അന്താല്യ: ഐക്യരാഷ്ട്രസഭയുടെ കാലാവസ്ഥാ ഉച്ചകോടിയായ കോപ്31ന്റെ സമാപനവേദിയില്‍ തുര്‍ക്കി അധ്യക്ഷന്‍ മുറാത് കുറുമിനെതിരെ രൂക്ഷവിമര്‍ശനവുമായി ഘാന പരിസ്ഥിതി മന്ത്രി ഡോ. സനെറ്റര്‍ അജിമാന്‍- റൗളിംഗ്‌സ്. പ്രസംഗത്തിനിടെ മൈക്രോഫോണ്‍ നിശ്ശബ്ദമാക്കി ഇടപെടല്‍ തടസ്സപ്പെടുത്തിയതിനെതിരെയാണ് മന്ത്രി പ്രതിഷേധിച്ചത്. 54 ആഫ്രിക്കന്‍ രാജ്യങ്ങളുടെ പ്രതിനിധിയായാണ് താന്‍ സംസാരിക്കുന്നതെന്നും ഈ നടപടി അംഗീകരിക്കാനാവില്ലെന്നും അവര്‍ വ്യക്തമാക്കി. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്.
തുര്‍ക്കിയിലെ അന്താല്യയില്‍ നടന്ന 31-ാമത് ഐക്യരാഷ്ട്രസഭാ കാലാവസ്ഥാ ഉച്ചകോടിയുടെ സമാപന സമ്മേളനത്തിനിടെയായിരുന്നു നാടകീയ രംഗങ്ങള്‍. നവംബര്‍ 9 മുതല്‍ 20 വരെ നടത്താന്‍ നിശ്ചയിച്ചിരുന്ന സമ്മേളനം രണ്ട് ദിവസത്തോളം നീണ്ടുപോയിരുന്നു. ഏകദേശം 200 രാജ്യങ്ങള്‍ പങ്കെടുത്ത സമ്മേളനത്തില്‍ സമഗ്രമായ ധാരണയിലെത്താന്‍ സാധിച്ചില്ല. 2009ലെ കോപ്പന്‍ഹേഗന്‍ കാലാവസ്ഥാ സമ്മേളനത്തിനുശേഷം ഇത്തരത്തില്‍ തീരുമാനമില്ലാതെ അവസാനിക്കുന്ന ആദ്യ ഉച്ചകോടിയാണിതെന്നാണ് റിപ്പോര്‍ട്ടുകള്‍.
തുര്‍ക്കി പരിസ്ഥിതി, നഗരവത്ക്കരണ, കാലാവസ്ഥാ വ്യതിയാന മന്ത്രി കൂടിയായ കോപ്31 അധ്യക്ഷന്‍ മുറാത് കുറുമാണ് സമാപന നടപടികള്‍ നിയന്ത്രിച്ചിരുന്നത്. ഘാനയ്ക്ക് സംസാരിക്കാന്‍ അവസരം നല്‍കിയതിനെത്തുടര്‍ന്ന് ആഫ്രിക്കന്‍ രാജ്യങ്ങളുടെ നിലപാട് അവതരിപ്പിക്കുകയായിരുന്നു മന്ത്രി സനെറ്റര്‍ അജിമാന്‍- റൗളിംഗ്‌സ്. 54 രാജ്യങ്ങളെ പ്രതിനിധീകരിക്കുന്ന ആഫ്രിക്കന്‍ ഗ്രൂപ്പ് ഓഫ് നെഗോഷ്യേറ്റേഴ്‌സിന്റെ (എ ജി എന്‍) ഭാഗമായും അവര്‍ സംസാരിക്കുകയായിരുന്നു.
എന്നാല്‍ കരട് തീരുമാനത്തിലെ പോരായ്മകള്‍ ചൂണ്ടിക്കാട്ടുന്നതിനിടെ മന്ത്രിയുടെ മൈക്രോഫോണ്‍ പ്രവര്‍ത്തനരഹിതമായി.
കാലാവസ്ഥാ ദുരന്തങ്ങളെത്തുടര്‍ന്നുള്ള നഷ്ടങ്ങള്‍ക്കും നാശനഷ്ടങ്ങള്‍ക്കുമുള്ള സഹായം സംബന്ധിച്ച വ്യവസ്ഥകളില്‍ ആവശ്യമായ സാമ്പത്തിക വിഭവങ്ങളുടെ ലക്ഷ്യങ്ങള്‍ വ്യക്തമാക്കിയിട്ടില്ലെന്നും വ്യാപാരവും കാലാവസ്ഥാ വ്യതിയാനവും സംബന്ധിച്ച വിഷയങ്ങളിലും അപാകതകളുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടുന്നതിനിടെയാണ് കുറും ഇടപെട്ടത്.
താന്‍ വായിച്ച തീരുമാനവുമായി ബന്ധപ്പെട്ട അഭിപ്രായമാണെങ്കില്‍ അത് അറിയിക്കാമെന്നും അഭിപ്രായമില്ലെങ്കില്‍ സംസാരിക്കാന്‍ അനുമതി തേടിയ മറ്റ് പ്രതിനിധികള്‍ക്ക് അവരുടെ വിഷയങ്ങള്‍ വരുമ്പോള്‍ അവസരം നല്‍കുമെന്നുമായിരുന്നു കുറുമിന്റെ പ്രതികരണം.
ഇതിനിടെ ഐക്യരാഷ്ട്രസഭയുടെ കാലാവസ്ഥാ വ്യതിയാന വിഭാഗം എക്‌സിക്യൂട്ടീവ് സെക്രട്ടറി സൈമണ്‍ സ്റ്റീല്‍ അധ്യക്ഷവേദിയിലെത്തി കുറുമിനോട് സംസാരിക്കാന്‍ ശ്രമിച്ചെങ്കിലും ഇരിപ്പിടത്തിലേക്ക് മടങ്ങാനും സംസാരിക്കാന്‍ ഞാന്‍ അവസരം നല്‍കാമെന്നുമായിരുന്നു കുറുമിന്റെ മറുപടി. തുടര്‍ന്ന് സ്റ്റീല്‍ പിന്മാറി.
പിന്നീട് ഘാന പ്രതിനിധി സംഘത്തിലെ നാനാ ഡോ. ആന്റ്വി-ബോവാസിയാക്കോ അമോവ സംസാരിക്കാന്‍ എഴുന്നേറ്റു. എ ജി എന്‍ അധ്യക്ഷന്‍ കൂടിയായ അദ്ദേഹം തികഞ്ഞ അമര്‍ഷത്തോടെയാണ് പ്രതികരിച്ചത്.
തുടര്‍ന്ന് വീണ്ടും സംസാരിക്കാന്‍ അവസരം ലഭിച്ച അജിമാന്‍-റൗളിംഗ്‌സ് തുര്‍ക്കി അധ്യക്ഷനെ നേരിട്ട് വിമര്‍ശിച്ചു.
സംഭവം വിവാദമായതോടെ പിന്നീട് കുറും ഘാന മന്ത്രിയെ നേരിട്ട് സമീപിച്ച് ഖേദം പ്രകടിപ്പിച്ചു. ഘാനയെയോ ആഫ്രിക്കയെയോ അപമാനിക്കാന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നും അദ്ദേഹം വിശദീകരിച്ചു. കുറുമിന്റെ ക്ഷമാപണം മന്ത്രി സ്വീകരിക്കുകയും ഇരുവരും ഒരുമിച്ച് ഫോട്ടോയ്ക്ക് പോസ് ചെയ്യുകയും ചെയ്തു.
