മോസ്‌കോ: യുക്രെയ്‌നുമായുള്ള യുദ്ധത്തില്‍ റഷ്യയ്ക്ക് ഇതുവരെ ഏഴുലക്ഷത്തിലധികം സൈനികരെ നഷ്ടമായതായി പുതിയ പഠനറിപ്പോര്‍ട്ട്. റഷ്യന്‍ പ്രവാസി മാധ്യമങ്ങളായ മെദൂസയും മീഡിയസോണയും തിങ്കളാഴ്ച പുറത്തുവിട്ട കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നതെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. റഷ്യന്‍ സര്‍ക്കാര്‍ സ്ഥിതിവിവരക്കണക്ക് ഏജന്‍സിയായ റോസ്സ്റ്റാറ്റില്‍നിന്ന് ഹാക്കര്‍മാര്‍ ചോര്‍ത്തിയ വിവരങ്ങള്‍ വിശകലനം ചെയ്താണ് മരണസംഖ്യ സംബന്ധിച്ച പുതിയ നിഗമനത്തിലെത്തിയത്.
ബെലാറസിലെ സൈബര്‍ പാര്‍ട്ടിസന്‍സ്, സൈലന്റ് ക്രോ എന്നീ യുക്രെയ്ന്‍ അനുകൂല ഹാക്കര്‍ സംഘങ്ങളാണ് റഷ്യന്‍ സര്‍ക്കാര്‍ സംവിധാനങ്ങളില്‍നിന്ന് വിവരങ്ങള്‍ ശേഖരിച്ചത്. റഷ്യയിലെ സിവില്‍ രജിസ്ട്രി, സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള വിവര കൈമാറ്റ സംവിധാനം എന്നിവയില്‍നിന്നുള്ള രേഖകളും വിശകലനത്തിന് ഉപയോഗിച്ചു. ഈ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കഴിഞ്ഞ സെപ്റ്റംബര്‍ വരെ റഷ്യന്‍ സര്‍ക്കാര്‍ സംവിധാനങ്ങളില്‍ കുറഞ്ഞത് 4.90 ലക്ഷം സൈനികരുടെ മരണം രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് മാധ്യമങ്ങള്‍ കണ്ടെത്തിയത്.
എന്നാല്‍ യുദ്ധത്തില്‍ കൊല്ലപ്പെടുന്നവരുടെ വിവരങ്ങള്‍ സര്‍ക്കാര്‍ രേഖകളില്‍ ഉള്‍പ്പെടുത്താന്‍ വലിയ കാലതാമസമുണ്ടാകാറുണ്ട്. 2026ലെ ഭൂരിഭാഗം മരണങ്ങളും 2025ലെ നിരവധി മരണങ്ങളും ലഭ്യമായ കണക്കുകളില്‍ ഉള്‍പ്പെട്ടിട്ടില്ല. കാണാതായവരില്‍ മരിച്ചിരിക്കാനാണ് സാധ്യതയുള്ളവരെയും കാലതാമസം മൂലം രേഖപ്പെടുത്താത്ത മരണങ്ങളെയും ശാസ്ത്രീയ കണക്കുകൂട്ടല്‍ രീതികളിലൂടെ ഉള്‍പ്പെടുത്തിയപ്പോഴാണ് മരണസംഖ്യ ഏഴുലക്ഷം കടന്നതെന്നാണ് റിപ്പോര്‍ട്ട്.
ഈ വര്‍ഷം ആദ്യം പുറത്തുവിട്ട കണക്കുകളേക്കാള്‍ വലിയ വര്‍ധനവാണ് പുതിയ വിലയിരുത്തലിലുള്ളത്. അതേസമയം, ഹാക്കര്‍മാര്‍ പുറത്തുവിട്ട വിവരങ്ങളോ മാധ്യമങ്ങളുടെ വിശകലനമോ ന്യൂയോര്‍ക്ക് ടൈംസ് സ്വതന്ത്രമായി സ്ഥിരീകരിച്ചിട്ടില്ല. യുദ്ധകാലത്തെ കൃത്യമായ മരണസംഖ്യ കണ്ടെത്തുക പ്രയാസകരമാണെന്നും ഇത്തരം കണക്കുകളില്‍ ചരിത്രകാരന്മാര്‍ക്കിടയില്‍ പോലും ദീര്‍ഘകാലം അഭിപ്രായവ്യത്യാസങ്ങള്‍ നിലനില്‍ക്കാറുണ്ടെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. പരിക്കേറ്റ സൈനികരുടെ എണ്ണം പുതിയ പഠനത്തില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.
യുദ്ധത്തില്‍ കനത്ത ആള്‍നഷ്ടമുണ്ടാകുമ്പോഴും റഷ്യ സൈനിക റിക്രൂട്ട്‌മെന്റ് തുടരുകയാണ്. 2026ല്‍ ഏകദേശം 4.09 ലക്ഷം സൈനികരെ റിക്രൂട്ട് ചെയ്യാന്‍ റഷ്യയ്ക്ക് കഴിയുമെന്നാണ് കാര്‍നെഗി എന്‍ഡോവ്‌മെന്റ് ഫോര്‍ ഇന്റര്‍നാഷണല്‍ പീസ് സീനിയര്‍ ഫെലോ മൈക്കല്‍ കോഫ്മാന്റെ വിലയിരുത്തല്‍. പുതിയതായി സൈന്യത്തില്‍ ചേരുന്നവര്‍ക്ക് റഷ്യന്‍ സര്‍ക്കാര്‍ വലിയ സാമ്പത്തിക ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്യുന്നുണ്ട്.
റഷ്യയുടെ സൈനിക റിക്രൂട്ട്‌മെന്റ് നിരക്കിനേക്കാള്‍ കൂടുതലാണ് യുദ്ധത്തിലെ സൈനിക നഷ്ടമെങ്കിലും നിലവിലെ രീതിയില്‍ യുദ്ധം തുടരാന്‍ മോസ്‌കോയ്ക്ക് കഴിയുന്നുണ്ടെന്ന് കോഫ്മാന്‍ പറയുന്നു. എന്നാല്‍ സൈനികരെ നഷ്ടപ്പെടുന്ന തോത് തുടരുകയാണെങ്കില്‍ യുദ്ധമുഖത്ത് ആക്രമണങ്ങള്‍ നടത്താന്‍ ആവശ്യമായ കാലാള്‍പ്പടയുടെ ക്ഷാമം ഭാവിയില്‍ റഷ്യ നേരിടേണ്ടിവരും. സൈനിക വിന്യാസത്തിലും യുദ്ധതന്ത്രത്തിലും മാറ്റം വരുത്തിയില്ലെങ്കില്‍ ഓരോ ആക്രമണത്തിലൂടെയും ലഭിക്കുന്ന നേട്ടം കുറഞ്ഞുവരുമെന്നും സൈനിക നില മെച്ചപ്പെടുത്താനുള്ള സാധ്യത പരിമിതപ്പെടുമെന്നും അദ്ദേഹം വിലയിരുത്തി.
യുക്രെയ്‌നിനെതിരായ സമ്പൂര്‍ണ അധിനിവേശം ആരംഭിച്ച് അഞ്ചുവര്‍ഷത്തോടടുക്കുമ്പോഴും യുദ്ധം അവസാനിപ്പിക്കാന്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിന്‍ തയ്യാറായതിന്റെ സൂചനകളില്ല. രാജ്യത്തെ വിമര്‍ശനങ്ങളെയും യുദ്ധവിരുദ്ധ പ്രതിഷേധങ്ങളെയും അടിച്ചമര്‍ത്തുന്നതിനൊപ്പം സെന്‍സര്‍ഷിപ്പും ഔദ്യോഗിക പ്രചാരണവും ശക്തമാക്കിയ റഷ്യന്‍ ഭരണകൂടം യുദ്ധത്തിലെ യഥാര്‍ഥ ആള്‍നഷ്ടം സംബന്ധിച്ച വിവരങ്ങള്‍ പൊതുജനങ്ങളില്‍നിന്ന് മറച്ചുവയ്ക്കുകയാണെന്നും റിപ്പോര്‍ട്ട് വിലയിരുത്തുന്നു.
യുക്രെയ്ന്‍ യുദ്ധത്തില്‍ റഷ്യയ്ക്ക് 7 ലക്ഷം സൈനികരെ നഷ്ടമായതായി കണക്ക്; മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കും
