2027ലെ ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് 26 സീറ്റുകള്‍ വാഗ്ദാനം ചെയ്ത് സമാജ്വാദി പാര്‍ട്ടി

2027ലെ ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് 26 സീറ്റുകള്‍ വാഗ്ദാനം ചെയ്ത് സമാജ്വാദി പാര്‍ട്ടി


ലഖ്നൗ: 2027ല്‍ നടക്കാനിരിക്കുന്ന ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് 26 സീറ്റുകള്‍ നല്‍കാമെന്ന് സമാജ്വാദി പാര്‍ട്ടി (എസ് പി) അറിയിച്ചതായി പാര്‍ട്ടി ജനറല്‍ സെക്രട്ടറി രാം ഗോപാല്‍ യാദവ് സ്ഥിരീകരിച്ചു. സംസ്ഥാനത്തെ 403 നിയമസഭാ മണ്ഡലങ്ങളില്‍ 120 സീറ്റുകള്‍ വേണമെന്ന കോണ്‍ഗ്രസിന്റെ ആവശ്യത്തേക്കാള്‍ ഏറെ കുറവാണ് എസ് പി മുന്നോട്ടുവെച്ച നിര്‍ദേശം. ഇന്ത്യാ മുന്നണിയിലെ ഇരുപാര്‍ട്ടികളും തമ്മിലുള്ള സീറ്റ് വിഭജന ചര്‍ച്ചകള്‍ ഡല്‍ഹിയില്‍ രണ്ടാം ഘട്ടത്തിലേക്ക് കടന്നിരിക്കെയാണ് പുതിയ നീക്കം.

2022ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വിജയിച്ച രണ്ട് സീറ്റുകളും രണ്ടാം സ്ഥാനത്തെത്തിയ നാല് സീറ്റുകളും നിര്‍ദേശത്തില്‍ ഉള്‍പ്പെടുന്നുണ്ട്. മഥുര, ഖേരാഗഢ്, ജഗദീഷ്പൂര്‍, കിദ്വായ് നഗര്‍ എന്നിവയാണ് കോണ്‍ഗ്രസ് രണ്ടാം സ്ഥാനത്തെത്തിയ മണ്ഡലങ്ങള്‍. റാംപൂര്‍ ഖാസ്, ഫറേന്ദ എന്നിവയാണ് കോണ്‍ഗ്രസ് വിജയിച്ച മണ്ഡലങ്ങള്‍.

ബാക്കിയുള്ള 20 മണ്ഡലങ്ങളില്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ സമാജ്വാദി പാര്‍ട്ടിക്ക് 60,000 മുതല്‍ 70,000 വരെ വോട്ടുകള്‍ ലഭിച്ചപ്പോള്‍ കോണ്‍ഗ്രസിന് ഏകദേശം 2,000 വോട്ടുകള്‍ മാത്രമാണ് ലഭിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

എസ് പി എം പി രാജീവ് റായിയും കോണ്‍ഗ്രസിന് 26 സീറ്റുകള്‍ വാഗ്ദാനം ചെയ്തതായി സ്ഥിരീകരിച്ചു. 

ആദ്യഘട്ടത്തില്‍ 181 സീറ്റുകളാണ് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ തിങ്കളാഴ്ച പുറത്തുവന്ന മാധ്യമ റിപ്പോര്‍ട്ടുകള്‍ പ്രകാരം ആവശ്യം ഏകദേശം 120 സീറ്റുകളായി കുറച്ചിട്ടുണ്ട്. അതേസമയം, 60 മുതല്‍ 70 വരെ സീറ്റുകളില്‍ കോണ്‍ഗ്രസ് ഒത്തുതീര്‍പ്പിന് തയ്യാറാകുമെന്നാണ് എസ് പി നേതാക്കളുടെ പ്രതീക്ഷയെന്നാണ് റിപ്പോര്‍ട്ടുകള്‍.

2024ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശില്‍ ഇന്ത്യാ മുന്നണിയുടെ ഭാഗമായി മത്സരിച്ച് കോണ്‍ഗ്രസ് ആറ് സീറ്റുകളില്‍ വിജയിച്ചതാണ് കൂടുതല്‍ നിയമസഭാ സീറ്റുകള്‍ ആവശ്യപ്പെടുന്നതിന് പാര്‍ട്ടി ഉയര്‍ത്തിക്കാട്ടുന്ന പ്രധാന ഘടകം.

കോണ്‍ഗ്രസ് നേതാവ് രാജേന്ദ്ര പാല്‍ ഗൗതം പറയുന്നതനുസരിച്ച് പാര്‍ട്ടി വിജയിച്ച ആറ് ലോക്സഭാ മണ്ഡലങ്ങളിലെ ഭൂരിഭാഗം നിയമസഭാ മണ്ഡലങ്ങളും തങ്ങള്‍ക്ക് അനുവദിക്കണമെന്നാണ് കോണ്‍ഗ്രസ് എസ് പിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. റായ്ബറേലി, സഹാറന്‍പൂര്‍, ബാരാബങ്കി, സീതാപൂര്‍, അമേഠി, അലഹബാദ് എന്നിവയാണ് കോണ്‍ഗ്രസ് വിജയിച്ച ലോക്സഭാ മണ്ഡലങ്ങള്‍.

സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട ആദ്യ ഔദ്യോഗിക ചര്‍ച്ച തിങ്കളാഴ്ച ഡല്‍ഹിയില്‍ കോണ്‍ഗ്രസ് രാജ്യസഭാംഗം പ്രമോദ് തിവാരിയുടെ വസതിയിലാണ് നടന്നത്. 15 മുതല്‍ 20 മിനിറ്റ് വരെ നീണ്ട യോഗത്തിന്റെ അന്തരീക്ഷം സൗഹാര്‍ദപരമായിരുന്നുവെന്ന് രാം ഗോപാല്‍ യാദവ് പ്രതികരിച്ചു. എന്നാല്‍ 26 സീറ്റുകള്‍ സംബന്ധിച്ച എസ് പിയുടെ നിര്‍ദേശത്തില്‍ കോണ്‍ഗ്രസ് ഇതുവരെ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.

2022ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിച്ച കോണ്‍ഗ്രസിന് രണ്ട് സീറ്റുകളില്‍ മാത്രമാണ് വിജയിക്കാനായത്. 2017ല്‍ ഏഴ് സീറ്റുകളായിരുന്നു പാര്‍ട്ടിക്ക് ലഭിച്ചത്.

അതേസമയം, 2027ലെ ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇന്ത്യാ മുന്നണി ഒറ്റക്കെട്ടായി മത്സരിക്കുമെന്ന് എസ് പി അധ്യക്ഷന്‍ അഖിലേഷ് യാദവ് നേരത്തേ വ്യക്തമാക്കിയിരുന്നു. പരസ്പര ബഹുമാനവും ധാരണയും മുന്‍നിര്‍ത്തിയായിരിക്കും സീറ്റ് വിഭജനമെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്.