ന്യൂഡൽഹി: ഗ്യാനേഷ് കുമാറിനെതിരെ നടത്തിയ പ്രതിഷേധത്തിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും അറസ്റ്റ് ചെയ്ത് ഡൽഹി പൊലീസ്. മണിക്കൂറുകൾ നീണ്ട പ്രതിഷേധത്തിനൊടുവിൽ ഡല്‍ഹി ആകാശവാണി ഭവനു മുന്നില്‍ നിന്നാണ് രാഹുല്‍, പ്രിയങ്ക ഗാന്ധി, കെ സി വേണുഗോപാല്‍ അടക്കമുള്ള നേതാക്കളെ രാത്രി 7:45 ഓടെ ഡല്‍ഹി പൊലീസ് കസ്റ്റഡിയിലെടുത്തത്. കോൺഗ്രസ് എംപിമാർ അടക്കം 260ഓളം നേതാക്കളെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.
രാവിലെ ആരംഭിച്ച പ്രതിപക്ഷമായ ഇന്ത്യ മുന്നണിയുടെ മാര്‍ച്ച് സംഘര്‍ഷങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കുമൊടുവില്‍ ആകാശവാണി ഭവനില്‍ കുത്തിയിരിപ്പ് സമരമായി മാറിയിരുന്നു. പ്രതിഷേധം ഒമ്പതു മണിക്കൂര്‍ പിന്നിട്ടപ്പോഴാണ് പൊലീസ് നടപടി. ബലപ്രയോഗത്തിലൂടെയാണ് നേതാക്കളെ സമരസ്ഥലത്തു നിന്നും നീക്കിയത്.
ഇതേത്തുടര്‍ന്ന് പ്രദേശത്ത് സംഘര്‍ഷാവസ്ഥ ഉടലെടുത്തു. കസ്റ്റഡിയിലെടുത്ത പ്രിയങ്കാഗാന്ധി അതിനിടെ പൊലീസ് വാഹനത്തില്‍ നിന്നും പുറത്തിറങ്ങി. തെരഞ്ഞെടുപ്പ് കമ്മീഷണറെ കാണാന്‍ പ്രതിപക്ഷ എംപിമാര്‍ക്ക് അവസരം നല്‍കണമെന്ന് രാഹുല്‍ഗാന്ധി ആവശ്യപ്പെട്ടു. കൂടിക്കാഴ്ചയ്ക്ക് സമയം അനുവദിക്കാതെ പ്രതിഷേധത്തില്‍ നിന്നും പിന്തിരിയില്ലെന്നും രാഹുല്‍ അറിയിച്ചു. "തിരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസ് വെറും 50 മീറ്റർ അകലെയാണെങ്കിലും, അവിടേക്ക് പോകാൻ ഞങ്ങളെ അനുവദിച്ചില്ല. എന്താണ് പ്രശ്നമെന്ന് എനിക്ക് മനസ്സിലാകുന്നില്ല. തിരഞ്ഞെടുപ്പ് കൃത്യമായി നടത്തുക എന്നതാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ ചുമതല. കുറഞ്ഞത് 300 എംപിമാരെങ്കിലും ജ്ഞാനേഷ് കുമാറിനെ കാണാൻ ആഗ്രഹിക്കുന്നുണ്ട്. എന്നാൽ അദ്ദേഹം ഭയപ്പെടുന്നു. രാജ്യത്ത് എന്താണ് സംഭവിക്കുന്നതെന്ന് എനിക്കറിയില്ല," അന്ന് രാഹുൽ ഗാന്ധി മാധ്യമപ്രവർത്തകരോട് പറഞ്ഞു. "ജനപ്രതിനിധികൾക്ക് തിരഞ്ഞെടുപ്പ് കമ്മീഷനെ കാണാൻ കഴിയുന്നില്ലെങ്കിൽ, പിന്നെ ജനാധിപത്യത്തിന് എന്ത് അർത്ഥമാണുള്ളത്?" അദ്ദേഹം ചോദിച്ചു.
ഇന്ത്യ സംഖ്യ നേതാക്കളെ 15ന് കാണാമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ ഉറപ്പ് നൽകിയിരുന്നു. എന്നാൽ ഈ നിര്‍ദേശം കോണ്‍ഗ്രസ് തള്ളിക്കളയുകയാണുണ്ടായത്. ഇതിനു പിന്നാലെയാണ് നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയത്. നാളെ തന്നെ കാണണമെന്ന ആവശ്യത്തിൽ മാറ്റമില്ലെന്നാണ് കോണ്‍ഗ്രസ് അറിയിച്ചത്. കമ്മീഷനെ കണ്ട് നിലപാട് അറിയിക്കുന്നതിൽ അപാകതയില്ലെന്ന് കെസി വേണുഗോപാൽ അഭിപ്രായപ്പെട്ടു. ഗ്യാനേഷ് കുമാറിനെ കാണേണ്ടതില്ലെന്ന അഭിപ്രായത്തോട് യോജിപ്പില്ലെന്നും കെസി പറഞ്ഞു.
അതേസമയം, ചൊവ്വാഴ്ച വൈകുന്നേരം 4 മണിക്ക് മുൻപായി ഒരു രാഷ്ട്രീയ പാർട്ടിയും തിരഞ്ഞെടുപ്പ് കമ്മീഷനുമായി കൂടിക്കാഴ്ചയ്ക്ക് ഔദ്യോഗികമായി സമയം തേടിയിട്ടില്ലെന്ന വിശദീകരണവുമായി കമ്മീഷൻ രംഗത്തെത്തി. എന്നാൽ, രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള എംപിമാരുടെ സംഘം കമ്മീഷനെ കണ്ട് നിവേദനം സമർപ്പിക്കാൻ ആഗ്രഹിക്കുന്നതായി വൈകുന്നേരം നാല് മണിയോടെ ഡൽഹി പോലീസ് അറിയിച്ചതായി തിരഞ്ഞെടുപ്പ് കമ്മീഷൻ പറഞ്ഞു. രാഷ്ട്രീയ പാർട്ടികളോ പാർട്ടികളുടെ സംയുക്ത സംഘങ്ങളോ തങ്ങളുടെ അംഗീകൃത പ്രതിനിധികൾ മുഖേന കൂടിക്കാഴ്ചയ്ക്കുള്ള സമയം (അപ്പോയിന്റ്മെന്റ്) തേടണമെന്നതാണ് നിലവിലുള്ള നടപടിക്രമം. കമ്മീഷൻ്റെ വിവരമനുസരിച്ച്, ഏകദേശം 240 എംപിമാർ പങ്കെടുക്കുന്നതും പാർലമെൻ്റ് ഹൗസ് അനക്സിൽ നടത്താൻ നിശ്ചയിച്ചിരുന്നതുമായ ഒരു യോഗത്തെക്കുറിച്ച് ഡൽഹി പോലീസ് ഡെപ്യൂട്ടി കമ്മീഷണർ കമ്മീഷനെ അറിയിച്ചു. ഇത്തരം യോഗങ്ങൾ കമ്മീഷൻ്റെ ആസ്ഥാനത്താണ് നടത്തേണ്ടതെന്ന കീഴ്വഴക്കം ചൂണ്ടിക്കാട്ടി, ഈ ആവശ്യം 'അസാധാരണമാണെന്ന്' വിലയിരുത്തിക്കൊണ്ട് തിരഞ്ഞെടുപ്പ് കമ്മീഷൻ അത് നിരസിച്ചു- പത്രക്കുറിപ്പിൽ പറയുന്നു.
9 മണിക്കൂർ നീണ്ട പ്രതിഷേധം തീർക്കാൻ രാത്രിയിലെ നാടകീയ നീക്കങ്ങൾ; രാഹുലിനും പ്രിയങ്കയ്ക്കുമൊപ്പം 260 പേർ കസ്റ്റഡിയിൽ; മീറ്റിംഗിന് അനുമതി തേടിയിരുന്നില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ
