എന്‍വിഡിയ മേധാവിയായി ജെന്‍സന്‍ ഹുവാങ്ങിന്റെ തിരിച്ചുവരവ് വിവാദത്തില്‍; ട്രംപിനെതിരെ റിപ്പബ്ലിക്കന്‍ നേതാക്കളുടെ വിമര്‍ശനം

എന്‍വിഡിയ മേധാവിയായി ജെന്‍സന്‍ ഹുവാങ്ങിന്റെ തിരിച്ചുവരവ് വിവാദത്തില്‍; ട്രംപിനെതിരെ റിപ്പബ്ലിക്കന്‍ നേതാക്കളുടെ വിമര്‍ശനം


വാഷിങ്ടണ്‍: പ്രമുഖ ചിപ്പ് നിര്‍മാണ കമ്പനിയായ എന്‍വിഡിയയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായി ജെന്‍സന്‍ ഹുവാങ്ങിനെ തിരിച്ചെത്തിക്കാനുള്ള തീരുമാനത്തിനെതിരെ അമേരിക്കന്‍ കോണ്‍ഗ്രസിലെ റിപ്പബ്ലിക്കന്‍ അംഗങ്ങള്‍ രംഗത്ത്. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നേരിട്ട് ഇടപെട്ട് തീരുമാനത്തിന് പിന്തുണ നല്‍കിയതും രാഷ്ട്രീയ വിവാദത്തിന് വഴിവെച്ചു. ചൈനയുമായുള്ള ഹുവാങ്ങിന്റെ ബന്ധങ്ങളും അമേരിക്കയുടെ ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട ആശങ്കകളുമാണ് റിപ്പബ്ലിക്കന്‍ നേതാക്കളെ എതിര്‍പ്പിലേക്കു നയിച്ചത്. ട്രംപിന്റെ തീരുമാനത്തെ സ്വന്തം പാര്‍ട്ടിക്കാര്‍ തന്നെ പരസ്യമായി ചോദ്യം ചെയ്യുന്നത് അപൂര്‍വ സംഭവമായാണ് വിലയിരുത്തപ്പെടുന്നത്.

എന്‍വിഡിയയുടെ തീരുമാനം ദേശീയ സുരക്ഷയ്ക്ക് ഭീഷണിയല്ലെന്ന് അമേരിക്കന്‍ ഭരണകൂടത്തിലെ ഉന്നത ഉദ്യോഗസ്ഥരില്‍നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡ് തീരുമാനിച്ചതെന്ന വിശദീകരണം കൂടുതല്‍ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കി. സര്‍ക്കാരില്‍നിന്ന് ആരാണ് ബോര്‍ഡിന് നിര്‍ദേശം നല്‍കിയത്, എന്ത് വിവരങ്ങളാണ് കൈമാറിയത്, ദേശീയ സുരക്ഷയ്ക്ക് ഭീഷണിയില്ലെന്ന നിഗമനത്തിലെത്താന്‍ സ്വീകരിച്ച മാനദണ്ഡങ്ങള്‍ എന്തൊക്കെയാണെന്ന് സെനറ്റര്‍ ജോണ്‍ കര്‍ട്ടിസ് ചോദിച്ചു.

ചൈനയിലേക്ക് അത്യാധുനിക എഐ ചിപ്പുകള്‍ കടത്തുന്നതും വിദൂരമായി ഉപയോഗിക്കാന്‍ അവസരം ലഭിക്കുന്നതും സംബന്ധിച്ച് നേരത്തെ തന്നെ ഭരണകൂടത്തിന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്ന് ഇന്റലിജന്‍സ് കമ്മിറ്റി ചെയര്‍മാനും റിപ്പബ്ലിക്കന്‍ നേതാവുമായ സെനറ്റര്‍ ടോം കോട്ടണ്‍ പറഞ്ഞു. വിഷയത്തില്‍ കോണ്‍ഗ്രസ് വിശദമായ അന്വേഷണം നടത്തണമെന്നും എഐ ചിപ്പുകളുടെ കയറ്റുമതി നിയന്ത്രണം ശക്തമാക്കുന്ന നിയമനിര്‍മാണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തന്റെ നേതൃത്വത്തിലുള്ള ചിപ്പ് സെക്യൂരിറ്റി ആക്ട് ഉള്‍പ്പെടെയുള്ള നിയമനിര്‍ദേശങ്ങള്‍ മുന്നോട്ടുകൊണ്ടുപോകുമെന്നും വ്യക്തമാക്കി.

ഹുവാങ്ങിന്റെ വ്യക്തിജീവിതവുമായി ബന്ധപ്പെട്ട വെളിപ്പെടുത്തലുകളും വിവാദത്തിന് കാരണമായിട്ടുണ്ട്. വിവാഹേതര ബന്ധങ്ങളെക്കുറിച്ചുള്ള ആരോപണങ്ങള്‍ക്കൊപ്പം ചൈനീസ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ ഏജന്റാണെന്ന് അമേരിക്കന്‍ ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ തിരിച്ചറിഞ്ഞ ഒരു സ്ത്രീയുമായുള്ള ബന്ധവും പുറത്തുവന്നിരുന്നു. ഇവരുടെ ഉടമസ്ഥതയിലുള്ള മെഗാസ്പീഡ് എന്ന ഡാറ്റാ സെന്റര്‍ കമ്പനിക്കെതിരെ എഐ ചിപ്പുകള്‍ അനധികൃതമായി ചൈനയിലേക്ക് കടത്തിയെന്ന ആരോപണത്തില്‍ നീതിന്യായ വകുപ്പ് ക്രിമിനല്‍ അന്വേഷണം നടത്തിവരികയാണ്.

ഹുവാങ്ങിന്റെ തിരിച്ചുവരവിനെ ട്രംപ് പരസ്യമായി പിന്തുണച്ചിരുന്നു. എന്‍വിഡിയ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളുമായി നേരിട്ടും അല്ലാതെയും സംസാരിച്ചെന്നും അദ്ദേഹത്തെ തിരിച്ചെത്തിക്കാനുള്ള തീരുമാനത്തില്‍ താന്‍ ഇടപെട്ടെന്നും ട്രംപ് സി.എന്‍.ബി.സി.യ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

എന്നാല്‍, ഹുവാങ്ങിന്റെ പെരുമാറ്റം വീണ്ടും കമ്പനിയുടെ മേധാവിയാകാന്‍ അനുയോജ്യമല്ലെന്നായിരുന്നു നെബ്രാസ്‌കയില്‍ നിന്നുള്ള സെനറ്റര്‍ പീറ്റ് റിക്കറ്റ്‌സിന്റെ പ്രതികരണം. തിരിച്ചെത്തിയെന്ന കാരണത്താല്‍ കോണ്‍ഗ്രസിന് മുന്നില്‍ ഹാജരായി വിശദീകരണം നല്‍കുന്നതില്‍നിന്ന് ഹുവാങ്ങിന് ഒഴിവാകാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എന്‍വിഡിയയുടെ പ്രവര്‍ത്തനങ്ങള്‍, ദേശീയ സുരക്ഷാ ആശങ്കകള്‍, കണക്കില്‍പ്പെടാത്ത ചിപ്പുകള്‍ എന്നിവ സംബന്ധിച്ച് കമ്പനി മറുപടി നല്‍കണമെന്നും ആവശ്യപ്പെട്ടു.

ചൈനീസ് രഹസ്യാന്വേഷണ ഏജന്റുമായുള്ള ബന്ധത്തെക്കുറിച്ചുള്ള ആരോപണങ്ങളില്‍ എഫ്.ബി.ഐ. ഹുവാങ്ങിന് മുന്നറിയിപ്പ് നല്‍കിയിരുന്നോ എന്ന ചോദ്യവും സെനറ്റര്‍ ജോണ്‍ കോര്‍ണിന്‍ ഉയര്‍ത്തി. നല്‍കിയിട്ടുണ്ടെങ്കില്‍ എന്ത് വിവരങ്ങളാണ് കൈമാറിയതെന്നും മുന്നറിയിപ്പുകള്‍ അദ്ദേഹം അവഗണിച്ചിരുന്നോയെന്നും അന്വേഷിക്കണമെന്ന് കോര്‍ണിന്‍ ആവശ്യപ്പെട്ടു. ഹുവാങ്ങിനെ സംരക്ഷിക്കാന്‍ ഭരണകൂടം നടത്തുന്ന ഇടപെടല്‍ വിശദീകരിക്കാനാവാത്തതാണെന്നും എന്‍വിഡിയ മറ്റൊരു മേധാവിയെ കണ്ടെത്തേണ്ടിയിരുന്നുവെന്നും റിപ്പബ്ലിക്കന്‍ പ്രതിനിധി ഡോണ്‍ ബേക്കണ്‍ വിമര്‍ശിച്ചു.

ഹുവാങ്ങിനെ തിരിച്ചെത്തിച്ചതിന്റെ നിയമപരവും സാമ്പത്തികവുമായ പ്രത്യാഘാതങ്ങള്‍ എന്‍വിഡിയ നേരിടേണ്ടിവരുമെങ്കിലും ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ കമ്പനിയില്‍ മാത്രം ഒതുങ്ങുന്നതല്ലെന്ന് സെനറ്റര്‍ കെവിന്‍ ക്രാമര്‍ പറഞ്ഞു. ചിപ്പ് കയറ്റുമതിയില്‍ കൂടുതല്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ കോണ്‍ഗ്രസിന്റെ ഇരുസഭകളും നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ആരോപണങ്ങളെ വിദേശകാര്യ സമിതി അധ്യക്ഷന്‍ ബ്രയാന്‍ മാസ്റ്റും ഗൗരവത്തോടെയാണ് കാണുന്നത്. ഹുവാങ്ങും എന്‍വിഡിയയുടെ അഭിഭാഷകരും അടുത്തയാഴ്ച ജനപ്രതിനിധികളുമായി റെക്കോര്‍ഡ് ചെയ്യപ്പെടുന്ന അഭിമുഖത്തില്‍ പങ്കെടുക്കുമെന്ന് അദ്ദേഹം അറിയിച്ചു. വിദേശകാര്യ സമിതി, ഇന്റലിജന്‍സ് സമിതി, ചൈനയുമായി ബന്ധപ്പെട്ട പ്രത്യേക സമിതി എന്നിവ സംയുക്തമായാണ് അന്വേഷണം നടത്തുന്നത്.

ഹുവാങ്ങിന്റെ തിരിച്ചുവരവ് അന്വേഷണ നടപടികളെ ബാധിക്കില്ലെന്നും കൂടുതല്‍ വിശദീകരണങ്ങള്‍ തേടുന്നത് തുടരുമെന്നും ഇന്റലിജന്‍സ് കമ്മിറ്റി അധ്യക്ഷന്റെ വക്താവ് അറിയിച്ചു. ഹൗസ് അംഗങ്ങളുമായുള്ള ഹുവാങ്ങിന്റെ അടച്ചിട്ട മുറിയിലെ കൂടിക്കാഴ്ചയ്ക്കു പിന്നാലെ സെനറ്റിലെ പരസ്യ വിചാരണയും നടക്കും. സെനറ്റര്‍ ടിം സ്‌കോട്ടിന്റെ നേതൃത്വത്തിലുള്ള ബാങ്കിങ് കമ്മിറ്റിക്കു മുന്നില്‍ ഹാജരായി മൊഴി നല്‍കാനും ഹുവാങ്ങിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

അമേരിക്കയുടെ അത്യാധുനിക സാങ്കേതികവിദ്യ ചൈനയുടെ കൈകളിലെത്തുന്നത് തടയാനുള്ള സുരക്ഷാ നടപടികളും കമ്പനികളുടെ പ്രവര്‍ത്തനങ്ങളില്‍ കോണ്‍ഗ്രസിനുള്ള മേല്‍നോട്ടാധികാരവും സംബന്ധിച്ച വലിയ ചര്‍ച്ചയ്ക്കാണ് എന്‍വിഡിയ വിവാദം വഴിതുറന്നിരിക്കുന്നത്. ട്രംപിന്റെ തീരുമാനത്തെ പിന്തുണയ്ക്കുന്നവരും ദേശീയ സുരക്ഷാ ആശങ്കകള്‍ ഉയര്‍ത്തുന്നവരും തമ്മിലുള്ള ഭിന്നത റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കുള്ളിലും പ്രകടമായിരിക്കുകയാണ്.