യുഎഇയിൽ ബസും ട്രക്കും തമ്മിൽ കൂട്ടിയിടിച്ചുണ്ടായ വാഹനാപകടത്തിൽ മരിച്ചവരിൽ മലയാളിയും; മരണസംഖ്യ 13 ആയി

യുഎഇയിൽ ബസും ട്രക്കും തമ്മിൽ കൂട്ടിയിടിച്ചുണ്ടായ വാഹനാപകടത്തിൽ മരിച്ചവരിൽ മലയാളിയും; മരണസംഖ്യ 13 ആയി


ദുബായ് : യുഎഇയിലെ റാസൽഖൈമയിൽ യാത്രാബസും ട്രക്കും തമ്മിൽ കൂട്ടിയിടിച്ചുണ്ടായ വാഹനാപകടത്തിൽ മരിച്ചവരിൽ മലയാളികളുമുണ്ടെന്ന് റിപ്പോർട്ട്. പേര് വിവരങ്ങൾ ലഭ്യമായിട്ടില്ല. മലയാളിയുടെ ഉടമസ്ഥതയിലുള്ള വാഹനമാണ് അപകടത്തിൽപ്പെട്ടത്. ബസിന് പിറകിൽ ട്രക്ക് ഇടിക്കുകയായിരുന്നുവെന്നാണ് വിവരം, അപകടത്തിൽ മരണം 13 ആയി. ഇവരിൽ 11 പേർ ഇന്ത്യക്കാരാണെന്നാണ് പ്രാഥമികമായി ലഭിക്കുന്ന വിവരം. ഒരു ഫിലിപ്പെയ്‍ൻ സ്വദേശിയും ഒരു ശ്രീലങ്കൻ സ്വദേശിയും മരിച്ചവരിൽ ഉൾപ്പെടുന്നു. ഒമാനിൽ വിസ മാറാൻ പോയി തിരിച്ചു വരുമ്പോഴാണ് അപകടമുണ്ടായത്.

ഇന്ന് പുലര്‍ച്ചെയാണ് അല്‍ വതന്‍ റോഡില്‍ പാസഞ്ചര്‍ ബസും ട്രക്കും കൂട്ടിയിടിച്ച് അപകടമുണ്ടായത്. ഒമാനില്‍ വിസ മാറാന്‍ പോയി തിരികേ വരികയായിരുന്ന 41 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. ബ്രേക്ക് ഡൗണായി റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ബസിന് പിന്നിലേയ്ക്ക് ട്രക്ക് ഇടിച്ചു കയറുകയായിരുന്നു. അപകട വിവരം ലഭിച്ചയുടന്‍ പ്രത്യേക അടിയന്തര രക്ഷാപ്രവര്‍ത്തക സംഘം സ്ഥലത്തെത്തി. ആംബുലന്‍സ് ജീവനക്കാര്‍, സിവില്‍ ഡിഫന്‍സ് വിഭാഗം തുടങ്ങിയവര്‍ സംയുക്തമായി രക്ഷാപ്രവര്‍ത്തനത്തിനും അടിയന്തര വൈദ്യസഹായത്തിനും നേതൃത്വം നല്‍കി.

യുഎഇ ആഭ്യന്തര മന്ത്രാലയമാണ് അപകടവിവരം പുറത്തു വിട്ടത്. ദാരുണമായ വാഹനാപകടത്തിൽ മരിച്ചവരിൽ ഇന്ത്യക്കാരും ഉൾപ്പെട്ടതായി ദുബായ് ഇന്ത്യൻ കോൺസുലേറ്റ് സ്ഥിരീകരിച്ചു. എക്സിലൂടെയാണ് ഈ വിവരം അറിയിച്ചത്. അപകടത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങളുമായി കോൺസുലേറ്റ് അധികൃതർ ബന്ധപ്പെട്ടിട്ടുണ്ടെന്നും, ആവശ്യമായ എല്ലാ സഹായങ്ങളും പിന്തുണയും ഉറപ്പാക്കുന്നതിനായി പ്രാദേശിക ഭരണകൂടവുമായി ചേർന്ന് പ്രവർത്തിച്ചുവരികയാണെന്നും ഔദ്യോഗിക കുറിപ്പിൽ വ്യക്തമാക്കി. മരിച്ചവരുടെ കുടുംബങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായും കൂടുതൽ വിവരങ്ങൾ ശേഖരിച്ചുവരികയാണെന്നും കോൺസുലേറ്റ് അറിയിച്ചു. അപകടവുമായി ബന്ധപ്പെട്ട വിവരങ്ങൾ അറിയുന്നതിനും സഹായങ്ങൾക്കുമായി ഇന്ത്യൻ കോൺസുലേറ്റ് 24 മണിക്കൂറും പ്രവർത്തിക്കുന്ന ടോൾ ഫ്രീ ഹെൽപ്പ് ലൈൻ നമ്പർ സജ്ജമാക്കിയിട്ടുണ്ട്. ഹെൽപ്പ് ലൈൻ നമ്പർ: 800-46342

ചൊവ്വാഴ്ച പുലർച്ചെ റാസൽഖൈമയുടെ തെക്കൻ മേഖലയിലുള്ള അൽ വതൻ റോഡിലായിരുന്നു നാടിനെ നടുക്കിയ ദുരന്തം. സാങ്കേതിക തകരാർ മൂലം റോഡരികിൽ നിർത്തിയിട്ടിരുന്ന ട്രക്കിന് പിന്നിലേക്ക്, 41 യാത്രക്കാരുമായി എത്തിയ ബസ് നിയന്ത്രണം വിട്ട് ഇടിച്ചുകയറുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. അപകടവിവരം ലഭിച്ച ഉടൻ തന്നെ പൊലീസ്, സിവിൽ ഡിഫൻസ്, ആംബുലൻസ് വിഭാഗങ്ങൾ സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. പരിക്കേറ്റവരെ അടിയന്തരമായി ആശുപത്രികളിലേക്ക് മാറ്റുകയും പ്രദേശത്തെ ഗതാഗതം നിയന്ത്രിക്കുകയും ചെയ്തു.

അന്വേഷണത്തിന് ഉത്തരവിട്ടു; വ്യാജവാർത്തകൾക്കെതിരെ മുന്നറിയിപ്പ്

അപകടത്തിൻ്റെ യഥാർത്ഥ കാരണം കണ്ടെത്താൻ വിശദമായ അന്വേഷണം ആരംഭിച്ചതായി യുഎഇ ആഭ്യന്തര മന്ത്രാലയം എക്സിലൂടെ അറിയിച്ചു. അന്വേഷണം പൂർത്തിയായ ശേഷം വിവരങ്ങൾ പൊതുജനങ്ങളെ അറിയിക്കും. മരിച്ചവരുടെ കുടുംബങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായും, അപകടത്തെക്കുറിച്ച് സ്ഥിരീകരിക്കാത്ത വിവരങ്ങളോ അഭ്യൂഹങ്ങളോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കരുതെന്നും മന്ത്രാലയം കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. ഈ മാസം യുഎഇയിൽ നടക്കുന്ന രണ്ടാമത്തെ വലിയ വാഹനാപകടമാണിത്. നവംബർ 12ന് ഷെയ്ഖ് ഖലീഫ ബിൻ സായിദ് റോഡിൽ 18 കാറുകളും അഞ്ച് ട്രക്കുകളും കൂട്ടിയിടിച്ച് തീപിടിച്ചുണ്ടായ അപകടത്തിൽ മലയാളി ഇരട്ടകൾ ഉൾപ്പെടെ 4 ഇന്ത്യക്കാരും 10 സ്വദേശികളുമടക്കം 14 പേർ മരിക്കുകയും 30 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.