റോഹിങ്ക്യന്‍ വംശഹത്യ: മ്യാന്‍മര്‍ സൈനിക മേധാവികള്‍ക്കെതിരെ ബ്രിട്ടന്റെ ഉപരോധം

റോഹിങ്ക്യന്‍ വംശഹത്യ: മ്യാന്‍മര്‍ സൈനിക മേധാവികള്‍ക്കെതിരെ ബ്രിട്ടന്റെ ഉപരോധം


ലണ്ടന്‍/ ക്വാലാലംപൂര്‍: റോഹിങ്ക്യന്‍ ന്യൂനപക്ഷ വിഭാഗത്തിനെതിരെ 2017ല്‍ മ്യാന്‍മര്‍ സൈന്യം നടത്തിയ അതിക്രമങ്ങള്‍ വംശഹത്യയാണെന്ന അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ (ഐ സി ജെ) വിധിക്കുപിന്നാലെ മ്യാന്‍മറിലെ അഞ്ച് മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥര്‍ക്കെതിരെ ഉപരോധം ഏര്‍പ്പെടുത്തി ബ്രിട്ടന്‍. അതേസമയം, മ്യാന്‍മറില്‍നിന്ന് മലേഷ്യയിലെത്തിയ 6,500ലധികം അഭയാര്‍ഥികളെയും കുടിയേറ്റക്കാരെയും തിരിച്ചയക്കാനുള്ള പുതിയ നടപടിക്ക് ഒരുങ്ങുകയാണ് മലേഷ്യ.

മ്യാന്‍മര്‍ സൈനിക നേതൃത്വത്തിലെ മ്യോ ഹ്തുത് ഹ്ലെയിങ്, മ്യോ മിന്‍ തുന്‍, മ്യാത് തേത് ഓ, ക്യോ സോ, ക്യോ സ്വാര്‍ ഓ എന്നിവര്‍ക്കെതിരെയാണ് ബ്രിട്ടന്‍ ഉപരോധം പ്രഖ്യാപിച്ചത്. ബ്രിട്ടീഷ് വിദേശകാര്യ മന്ത്രി എഡ് മിലിബാന്‍ഡാണ് ഇക്കാര്യം അറിയിച്ചത്. കോടതി വിധിക്കുപിന്നാലെ മ്യാന്‍മറിന്റെ പ്രതിരോധ അറ്റാഷെയെ ബ്രിട്ടന്‍ രാജ്യത്തുനിന്ന് പുറത്താക്കിയിരുന്നു.

2017ല്‍ റോഹിങ്ക്യകള്‍ക്കെതിരായ സൈനിക നടപടികള്‍ നടക്കുമ്പോള്‍ സൈനിക മേധാവിയായിരുന്ന മ്യാന്‍മര്‍ പ്രസിഡന്റ് മിന്‍ ഓങ് ഹ്ലെയിങ് നിരവധി അതിക്രമങ്ങള്‍ക്ക് നേരിട്ട് ഉത്തരവാദിയാണെന്നും മിലിബാന്‍ഡ് ആരോപിച്ചു. 2021ല്‍ തന്നെ ബ്രിട്ടന്‍ അദ്ദേഹത്തിനെതിരെ ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു.

മ്യാന്‍മറില്‍ തുടരുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ അവസാനിപ്പിക്കണമെന്നും കുറ്റവാളികളെ കണ്ടെത്തി അന്വേഷണം നടത്തി ശിക്ഷിക്കണമെന്നും മിലിബാന്‍ഡ് ആവശ്യപ്പെട്ടു.

ഇത്തരം ക്രൂരതകള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള നടപടികള്‍ മ്യാന്‍മര്‍ സ്വീകരിക്കണമെന്നും മാനുഷിക സഹായം ദുരിതബാധിതരിലേക്ക് എത്തിക്കുന്നതിനായി സംഘര്‍ഷങ്ങള്‍ ഉടന്‍ നിര്‍ത്തിവെക്കണമെന്നും ആവശ്യപ്പെട്ട മിലിബാന്‍ഡ്  സാധാരണക്കാര്‍ക്കെതിരായ വ്യോമാക്രമണങ്ങള്‍ അവസാനിപ്പിക്കുകയും രാഷ്ട്രീയ തടവുകാരെ മോചിപ്പിക്കുകയും വേണമെന്നും എല്ലാവരെയും ഉള്‍ക്കൊള്ളുന്ന രാഷ്ട്രീയ പരിഹാരത്തിനായി ചര്‍ച്ചകള്‍ ആരംഭിക്കണമെന്നും പറഞ്ഞു.

മ്യാന്‍മറിലേക്കുള്ള വിമാന ഇന്ധന വിതരണം തടയുന്നതിനായി പുതിയ നിയമനിര്‍മാണം നടത്തുമെന്നും ബ്രിട്ടീഷ് വിദേശകാര്യ മന്ത്രി വ്യക്തമാക്കി. വിഷയം ഈയാഴ്ച ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗണ്‍സിലിലും ഉന്നയിക്കുമെന്ന് അദ്ദേഹം പാര്‍ലമെന്റ് അംഗങ്ങളെ അറിയിച്ചു.

അതിനിടെ, മ്യാന്‍മറില്‍നിന്ന് മലേഷ്യയിലെത്തിയ 6,500ലധികം പേരെ പുതിയ ഘട്ടത്തില്‍ തിരിച്ചയക്കുമെന്ന് പ്രധാനമന്ത്രി അന്‍വര്‍ ഇബ്രാഹിം പ്രഖ്യാപിച്ചു.

സെപ്റ്റംബര്‍ അവസാനത്തോടെ ഏകദേശം 1,500 പേരെ മലേഷ്യ മ്യാന്‍മറിലേക്ക് തിരിച്ചയച്ചിരുന്നു. പീഡനങ്ങളും സംഘര്‍ഷങ്ങളും കാരണം സ്വന്തം രാജ്യം വിട്ടെത്തിയവര്‍ക്ക് മലേഷ്യ നേരത്തേ അഭയം നല്‍കിയിരുന്നു. എന്നാല്‍ വിദേശ അഭയാര്‍ഥികളുമായി ബന്ധപ്പെട്ട ദീര്‍ഘകാല പ്രശ്‌നത്തിന് പരിഹാരം കാണാനുള്ള ശ്രമത്തിലാണ് മലേഷ്യന്‍ സര്‍ക്കാര്‍.

2017ല്‍ റാഖൈന്‍ സംസ്ഥാനത്ത് റോഹിങ്ക്യന്‍ ജനതയ്‌ക്കെതിരെ മ്യാന്‍മര്‍ സൈന്യം നടത്തിയ ക്രൂരമായ അടിച്ചമര്‍ത്തല്‍ വംശഹത്യയാണെന്ന് നവംബര്‍ 19 വ്യാഴാഴ്ച അന്താരാഷ്ട്ര നീതിന്യായ കോടതി വിധിച്ചു.

കോടതിയുടെ 80 വര്‍ഷത്തെ ചരിത്രത്തില്‍ ഒരു രാഷ്ട്രം വംശഹത്യ നടത്തിയതിന് നേരിട്ട് ഉത്തരവാദിയാണെന്ന് കണ്ടെത്തുന്ന ആദ്യ കേസാണിതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഏഴ് വര്‍ഷം മുമ്പ് ഗാംബിയയാണ് മ്യാന്‍മറിനെതിരെ കേസ് ഫയല്‍ ചെയ്തത്.

നാസി ഹോളോകോസ്റ്റ്, 1994ലെ റുവാണ്ടന്‍ വംശഹത്യ, 1995ലെ ബോസ്‌നിയയിലെ സ്രെബ്രെനിറ്റ്‌സ കൂട്ടക്കൊല, 1970കളുടെ അവസാനത്തില്‍ കംബോഡിയയിലെ ഖമര്‍ റൂഷ് ഭരണകൂടം നടത്തിയ അതിക്രമങ്ങള്‍ എന്നിവയ്ക്കുശേഷം വംശഹത്യ തെളിയിക്കുന്നതിനുള്ള നിയമപരമായ മാനദണ്ഡങ്ങള്‍ പാലിക്കപ്പെട്ടതായി അന്താരാഷ്ട്ര കോടതി കണ്ടെത്തുന്ന അപൂര്‍വ കേസുകളിലൊന്നാണിത്.

ഗാംബിയയും മ്യാന്‍മറും തമ്മിലുള്ള കേസില്‍ ഒമ്പത് ജഡ്ജിമാര്‍ വിധിയെ അനുകൂലിച്ചപ്പോള്‍ ആറ് പേര്‍ എതിര്‍ത്തു. 96 എന്ന ഭൂരിപക്ഷത്തിലാണ് വിധി. അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ വിധി അന്തിമമാണെന്നും അതിനെതിരെ അപ്പീല്‍ നല്‍കാനാവില്ലെന്നും കോടതി വ്യക്തമാക്കി.

റോഹിങ്ക്യന്‍ ജനതയെ ഇല്ലാതാക്കുകയെന്ന വംശഹത്യാ ലക്ഷ്യത്തോടെയാണ് മ്യാന്‍മര്‍ സൈനികര്‍ ആക്രമണം നടത്തിയതെന്ന് കോടതി നിരീക്ഷിച്ചു. സൈനികര്‍ റോഹിങ്ക്യന്‍ സ്ത്രീകളെ ബലാത്സംഗം ചെയ്യുകയും കൊലപ്പെടുത്തുകയും കുട്ടികള്‍ക്കെതിരെയും അതിക്രമങ്ങള്‍ നടത്തുകയും ചെയ്തതായി കോടതി ചൂണ്ടിക്കാട്ടി.

വടക്കന്‍ റാഖൈന്‍ സംസ്ഥാനത്ത് 2017ല്‍ നടന്ന സൈനിക നടപടി റോഹിങ്ക്യന്‍ ജനവിഭാഗത്തെ പൂര്‍ണമായോ ഭാഗികമായോ നശിപ്പിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നുവെന്നും കോടതി വിലയിരുത്തി.

റോഹിങ്ക്യന്‍ ജനതയ്ക്ക് നഷ്ടപരിഹാരം നല്‍കാന്‍ മ്യാന്‍മറിന് ബാധ്യതയുണ്ടെന്നും കോടതി വ്യക്തമാക്കി. സൈനിക നടപടികളെ തുടര്‍ന്ന് രാജ്യംവിട്ട റോഹിങ്ക്യന്‍ അഭയാര്‍ഥികള്‍ക്ക് മടങ്ങിയെത്താനുള്ള സാഹചര്യം ഒരുക്കണമെന്നും നിര്‍ദേശിച്ചു.