ധാക്ക: ഇന്ത്യയില്‍ രണ്ടുവര്‍ഷത്തിലേറെയായി പ്രവാസജീവിതം നയിക്കുന്ന മുന്‍ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ഡിസംബര്‍ 16ന് നാട്ടിലേക്ക് മടങ്ങുമെന്ന് പ്രഖ്യാപിച്ചതായി റിപ്പോര്‍ട്ട്. 1971ലെ പാകിസ്ഥാനെതിരായ വിമോചനയുദ്ധത്തിലെ വിജയത്തിന്റെ വാര്‍ഷികദിനത്തിലാണ് മടങ്ങിവരാന്‍ തീരുമാനിച്ചിരിക്കുന്നത്. ഹസീനയുടെ വക്താവ് സയ്യിദ് മൊസമ്മല്‍ അലി ചൊവ്വാഴ്ച റോയിട്ടേഴ്സിനോടാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. മടങ്ങിവരവിന് കൃത്യമായ തീയതി പ്രഖ്യാപിക്കുന്നത് ആദ്യമായാണ്.
2024 ഓഗസ്റ്റ് അഞ്ചിന് സര്‍ക്കാരിനെതിരായ രൂക്ഷമായ ജനകീയ പ്രക്ഷോഭത്തെത്തുടര്‍ന്ന് അധികാരത്തില്‍നിന്ന് പുറത്താക്കപ്പെട്ട ഹസീന ഡല്‍ഹിയിലേക്ക് പലായനം ചെയ്യുകയായിരുന്നു. പ്രക്ഷോഭത്തിനിടെ നിരവധി പേര് കൊല്ലപ്പെട്ടിരുന്നു. ഇന്ത്യയിലെത്തിയതിന് പിന്നാലെ അവരുടെ പാസ്പോര്‍ട്ടും മറ്റ് യാത്രാരേഖകളും റദ്ദാക്കിയിരുന്നു. ഇവ തിരികെ ലഭിക്കുന്നതിനായി ഈ മാസം ആദ്യം ഹസീന പുതിയ പാസ്പോര്‍ട്ടിനും മറ്റ് രേഖകള്‍ക്കുമായി അപേക്ഷിച്ചതായും റിപ്പോര്‍ട്ടുണ്ട്.
ബംഗ്ലാദേശിന്റെ ദേശീയ വിമാനക്കമ്പനിയായ ബിമാന്‍ ബംഗ്ലാദേശ് എയര്‍ലൈന്‍സിന്റെ വിമാനത്തില്‍ ഡല്‍ഹിയില്‍നിന്ന് ധാക്കയിലേക്ക് മടങ്ങാന്‍ ആവശ്യമായ ക്രമീകരണങ്ങള്‍ സര്‍ക്കാര്‍ നടത്തണമെന്നും ഹസീന ആവശ്യപ്പെട്ടിട്ടുണ്ട്. 2024 ഓഗസ്റ്റ് അഞ്ചിന് ബംഗ്ലാദേശ് വിമാനത്തിലാണ് തന്നെ ഇന്ത്യയിലെത്തിച്ചതെന്നും അതിനാല്‍ ഡിസംബര്‍ 16ന് നാട്ടിലേക്ക് മടങ്ങുന്നതിനുള്ള യാത്രാസൗകര്യം ഒരുക്കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണെന്നും വക്താവ് പ്രസ്താവനയില്‍ പറഞ്ഞു.
എന്നാല്‍, ബംഗ്ലാദേശിലേക്ക് മടങ്ങിയെത്തിയാല്‍ ഹസീനയെ അറസ്റ്റ് ചെയ്ത് ജയിലിലടയ്ക്കുമെന്ന് ബംഗ്ലാദേശ് മന്ത്രി റോയിട്ടേഴ്സിനോട് വ്യക്തമാക്കിയിട്ടുണ്ട്. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട സാഹചര്യത്തിലാണ് ഈ മുന്നറിയിപ്പ്. ഹസീനയെ തിരിച്ചെത്തിക്കുന്നതിനായി വിമാനം അയയ്ക്കുന്നതു സംബന്ധിച്ച് ഇന്ത്യയുമായി ഔദ്യോഗിക ചര്‍ച്ചകളൊന്നും നടത്തിയിട്ടില്ലെന്നും മന്ത്രി അറിയിച്ചു.
2024ലെ പ്രക്ഷോഭത്തിനിടെ 1,400 പേര് വരെ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് ഐക്യരാഷ്ട്രസഭയുടെ കണക്ക്. വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ നടന്ന പ്രക്ഷോഭത്തെ അടിച്ചമര്‍ത്താന്‍ ഉത്തരവിട്ടെന്ന കുറ്റത്തിന് കഴിഞ്ഞ നവംബറില്‍ ബംഗ്ലാദേശിലെ യുദ്ധക്കുറ്റ വിചാരണക്കോടതി ഹസീനയുടെ അസാന്നിധ്യത്തില്‍ വധശിക്ഷ വിധിച്ചിരുന്നു. എന്നാല്‍, തനിക്കെതിരായ ആരോപണങ്ങള്‍ ഹസീന നിഷേധിച്ചിട്ടുണ്ട്.
ഹസീനയുടെ പാര്‍ട്ടിയായ അവാമി ലീഗിന് ബംഗ്ലാദേശില്‍ ഇപ്പോഴും വിലക്കുണ്ട്. രാഷ്ട്രീയ സംഘര്‍ഷങ്ങളും അക്രമസംഭവങ്ങളും തുടരുന്നതിനിടെയുള്ള മടങ്ങിവരവ് പ്രഖ്യാപനം രാജ്യത്ത് പുതിയ രാഷ്ട്രീയനിയമപോരാട്ടങ്ങള്ക്ക് വഴിവെക്കുമെന്നാണ് വിലയിരുത്തല്‍.
ഡിസംബര്‍ 16ന് ബംഗ്ലാദേശിലേക്ക് മടങ്ങുമെന്ന് ഷെയ്ഖ് ഹസീന; തിരിച്ചുവരവ് സ്വാതന്ത്ര്യവിജയ ദിനത്തില്‍
