ഇസ്രയേലിനെതിരെ ആംസ്റ്റര്‍ഡാമില്‍ വന്‍ പ്രതിഷേധം; തെരുവിലിറങ്ങിയത് രണ്ട് ലക്ഷത്തിലധികം പേര്‍

ഇസ്രയേലിനെതിരെ ആംസ്റ്റര്‍ഡാമില്‍ വന്‍ പ്രതിഷേധം; തെരുവിലിറങ്ങിയത് രണ്ട് ലക്ഷത്തിലധികം പേര്‍


ആംസ്റ്റര്‍ഡാം: ഗാസയില്‍ ഇസ്രയേല്‍ നടത്തുന്ന സൈനിക നടപടികള്‍ക്കെതിരെ നെതര്‍ലന്‍ഡ്സിന്റെ തലസ്ഥാനമായ ആംസ്റ്റര്‍ഡാമില്‍ രണ്ട് ലക്ഷത്തിലധികം പേര്‍ പങ്കെടുത്ത വന്‍ പ്രതിഷേധറാലി. ഞായറാഴ്ച നടന്ന പ്രതിഷേധത്തില്‍ പങ്കെടുത്തവരുടെ കണക്ക് ആംനസ്റ്റി ഇന്റര്‍നാഷണലിന്റെ ഡച്ച് ഘടകമാണ് പുറത്തുവിട്ടത്.

ചുവപ്പ് വസ്ത്രങ്ങളും ചുവപ്പ് അടയാളങ്ങളും ധരിച്ചാണ് ഭൂരിഭാഗം പ്രതിഷേധക്കാരും റാലിയില്‍ അണിനിരന്നത്. ഇസ്രയേലിനെതിരെ കര്‍ശനമായ വ്യാപാര നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുക, രാജ്യത്തേക്കുള്ള എല്ലാ ആയുധവില്‍പ്പനയും നിര്‍ത്തിവയ്ക്കുക തുടങ്ങിയ ആവശ്യങ്ങളാണ് പ്രതിഷേധക്കാര്‍ ഉയര്‍ത്തിയത്.

ഗാസയിലെ സംഭവവികാസങ്ങള്‍ മനുഷ്യത്വരഹിതമാണെന്ന് പ്രതിഷേധത്തില്‍ പങ്കെടുത്ത മൈക്ക് വാന്‍ ഡോംഗന്‍ പ്രതികരിച്ചു. ഇക്കാര്യത്തില്‍ ഡച്ച് അധികൃതര്‍ കാര്യമായ നടപടികളൊന്നും സ്വീകരിക്കുന്നില്ലെന്നും നിര്‍ണായകമായ തീരുമാനങ്ങള്‍ എടുക്കാന്‍ അവര്‍ തയ്യാറാകുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഞായറാഴ്ചത്തെ റാലിക്കായി ഗതാഗതം നിരോധിച്ച ആംസ്റ്റര്‍ഡാമിലെ പ്രധാന വീഥികളിലൂടെ പ്രതിഷേധക്കാര്‍ നീങ്ങിയപ്പോള്‍, ബസ് സ്റ്റോപ്പിന് സമീപം ഉച്ചഭാഷിണിയുമായി നിന്ന ഒരാള്‍ 'ഫ്രീ, ഫ്രീ പാലസ്തീന്‍' എന്ന മുദ്രാവാക്യം മുഴക്കി. പിന്നാലെ റാലിയില്‍ പങ്കെടുത്തവരും ഇതേറ്റുചൊല്ലി.

2023 ഒക്ടോബറില്‍ യുദ്ധം ആരംഭിച്ചതിനുശേഷം ഗാസയില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണങ്ങളില്‍ 74,000-ത്തിലധികം പാലസ്തീനികള്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. കൊല്ലപ്പെട്ടവരില്‍ ഏകദേശം 21,000 പേര്‍ കുട്ടികളാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ ആദ്യം നടന്ന സമാനമായ പ്രതിഷേധത്തിന്റെ തുടര്‍ച്ചയായിരുന്നു ഞായറാഴ്ചത്തെ റാലി. അതിന് മുമ്പ് ജൂണില്‍ ഹേഗിലും 'റെഡ് ലൈന്‍' പ്രതിഷേധങ്ങള്‍ നടന്നിരുന്നു.

അതേസമയം, 2023 ഒക്ടോബര്‍ ഏഴിന് നടന്ന ആക്രമണങ്ങള്‍ക്കുശേഷം ഇസ്രയേലില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 2,046-ല്‍ അധികമാണെന്നാണ് ഇസ്രയേല്‍ വിദേശകാര്യ മന്ത്രാലയവും അന്താരാഷ്ട്ര നിരീക്ഷണ ഏജന്‍സികളും പുറത്തുവിട്ട കണക്കുകള്‍.

കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 10ന് ഗാസയില്‍ വെടിനിര്‍ത്തല്‍ ഔദ്യോഗികമായി പ്രാബല്യത്തില്‍ വന്നിരുന്നുവെങ്കിലും അതിനുശേഷവും ഇസ്രയേല്‍ ആക്രമണങ്ങളും മരണങ്ങളും മിക്ക ദിവസങ്ങളിലും തുടരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. സംഘര്‍ഷം നെതര്‍ലന്‍ഡ്സും ഇസ്രയേലും തമ്മിലുള്ള നയതന്ത്രബന്ധത്തെയും ബാധിച്ചിട്ടുണ്ട്. ഇസ്രയേലിനെതിരെ പുതിയ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്താനുള്ള നീക്കം നടപ്പാക്കാന്‍ കഴിയാത്തതിനെത്തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം നെതര്‍ലന്‍ഡ്സിന്റെ വിദേശകാര്യ മന്ത്രി സ്ഥാനമൊഴിഞ്ഞിരുന്നു.