രാജീവ് ഗാന്ധി കൊല്ലപ്പെട്ടത് മനഃപൂർവം സുരക്ഷ പിൻവലിച്ചതിനാൽ, ഗുരുതര ആരോപണവുമായി രാഹുൽ; 'സുരക്ഷ പിൻവലിച്ചതിന് പിന്നിൽ പ്രത്യേക ഉദ്ദേശലക്ഷ്യമായിരുന്നു'

രാജീവ് ഗാന്ധി കൊല്ലപ്പെട്ടത് മനഃപൂർവം സുരക്ഷ പിൻവലിച്ചതിനാൽ, ഗുരുതര ആരോപണവുമായി രാഹുൽ; 'സുരക്ഷ പിൻവലിച്ചതിന് പിന്നിൽ പ്രത്യേക ഉദ്ദേശലക്ഷ്യമായിരുന്നു'


ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധി കൊല്ലപ്പെട്ടത് അദ്ദേഹത്തിന്റെ സുരക്ഷ മനഃപൂർവം പിൻവലിച്ചതുകൊണ്ടാണെന്ന ഗുരുതര ആരോപണവുമായി മകനും ലോക്‌സഭാ പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധി. സുരക്ഷ പിൻവലിച്ചതിന് പിന്നിൽ പ്രത്യേക ഉദ്ദേശലക്ഷ്യങ്ങളുണ്ടായിരുന്നുവെന്നും രാജീവ് ഗാന്ധി കൊല്ലപ്പെടാനുള്ള സാഹചര്യം സൃഷ്ടിക്കപ്പെടുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഈ സാഹചര്യം സൃഷ്ടിക്കപ്പെട്ടതുകൊണ്ടാണ് രാജീവ് കൊല്ലപ്പെട്ടതെന്നും രാഹുൽ ചൂണ്ടിക്കാട്ടി. സോണിയ ഗാന്ധിയുടെ 'ബിലോങ്ങിങ്: എ ജേർണി ഓഫ് ലൗ' എന്ന പുസ്തകവുമായി ബന്ധപ്പെട്ട് സോണിയ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവർക്കൊപ്പം നടത്തിയ ചർച്ചയിലാണ് രാഹുൽ ഗാന്ധിയുടെ ഈ വെളിപ്പെടുത്തൽ. 1991 ൽ ചന്ദ്രശേഖ‍ർ സർക്കാരിനുള്ള പിന്തുണ കോൺഗ്രസ് പിൻവലിച്ചതിന് പിന്നാലയാണ് രാജീവ് ഗാന്ധിക്കുള്ള സുരക്ഷ കേന്ദ്രം പിൻവലിച്ചത്.

പിതാവിനെ വധിക്കാനുള്ള സാഹചര്യം ബോധപൂർവ്വം സൃഷ്ടിക്കുകയായിരുന്നുവെന്ന് അദ്ദേഹം ആരോപിച്ചു. "അച്ഛൻ കൊല്ലപ്പെടാൻ വേണ്ടിയാണ് സുരക്ഷ പിൻവലിച്ചത്. അതൊരു അബദ്ധമായിരുന്നില്ല. അദ്ദേഹം കൊല്ലപ്പെടണമെന്ന ഉദ്ദേശ്യത്തോടെ മനഃപൂർവ്വം ചെയ്തതാണ്. അതിനുള്ള സാഹചര്യം സൃഷ്ടിക്കുകയായിരുന്നു" എക്സിൽ പങ്കുവെച്ച വീഡിയോയിൽ രാഹുൽ പറയുന്നു.

ബിഹാറിൽ രാജീവ് ഗാന്ധിയ്ക്കെതിരെ കല്ലേറ് നടന്നതിന് പിന്നാലെ അപകടസൂചനകൾ ഉണ്ടായിരുന്നുവെന്ന് രാഹുൽ ഗാന്ധി അവകാശപ്പെടുന്നു. മുൻ പ്രധാനമന്ത്രിയുമായ ഇന്ദിരാഗാന്ധിയുടെ വധത്തിന് ശേഷം പിതാവിന്‍റെ സുരക്ഷയുടെ കാര്യത്തിൽ രാഹുൽ ഗാന്ധി അതീവ ജാഗ്രത പുലർത്തിയിരുന്നതായി പ്രിയങ്ക ഗാന്ധി ഓർത്തെടുത്തു.

സഹിക്കാവുന്നതിന്‍റെ അങ്ങേയറ്റം നടന്ന പര്യടനമാണെന്നാണ് അന്നത്തെ യാത്രയെ രാഹുൽ വിശേഷിപ്പിച്ചത്. എന്താണ് സംഭവിക്കുന്നതെന്ന് വ്യക്തമായിരുന്നു. ഞാൻ അച്ഛനോടും അമ്മയോടും ഇക്കാര്യം പറഞ്ഞിരുന്നു. അച്ഛനുമായി ഞാൻ ഇതിനെച്ചൊല്ലി തർക്കിക്കുകയും ചെയ്തിട്ടുണ്ടെന്ന് രാഹുൽ ഗാന്ധി പറഞ്ഞു.

സോണിയയുടെ ഓർമ്മപ്പെടുത്തൽ

അന്നത്തെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ രാജീവിന്‍റെ സുരക്ഷയിൽ രാഹുൽ പലപ്പോഴും ആശങ്ക പങ്കുവച്ചിരുന്നതായി സോണിയ ഗാന്ധിയും വെളിപ്പെടുത്തി. ഓപ്പൺ ജീപ്പിലിരുന്നുള്ള രാജീവ് ഗാന്ധിയുടെ ബിഹാറിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കല്ലേറുണ്ടായതടക്കം അവർ ചൂണ്ടിക്കാട്ടി. അന്ന് രാജീവിനൊപ്പം ഉണ്ടായിരുന്ന രാഹുൽ വീട്ടിലെത്തിയ ശേഷം പിതാവിന്‍റെ സുരക്ഷയിൽ ആശങ്ക പങ്കുവച്ചതായും സോണിയ ഓർമ്മിച്ചു. പിതാവിന്‍റെ സുരക്ഷ കർശനമാക്കിയില്ലെങ്കിൽ ഇനി താൻ നാട്ടിലെത്തുക അദ്ദേഹത്തിന്‍റെ സംസ്കാരത്തിനായിരിക്കുമെന്നാണ് തോന്നുന്നതെന്ന് വിദേശത്തെ പഠനത്തിനായി മടങ്ങവെ രാഹുൽ പറഞ്ഞിരുന്നതായും സോണിയ കൂട്ടിച്ചേർത്തു. ചന്ദ്രശേഖർ സർക്കാരിനുള്ള പിന്തുണ കോൺഗ്രസ് പിൻവലിച്ചതിന് പിന്നാലെ പ്രഖ്യാപിച്ച തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെയായിരുന്നു 1991 മെയ് 21 ന് ശ്രീപെരുമ്പത്തൂരിൽ രാജീവ് ഗാന്ധി കൊല്ലപ്പെട്ടത്. ചന്ദ്രശേഖർ ആയിരുന്നു അന്ന് കാവൽ പ്രധാനമന്ത്രി.

"യാത്രയിലുടനീളം രാഹുൽ തന്‍റെ പിതാവിനൊപ്പമുണ്ടായിരുന്നു. കല്ലേറുകളും പിതാവിനെതിരെ ഉയർന്ന അലർച്ചകളും ബഹളങ്ങളുമെല്ലാം അവൻ നേരിൽ കണ്ടു. വീട്ടിൽ തിരിച്ചെത്തിയപ്പോൾ അവൻ എന്നോട് പറഞ്ഞു, 'അമ്മേ, അച്ഛന്‍റെ സുരക്ഷയുടെ കാര്യത്തിൽ നമ്മൾ എന്തെങ്കിലും ചെയ്തില്ലെങ്കിൽ അധികം വൈകാതെ അച്ഛന്‍റെ ശവസംസ്കാര ചടങ്ങുകൾക്കായി എനിക്ക് വീണ്ടും ഇവിടെ വരേണ്ടി വരുമെന്ന്" രാഹുൽ പറഞ്ഞെന്ന് സോണിയ ഗാന്ധി പറഞ്ഞു.

മുത്തശ്ശിയുടെ കൊലപാതകത്തിന് ശേഷം അച്ഛന്‍റെ സുരക്ഷയെക്കുറിച്ച് സോണിയ ഗാന്ധിയും അങ്ങേയറ്റം ആശങ്കാകുലയായിരുന്നുവെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു. "മുള്ളുവേലികൾ ശരിയായിട്ടുണ്ടോ എന്നും കാവൽക്കാർ ഉറങ്ങുകയാണോ എന്നും അവർ പരിശോധിച്ചു നടക്കുമായിരുന്നു. എന്‍റെ മുറി വീടിന്‍റെ മുൻഭാഗത്തായിരുന്നതുകൊണ്ട് എനിക്കിതെല്ലാം അറിയാമായിരുന്നു. അച്ഛന്‍റെ കാൽപ്പെരുമാറ്റം കേൾക്കുന്നത് വരെ ഉറങ്ങുമായിരുന്നില്ല" പ്രിയങ്ക ഗാന്ധി പറഞ്ഞു. ആ കാലഘട്ടത്തെക്കുറിച്ച് ഓർക്കുമ്പോൾ, അച്ഛന്‍റെ മരണത്തെക്കുറിച്ചുള്ള രാഹുലിന്‍റെ നിഗമനങ്ങൾ യുക്തിസഹമായിരുന്നുവെന്നും, അതേസമയം തന്‍റെ പ്രതികരണം പൂർണമായും വൈകാരികം ആയിരുന്നുവെന്നും പ്രിയങ്ക പറയുന്നു.

2004 ലെ പ്രധാനമന്ത്രി പദം

അതേസമയം 500 ലധികം പേജുകളുള്ള പുസ്തകത്തിലും അമ്മ ചില കാര്യങ്ങൾ വിട്ടുകളഞ്ഞിട്ടുണ്ടെന്ന് രാഹുൽ ഗാന്ധി ചൂണ്ടിക്കാട്ടി. പ്രണയാഭ്യർത്ഥനയും തന്റെ ഏഴാം പിറന്നാളും പ്ലാൻ ചെയ്തതുപോലെ നടന്നില്ലെന്നുമടക്കം ഇക്കൂട്ടത്തിലുണ്ടെന്ന് രാഹുൽ വിവരിച്ചു. 2004 ൽ പ്രധാനമന്ത്രി സ്ഥാനം അമ്മ ഏറ്റെടുക്കാത്ത തീരുമാനം തങ്ങൾക്ക് ആശ്വാസവും മറ്റുള്ളവർക്ക് സന്തോഷവുമാണ് നൽകിയതെന്നും അദ്ദേഹം ഓർത്തെടുത്തു. പഴയ ഓർമ്മകളിലേക്കുള്ള തിരിച്ചുപോക്ക് അന്നനുഭവിച്ച സന്തോഷവും ചിരിയും വേദനയും തിരികെ കൊണ്ടുവന്നതായും, വലിയ സ്നേഹവും ദുരന്തങ്ങളും നിറഞ്ഞ അമ്മയുടെ ജീവിതയാത്രയെ അന്തസ്സോടെയും ധൈര്യത്തോടെയുമാണ് അവർ നേരിട്ടതെന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു.