകലെയുള്ള ടോക്കിയോയില്‍ ഭൂചലനത്തിന്റെ പ്രകമ്പനം അനുഭവപ്പെട്ടില്ല. ഔദ്യോഗിക ഭൂകമ്പ നിരീക്ഷണ വിലയിരുത്തലുകള്‍ പ്രകാരം ഐച്ചി മേഖലയിലാണ് ഏറ്റവും ശക്തമായ പ്രകമ്പനമുണ്ടായത്.

സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി ഭൂചലനം ബാധിച്ച മേഖലകളിലൂടെ സര്‍വീസ് നടത്തിയിരുന്ന ഷിന്‍കാന്‍സെന്‍ അതിവേഗ ട്രെയിനുകളുടെ വേഗം കുറച്ചു. ഭൂചലനങ്ങള്‍ അതിവേഗ റെയില്‍പാതകള്‍ക്ക് കേടുപാടുകള്‍ വരുത്താന്‍ സാധ്യതയുള്ളതിനാലാണ് നടപടി.

ഭൂകമ്പസാധ്യത കൂടുതലുള്ള മേഖലയിലാണ് ജപ്പാന്‍ സ്ഥിതി ചെയ്യുന്നത്. രാജ്യത്ത് ഇടയ്ക്കിടെ ശക്തമായ ഭൂചലനങ്ങള്‍ അനുഭവപ്പെടാറുണ്ട്.