പഞ്ചാബിൽ വീണ്ടും 'ബിജെപി-അകാലിദള്‍' സഖ്യം; 2027-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഒന്നിച്ച് മത്സരിക്കുമെന്ന് അമിത് ഷാ

പഞ്ചാബിൽ വീണ്ടും 'ബിജെപി-അകാലിദള്‍' സഖ്യം; 2027-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഒന്നിച്ച് മത്സരിക്കുമെന്ന് അമിത് ഷാ


ന്യൂഡൽഹി: പഞ്ചാബിൽ 2027ൽ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ഭാരതീയ ജനതാ പാർട്ടിയും (ബിജെപി) ശിരോമണി അകാലിദളും (എസ്എഡി) ഒന്നിച്ച് മത്സരിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ആറ് വർഷത്തെ ഇടവേളയ്ക്ക് ശേഷം പഴയ സഖ്യകക്ഷികൾ വീണ്ടും കൈകോർത്തതോടെ അകാലിദൾ ഔദ്യോഗികമായി എൻഡിഎയുടെ ഭാഗമായി മാറി. ന്യൂഡൽഹിയിലെ ബിജെപി ആസ്ഥാനത്ത് നടത്തിയ സംയുക്ത വാർത്താസമ്മേളനത്തിലാണ് പഞ്ചാബ് രാഷ്ട്രീയത്തിൽ വലിയ മാറ്റങ്ങൾക്ക് വഴിവയ്ക്കുന്ന ഈ നിർണായക തീരുമാനം പ്രഖ്യാപിച്ചത്.

ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബിൻ, ശിരോമണി അകാലിദൾ അധ്യക്ഷൻ സുഖ്ബീർ സിങ് ബാദൽ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു സഖ്യപ്രഖ്യാപനം. നിതിൻ നബിൻ്റെ നേതൃത്വത്തിൽ ഇരുപാർട്ടികളിലെയും പ്രമുഖ നേതാക്കൾ നടത്തിയ കൂടിക്കാഴ്ചയിലാണ് തെരഞ്ഞെടുപ്പിനെ സംയുക്തമായി നേരിടാൻ തീരുമാനിച്ചതെന്ന് അമിത് ഷാ വ്യക്തമാക്കി. പഞ്ചാബിലെ നിലവിലെ ഭരണകക്ഷിയായ ആം ആദ്മി പാർട്ടിക്കും പ്രധാന പ്രതിപക്ഷമായ കോൺഗ്രസിനും പുതിയ രാഷ്ട്രീയ നീക്കം വലിയ വെല്ലുവിളിയുയർത്തുമെന്നാണ് ഇരുപാർട്ടികളുടെയും വിലയിരുത്തൽ.

എൻഡിഎ വിപുലീകരണത്തെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി സംസാരിച്ചിരുന്നുവെന്നും അദ്ദേഹം സുഖ്ബീർ സിങ് ബാദലിനെയും നിതിൻ നബിനെയും ഫോണിൽ വിളിച്ച് അഭിനന്ദിച്ചുവെന്നും അമിത് ഷാ പറഞ്ഞു. ബാദലിൻ്റെ പാർട്ടി ഒപ്പമുള്ളപ്പോഴാണ് എൻഡിഎ പൂർണമാകുന്നതെന്ന വികാരമാണ് പ്രധാനമന്ത്രി പങ്കുവച്ചത്. പഞ്ചാബിലും രാജ്യത്താകമാനവും ലോകമെമ്പാടും ഹിന്ദു-സിഖ് സാഹോദര്യത്തിൻ്റെ പ്രതീകമായി ഈ സഖ്യം മാറുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വല്യേട്ടൻ അകാലിദൾ, 117 സീറ്റിലും സംയുക്ത മത്സരം

സഖ്യത്തിൽ ആരായിരിക്കും വല്യേട്ടൻ്റെ പങ്ക് വഹിക്കുക എന്ന ചോദ്യത്തിന്, സ്വാഭാവികമായും ശിരോമണി അകാലിദൾ തന്നെയായിരിക്കും വല്യേട്ടനെന്നായിരുന്നു അമിത് ഷായുടെ മറുപടി. സംസ്ഥാനത്തെ മുഴുവൻ 117 നിയമസഭാ സീറ്റുകളിലും ഇരുപാർട്ടികളും സംയുക്തമായി മത്സരിക്കും. 

പഞ്ചാബിൽ എൻഡിഎയുടെ മുഖ്യമന്ത്രി സ്ഥാനാർഥി ആരായിരിക്കുമെന്ന ചോദ്യത്തിന്, സഖ്യത്തിൽ ആരാണോ വല്യേട്ടൻ അവർ തന്നെ മുഖ്യമന്ത്രിയാകുമെന്ന് അദ്ദേഹം വ്യക്തമാക്കി. ശിരോമണി അകാലിദളുമായുള്ള സഖ്യം തികച്ചും സ്വാഭാവികമാണെന്നും സീറ്റ് വിഭജന ചർച്ചകൾ പിന്നീട് നടക്കുമെന്നും ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബിൻ പറഞ്ഞു. പഞ്ചാബിനെ സേവിക്കാൻ ഇരുപാർട്ടികളും ഒന്നിച്ചുവെന്ന വ്യക്തമായ സന്ദേശമാണ് ഇതിലൂടെ നൽകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ലഹരിമുക്ത പഞ്ചാബ്

പഞ്ചാബിലെ ജനങ്ങൾക്കായി എൻഡിഎ സഖ്യത്തിൻ്റെ പ്രധാന വാഗ്‌ദാനങ്ങളും അമിത് ഷാ മുന്നോട്ടുവച്ചു. അധികാരത്തിലെത്തിയാൽ 2029 ഡിസംബർ 31ഓടെ പഞ്ചാബിനെ പൂർണമായും ലഹരിമുക്തമാക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. അതിർത്തി സംസ്ഥാനമായ പഞ്ചാബിൽ ക്രമസമാധാന നില ഭദ്രമാക്കി സുരക്ഷ ഉറപ്പാക്കുക, ഗുണ്ടാസംഘങ്ങളെയും മയക്കുമരുന്ന് വിപത്തിനെയും അഴിമതിയും തുടച്ചുനീക്കുക, ദേശീയവാദ ശക്തികളെ കരുത്തുറ്റതാക്കുക എന്നിവയായിരിക്കും സഖ്യത്തിൻ്റെ പ്രഥമ പരിഗണന.

എൻഡിഎ ഭരിക്കുന്ന സംസ്ഥാനങ്ങളിലെല്ലാം മികച്ച ക്രമസമാധാന നിലയാണുള്ളത്. കഴിഞ്ഞ മൂന്ന് മാസമായി നിതിൻ നബിനും സുഖ്ബീർ സിങ് ബാദലും തമ്മിൽ പഞ്ചാബിലെ കർഷകർ നേരിടുന്ന വെല്ലുവിളികൾ, സാമ്പത്തിക വികസനം, യുവാക്കളുടെ തൊഴിലില്ലായ്മ എന്നിവയെക്കുറിച്ച് വിശദമായ ചർച്ചകൾ നടത്തിയിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിൽ രൂപീകരിച്ച കർമപദ്ധതിയാകും വരാനിരിക്കുന്ന എൻഡിഎ സർക്കാരിൻ്റെ മാർഗരേഖയെന്നും തെരഞ്ഞെടുപ്പിന് മുന്നോടിയായി സംയുക്ത പ്രകടനപത്രിക പുറത്തിറക്കുമെന്നും അമിത് ഷാ അറിയിച്ചു. ജയിലിൽ കഴിയുന്ന സിഖ് തടവുകാരുടെ (ബന്ദി സിങ്) മോചനവുമായി ബന്ധപ്പെട്ട വിഷയത്തിൽ ഇരുപാർട്ടികൾക്കും തനതായ നിലപാടുകളുണ്ടെന്നും ഒരുമിച്ച് ഇരുന്ന് ചർച്ചയിലൂടെ ഇതിൽ ഉചിതമായ പരിഹാരം കണ്ടെത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

പതിറ്റാണ്ടുകൾ നീണ്ട സഖ്യവും 2020ലെ വേർപിരിയലും

ശിരോമണി അകാലിദളും ബിജെപിയും (മുൻപ് ഭാരതീയ ജനസംഘം) തമ്മിലുള്ള രാഷ്ട്രീയ കൂട്ടുകെട്ടിന് പതിറ്റാണ്ടുകളുടെ ചരിത്രമുണ്ട്. 1967, 1969 തെരഞ്ഞെടുപ്പുകൾക്ക് ശേഷമുള്ള സഖ്യങ്ങളിലേക്കും അടിയന്തരാവസ്ഥയ്ക്ക് ശേഷം 1977ൽ ജനതാ പാർട്ടിയോടൊപ്പം ചേർന്ന് സർക്കാർ രൂപീകരിച്ചതിലേക്കും ഈ ബന്ധത്തിൻ്റെ വേരുകൾ നീളുന്നു. ആധുനിക കാലഘട്ടത്തിലെ ഔപചാരിക സഖ്യം നിലവിൽ വന്നത് 1996ലാണ്.

മോഗ സമ്മേളനത്തിലെ പ്രഖ്യാപനത്തിന് പിന്നാലെ കേന്ദ്രത്തിൽ അടൽ ബിഹാരി വാജ്‌പേയിയുടെ നേതൃത്വത്തിലുള്ള സർക്കാരിന് അകാലിദൾ നിരുപാധിക പിന്തുണ നൽകി. തുടർന്ന് 1997ലെ പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിൽ ഒരുമിച്ച് മത്സരിച്ച് ചരിത്രവിജയം നേടി. ഹിന്ദു-സിഖ് ഐക്യത്തിൻ്റെ പ്രതീകമായ ഈ കൂട്ടുകെട്ടിനെ നഖവും മാംസവും തമ്മിലുള്ള ബന്ധമെന്നാണ് പഞ്ചാബ് മുൻ മുഖ്യമന്ത്രി പ്രകാശ് സിങ് ബാദൽ വിശേഷിപ്പിച്ചിരുന്നത്. 1996 മുതൽ 2020 വരെ 24 വർഷം നീണ്ടുനിന്ന സഖ്യം 1997–2002, 2007–2012, 2012–2017 കാലയളവുകളിലായി മൂന്ന് തവണ പഞ്ചാബിൽ സംയുക്ത സർക്കാർ രൂപീകരിച്ചു.

രണ്ടര പതിറ്റാണ്ടോളം നീണ്ട കൂട്ടുകെട്ടിനൊടുവിൽ 2020 സെപ്റ്റംബർ 26നാണ് അകാലിദൾ എൻഡിഎ വിട്ടത്. ഇതിന് മുൻപ് 2020 സെപ്റ്റംബർ 17ന് അകാലിദൾ നേതാവ് ഹർസിമ്രത് കൗർ ബാദൽ കേന്ദ്ര മന്ത്രിസഭയിൽനിന്ന് രാജിവച്ചിരുന്നു. കേന്ദ്ര സർക്കാർ കൊണ്ടുവന്ന മൂന്ന് കാർഷിക നിയമങ്ങൾക്കെതിരെ പഞ്ചാബിലെ കർഷകർ നടത്തിയ ശക്തമായ പ്രതിഷേധവും ഗ്രാമീണ വോട്ട് ബാങ്കിലുണ്ടായ സമ്മർദവുമായിരുന്നു സഖ്യം തകരാനുള്ള പ്രധാന കാരണം. കൂടാതെ പൗരത്വ ഭേദഗതി നിയമം, സിഖ് തടവുകാരുടെ മോചനം തുടങ്ങിയ വിഷയങ്ങളിലെ ഭിന്നതയും ബന്ധത്തിൽ വിള്ളലുണ്ടാക്കി. 

2017ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ അകാലിദൾ 15 സീറ്റിലും ബിജെപി മൂന്ന് സീറ്റിലും ഒതുങ്ങി കനത്ത പരാജയം നേരിട്ടതിന് പിന്നാലെ, പഴയ 23 സീറ്റ് ഫോർമുല മാറ്റി കൂടുതൽ സീറ്റുകളിൽ മത്സരിക്കണമെന്ന് പഞ്ചാബ് ബിജെപിയിലെ ഒരു വിഭാഗം ആവശ്യപ്പെട്ടതും അകൽച്ചയ്ക്ക് കാരണമായിരുന്നു. ഈ ഭിന്നതകളെല്ലാം മറികടന്ന് 2027ലെ തെരഞ്ഞെടുപ്പിന് മുൻപ് ഇരുപാർട്ടികളും വീണ്ടും ഒന്നിച്ചത് പഞ്ചാബിലെ രാഷ്ട്രീയ സമവാക്യങ്ങളെ പൂർണമായും മാറ്റിമറിക്കും.