കറാച്ചി: പാകിസ്താനിലെ നിലവിലുള്ള നാല് പ്രവിശ്യകളെ വിഭജിച്ച് പുതിയ പ്രവിശ്യകള്‍ രൂപീകരിക്കാനുള്ള സൈനിക നേതൃത്വത്തിന്റെ നീക്കത്തിനെതിരെ ആയിരക്കണക്കിന് സിന്ധി ദേശീയവാദികള്‍ തെരുവിലിറങ്ങി. പാകിസ്താന്റെ വാണിജ്യ തലസ്ഥാനമായ കറാച്ചിയില്‍ നടന്ന വന്‍ പ്രതിഷേധ റാലിയില്‍ 'സിന്ധ് പാകിസ്താനല്ല', 'സിന്ധുദേശ് യാഥാര്‍ഥ്യമാക്കുക' തുടങ്ങിയ മുദ്രാവാക്യങ്ങള്‍ ഉയര്‍ന്നു. പഞ്ചാബ് പ്രവിശ്യയ്‌ക്കെതിരെ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തുമെന്ന മുന്നറിയിപ്പും ഒരു ദേശീയവാദ സംഘടന നല്‍കി.
സൈനിക മേധാവി അസിം മുനീറിന്റെ നേതൃത്വത്തിലുള്ള സൈനിക ഭരണകൂടം സിന്ധ് പ്രവിശ്യ വിഭജിക്കാനുള്ള നീക്കം നടത്തുന്നതായുള്ള ആരോപണമാണ് പ്രതിഷേധത്തിന് വഴിവെച്ചത്. ആഭ്യന്തര മന്ത്രി മൊഹ്സിന്‍ നഖ്വി മുന്നോട്ടുവെച്ച നിര്‍ദേശപ്രകാരം, ജനഹിതപരിശോധനയിലൂടെ നിലവിലുള്ള പ്രവിശ്യകളെ വിഭജിച്ച് ചെറിയ ഭരണഘടകങ്ങള്‍ രൂപീകരിക്കാനാണ് ആലോചന.
എന്നാല്‍ നിര്‍ദിഷ്ട ജനഹിതപരിശോധനയെ പ്രതിഷേധക്കാര്‍ തള്ളിക്കളഞ്ഞു. സിന്ധ് വിഭജിക്കാനുള്ള അധികാരികളുടെ മുന്‍കൂട്ടി തീരുമാനിച്ച നീക്കത്തിന് ജനഹിതപരിശോധനയിലൂടെ നിയമസാധുത നല്‍കാനാണ് ശ്രമമെന്നും അവര്‍ ആരോപിച്ചു.
സിന്ധി ദേശീയവാദ സംഘടനയായ ജിയെ സിന്ധ് മുത്തഹിദ മഹാസ് (ജെ എസ് എം എം) പാകിസ്താനിലെ ഏറ്റവും ജനസംഖ്യയേറിയതും രാഷ്ട്രീയമായി സ്വാധീനമുള്ളതുമായ പഞ്ചാബ് പ്രവിശ്യയ്‌ക്കെതിരെ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തുമെന്ന ഭീഷണി മുഴക്കി. സിന്ധിന്റെ ഭൂപ്രദേശിക അഖണ്ഡതയില്‍ വിട്ടുവീഴ്ചയില്ലെന്ന് പ്രഖ്യാപിച്ച പ്രതിഷേധക്കാര്‍ 'സിന്ധുദേശ്' അനുകൂല മുദ്രാവാക്യങ്ങളും ഉയര്‍ത്തി.
നാല് സിന്ധി ദേശീയവാദ സംഘടനകളുടെ കൂട്ടായ്മയായ ജിയെ സിന്ധ് റഹ്ബര്‍ കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു കറാച്ചിയില്‍ റാലി സംഘടിപ്പിച്ചത്. ചുവന്ന പതാകകളുമായി ആയിരക്കണക്കിന് ആളുകള്‍ റാലിയില്‍ പങ്കെടുത്തു. ജിയെ സിന്ധ് മഹാസ് അധ്യക്ഷന്‍ റിയാസ് അലി ചന്ദിയോ, നിയാസ് കലാനി തുടങ്ങിയ ദേശീയവാദ നേതാക്കള്‍ റാലിക്ക് നേതൃത്വം നല്‍കി.
സിന്ധ് പാകിസ്താനല്ലെന്നും പാകിസ്താന്‍ എന്നത് പ്രകൃതിവിരുദ്ധമായ ഒരു രാഷ്ട്രമാണെന്നും പഞ്ചാബി കൊളോണിയല്‍ അധിനിവേശത്തെയും സിന്ധിനെ വിഭജിക്കാനുള്ള പഞ്ചാബി സൈനിക നേതൃത്വത്തിന്റെ ഗൂഢാലോചനകളെയും സിന്ധി ജനത നിരാകരിക്കുന്നുവെന്നും ജര്‍മനി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജെ എസ് എം എം അധ്യക്ഷന്‍ ഷാഫി മുഹമ്മദ് ബുര്‍ഫത്ത് പറഞ്ഞു.
സിന്ധുദേശിന്റെ സ്വാതന്ത്ര്യത്തിനായി ഐക്യരാഷ്ട്രസഭയുടെയും അന്താരാഷ്ട്ര സമൂഹത്തിന്റെയും പിന്തുണ വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സിന്ധുദേശിന്റെ പുനഃസ്ഥാപനമാണ് സിന്ധി ജനതയുടെ പോരാട്ടത്തിന്റെ അടിസ്ഥാന ലക്ഷ്യമെന്നും ബുര്‍ഫത്ത് എക്‌സില്‍ കുറിച്ചു.
പഞ്ചാബ് ആധിപത്യമുള്ള പാകിസ്താന്‍ ഭരണകൂടം തങ്ങളുടെ പ്രവിശ്യയുടെ ഭൂപ്രദേശിക അഖണ്ഡത തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്നാണ് സിന്ധി ദേശീയവാദ സംഘടനകളുടെ ആരോപണം.
നിലവില്‍ പാകിസ്താനില്‍ നാല് പ്രവിശ്യകളാണുള്ളത്. ഇവയുടെ എണ്ണം 12 മുതല്‍ 15 വരെ ഉയര്‍ത്തുന്നതിനെക്കുറിച്ച് ആസൂത്രണ മന്ത്രി അഹ്സന്‍ ഇഖ്ബാല്‍ നേരത്തേ സംസാരിച്ചിരുന്നു. പുതിയ പ്രവിശ്യകള്‍ രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട ജനഹിതപരിശോധനാ ചര്‍ച്ചകള്‍ക്ക് 2026 അവസാനത്തോടെ വ്യക്തമായ രൂപം ലഭിക്കുമെന്ന് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ് വ്യക്തമാക്കിയിരുന്നു.
ജമാഅത്തെ ഉലമാ ഇസ്ലാം-ഫസല്‍ (ജെ യു ഐ- എഫ്) കറാച്ചിയിലും മറ്റു ജില്ലകളിലും പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിച്ചു. സിന്ധിലെ പാര്‍ട്ടി നേതാവ് റാഷിദ് മെഹ്മൂദ് സൂംറോ, പാകിസ്താന്‍ പീപ്പിള്‍സ് പാര്‍ട്ടി (പിപിപി) അധ്യക്ഷന്‍ ബിലാവല്‍ ഭൂട്ടോ സര്‍ദാരി, ജെ യു ഐ- എഫ് അധ്യക്ഷന്‍ മൗലാന ഫസ്ലുര്‍ റഹ്മാന്‍, സിന്ധി ദേശീയവാദ സംഘടനകള്‍ എന്നിവര്‍ ഒന്നിച്ചുനിന്ന് വിഭജന നീക്കത്തെ ചെറുക്കണമെന്ന് ആഹ്വാനം ചെയ്തു.
പാകിസ്താന്‍ ഭരണകൂടം സിന്ധിന്റെ സാമ്പത്തികവും രാഷ്ട്രീയവുമായ വിഭവങ്ങള്‍ ചൂഷണം ചെയ്യുകയാണെന്നും ദേശീയവാദ നേതാക്കള്‍ ആരോപിച്ചു. ദശലക്ഷക്കണക്കിന് ഏക്കര്‍ കൃഷിഭൂമി, തീരദേശ ദ്വീപുകള്‍, എണ്ണ, പ്രകൃതിവാതകം, കല്‍ക്കരി തുടങ്ങിയ പ്രകൃതിവിഭവങ്ങള്‍ എന്നിവയുടെ നിയന്ത്രണം ഭരണകൂടം ഏറ്റെടുത്തതായും അവര്‍ കുറ്റപ്പെടുത്തി.
സിന്ധി ജനതയ്ക്കായി സ്വതന്ത്രവും മതനിരപേക്ഷവുമായ ഒരു മാതൃരാജ്യം രൂപീകരിക്കണമെന്ന ആവശ്യമാണ് 'സിന്ധുദേശ്' എന്ന ആശയത്തിന്റെ അടിസ്ഥാനം. 1971ല്‍ ബംഗ്ലാദേശ് രൂപീകരിച്ചതിന് പിന്നാലെ ദേശീയവാദ നേതാവ് ജി എം സയ്യിദാണ് ഈ ആശയത്തിന് ശക്തമായ പ്രചാരണം നല്‍കിയത്. പാകിസ്താനില്‍നിന്ന് സിന്ധിനെ വേര്‍പെടുത്തി സ്വതന്ത്ര രാഷ്ട്രമാക്കണമെന്നതായിരുന്നു അദ്ദേഹത്തിന്റെ ആവശ്യം.
പാകിസ്താന്‍ രൂപീകരിക്കപ്പെടുന്നതിന് ഏറെ മുമ്പേ നിലനിന്നിരുന്ന തനതായ നാഗരികതയും ഭാഷയും സംസ്‌കാരവും ചരിത്രവുമുള്ള മാതൃഭൂമിയാണ് സിന്ധ് എന്നാണ് ദേശീയവാദികളുടെ വാദം. അത് കേവലം ഒരു ഭരണപരമായ പ്രവിശ്യ മാത്രമല്ലെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.
പ്രവിശ്യാ വിഭജനത്തിനെതിരായ പ്രക്ഷോഭം ശക്തമാക്കുന്നതിന്റെ ഭാഗമായി നവംബര്‍ 29ന് മറ്റൊരു വലിയ റാലിയും സംഘടിപ്പിക്കുമെന്ന് സിന്ധി ദേശീയവാദ സംഘടനകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
