വത്തിക്കാൻ: ഹോർഹെ മരിയോ ബെർഗോളിയോ എന്ന ഫ്രാൻസിസ് മാർപാപ്പ മുപ്പതിലേറെ വർഷം കറുത്ത ചട്ടയുള്ള ഡയറിയിൽ എഴുതിയിരുന്ന സ്വകാര്യ കുറിപ്പുകൾ ‘ദ പ്രൈവറ്റ് ഡയറി ഓഫ് പോപ്പ് ഫ്രാൻസിസ്’ എന്ന പേരിൽ അഞ്ച് ഭാഷകളിലായി 94 രാജ്യങ്ങളിൽ പുറത്തിറങ്ങി. താൻ കണ്ട മനുഷ്യർ, ഭയങ്ങൾ, പിഴവുകൾ, പിശാചുമായുണ്ടായ കണ്ടുമുട്ടലുകളെന്ന് അദ്ദേഹം വിശ്വസിച്ച അനുഭവങ്ങൾ എന്നിവയെക്കുറിച്ചെല്ലാം ചെറിയ, ചരിഞ്ഞ അക്ഷരങ്ങളിൽ അദ്ദേഹം അതിൽ കുറിച്ചിരുന്നു.
പിശാചിന്റെ നിരന്തരമായ ആക്രമണങ്ങൾ നേരിട്ടിരുന്നതായി ഡയറിയിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ബുവേനൊസ് ഐറിസ് അതിരൂപതാധ്യക്ഷനായിരുന്ന കാലത്ത് രണ്ടുതവണയും 2018ൽ മാർപാപ്പയായിരിക്കെ ഒരുതവണയും പിശാചിനെ നേരിൽ കണ്ട അനുഭവങ്ങളാണ് അദ്ദേഹം വിവരിക്കുന്നത്. തീജ്വാലകൾ പോലെയുള്ള കണ്ണുകളാണ് പിശാചിനുണ്ടായിരുന്നതെന്ന് ഫ്രാൻസിസ് മാർപാപ്പ കുറിച്ചു. ഭീഷണിപ്പെടുത്തുന്നതും ഒരേസമയം ആകർഷിക്കുന്നതുമായ കണ്ണുകളെന്നാണ് അദ്ദേഹം അവയെ വിശേഷിപ്പിച്ചത്.
2024 ഓഗസ്റ്റ് 18ലെ കുറിപ്പിൽ അദ്ദേഹം ഇങ്ങനെ എഴുതുന്നു: 'ആദ്യ രണ്ടുതവണയും കണ്ട ആ കണ്ണുകൾ എനിക്കു മറക്കാനാകില്ല. വീട്ടിലേക്ക് മടങ്ങുമ്പോൾ കാറിൽവച്ചും വിശുദ്ധ കുർബാനയ്ക്കിടെ ഗായകസംഘത്തിന്റെ ഇരിപ്പിടത്തിനരികിലും അവയെ കണ്ടു. എന്നാൽ വ്യത്യസ്ത സാഹചര്യങ്ങളിൽ അവൻ വീണ്ടും പ്രത്യക്ഷപ്പെടാറുണ്ട്'. 2018ൽ ചിലിയിലേക്കുള്ള സന്ദർശനം കഴിഞ്ഞ് വത്തിക്കാനിൽ തിരിച്ചെത്തിയപ്പോഴായിരുന്നു മൂന്നാമത്തെ അനുഭവം. വൈദികരുൾപ്പെട്ട ലൈംഗിക പീഡന വിവാദങ്ങളുടെ നിഴലിലായിരുന്നു അന്നത്തെ ചിലി സന്ദർശനം. ജപമാല കൊണ്ടാണ് താൻ അതിനെതിരേ പോരാടിയതെന്നും കന്യകാമറിയം എന്നെ രക്ഷിച്ചുവെന്നും അദ്ദേഹം ഡയറിയിൽ എഴുതി.
2021 ജനുവരി 24ലെ കുറിപ്പിൽ ആ അനുഭവം അദ്ദേഹം വിശദീകരിക്കുന്നു. റോമിൽ തിരിച്ചെത്തി ഏതാനും ദിവസങ്ങൾക്കുശേഷം ഒരു യോഗത്തിൽ പങ്കെടുക്കുന്നതിനിടെ പിശാചിനെ കാണുകയും ശബ്ദം കേൾക്കുകയും ചെയ്തുവെന്നാണ് കുറിപ്പ്. 'ഞാൻ ആഗ്രഹിച്ചതെല്ലാം ഇപ്പോൾ സ്വന്തമാക്കി'യെന്നു വിജയഭാവത്തിൽ പിശാച് പറഞ്ഞതായും അദ്ദേഹം രേഖപ്പെടുത്തി. മുമ്പ് കണ്ട കണ്ണുകൾ മറക്കാനാകാത്തതുപോലെ, ഇത്തവണ കേട്ട പരുക്കൻ ശബ്ദവും മറക്കാനാകില്ലെന്ന് ഫ്രാൻസിസ് മാർപാപ്പ കുറിച്ചു. ആ യോഗത്തിൽനിന്ന് പുറത്തുപോകാൻ ദൈവം തനിക്ക് അവസരം നൽകിയെന്നും അതിലൂടെ മോചനം ലഭിച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദിവംഗതനായ മാർപാപ്പയുടെ ആത്മീയജീവിതത്തെയും അനുഭവങ്ങളെയും കുറിച്ചുള്ള അപൂർവ വിവരങ്ങളാണ് ഇപ്പോൾ പ്രസിദ്ധീകരിച്ച ഡയറിയിലൂടെ പുറത്തുവന്നിരിക്കുന്നത്. 1992 മുതൽ 2024 വരെ ഇടവിട്ടാണു ഫ്രാൻസിസ് മാർപാപ്പ ഡയറി എഴുതിയിരുന്നത്. അർജന്റീനയിൽ ബിഷപ്പായിരുന്ന കാലത്തും പിന്നീട് മാർപാപ്പയായി തെരഞ്ഞെടുക്കപ്പെട്ടശേഷവുമുള്ള കുറിപ്പുകൾ ഇതിലുണ്ട്.
മാർപാപ്പയുടെ ആത്മീയജീവിതവും അജപാലനദൗത്യവുമാണ് പുസ്തകത്തിന്റെ പ്രധാന ഉള്ളടക്കം. എന്നാൽ 2021-22 കാലഘട്ടത്തിൽ അധികാരവുമായി ബന്ധപ്പെട്ട പ്രലോഭനങ്ങൾക്കെതിരേ നടത്തിയ പോരാട്ടങ്ങളും ഇതിൽ വിവരിക്കുന്നുണ്ട്. തന്റെ പിൻഗാമിയായ ലെയോ പതിനാലാമൻ മാർപാപ്പയെക്കുറിച്ചുള്ള ചിന്തകളും പുസ്തകത്തിലുണ്ട്. ലെയോ പതിനാലാമനെ 'കളങ്കമറ്റ വ്യക്തിത്വം' എന്നാണു ഫ്രാൻസിസ് വിശേഷിപ്പിച്ചിരിക്കുന്നത്. മാർപാപ്പമാരുടെ സ്വകാര്യ ഡയറി പ്രസിദ്ധീകരിക്കുന്നത് അപൂർവമാണെങ്കിലും മുന്പും ഉണ്ടായിട്ടുണ്ട്. ജോൺ ഇരുപത്തിമൂന്നാമൻ മാർപാപ്പയുടെ ഡയറി അദ്ദേഹത്തിന്റെ മരണശേഷം പ്രസിദ്ധീകരിച്ചിരുന്നു. ജോൺ പോൾ രണ്ടാമന്റെയും ചില സ്വകാര്യ രേഖകൾ പിന്നീട് പുറത്തുവന്നിട്ടുണ്ട്.
1992ൽ ഉപയോഗിച്ചിരുന്ന ഡയറിയിൽ അർജന്റീനയിൽ വച്ച് 86 പേജുകളിലും മാർപാപ്പയായശേഷം 55 പേജുകളിലും കുറിപ്പുകൾ എഴുതിയിട്ടുണ്ട്. കൈയക്ഷരത്തിലുള്ള കുറിപ്പുകൾ നിറഞ്ഞ പഴയ ഡയറി തനിക്ക് കാണിച്ചുതന്നപ്പോൾ 'ഇതിലൂടെ നിങ്ങൾക്കെല്ലാം കാര്യങ്ങൾ മനസിലാകു'മെന്ന് ഫ്രാൻസിസ് മാർപാപ്പ പറഞ്ഞതായി കർദിനാൾ ഫെർണാണ്ടസ് പുസ്തകത്തിൽ രേഖപ്പെടുത്തുന്നു.
ലളിതമായ ഭക്തിയുള്ള ഒരു മനുഷ്യനായിട്ടാണ് ഈ ഡയറി ഫ്രാൻസിസ് മാർപാപ്പയെ അവതരിപ്പിക്കുന്നത്. ലിസ്യൂവിലെ വിശുദ്ധ തെരേസ, വിശുദ്ധ യൗസേപ്പ്, പരിശുദ്ധ മറിയം എന്നിവരിലാണ് അദ്ദേഹം ആശ്രയിച്ചിരുന്നത്. മരണത്തിന് ഒരു വർഷം മുൻപ്, തന്നെ കാക്കണമെന്നും സഹായിക്കണമെന്നും അദ്ദേഹം മറിയത്തോട് അപേക്ഷിച്ചിരുന്നതായും കുറിപ്പുകളിലുണ്ട്.
ഫ്രാൻസിസ് മാർപാപ്പയുടെ ദീർഘകാല സുഹൃത്തും വിശ്വാസകാര്യങ്ങൾക്കായുള്ള വത്തിക്കാൻ വകുപ്പിന്റെ (ഡിക്കാസ്റ്ററി ഫോർ ദ ഡോക്ട്രിൻ ഓഫ് ദ ഫെയ്ത്ത്) തലവനുമായ കർദിനാൾ ഫെർണാണ്ടസാണ് ഡയറി എഡിറ്റ് ചെയ്തത്. താൻ താമസിച്ചിരുന്ന വത്തിക്കാൻ വസതിയായ കാസ സാന്ത മാർത്തയിൽവച്ച് ഒരു വൈകുന്നേരം സംസാരിക്കുന്നതിനിടെ, മൂന്ന് രേഖകളും ഒരു അപ്പോയിന്റ്മെന്റ് പുസ്തകവും സൂക്ഷിച്ചിരുന്ന സ്ഥലം ഫ്രാൻസിസ് മാർപാപ്പ കർദിനാളിന് ചൂണ്ടിക്കാണിച്ചു കൊടുത്തിരുന്നു. രേഖകളിൽ ചില ഭാഗങ്ങൾ അദ്ദേഹം അടിവരയിട്ടിരുന്നതായും വത്തിക്കാൻ ന്യൂസിന് നൽകിയ അഭിമുഖത്തിൽ കർദിനാൾ വെളിപ്പെടുത്തി.
ലിയോ പതിനാലാമൻ മാർപാപ്പയായി തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷമാണ് കർദിനാൾ ഫെർണാണ്ടസ് ഈ കുറിപ്പുകളെക്കുറിച്ച് അദ്ദേഹത്തെ അറിയിച്ചത്. രണ്ടുദിവസത്തിനുള്ളിൽ ഡയറിയടങ്ങിയ പെട്ടി കണ്ടെത്തിയ ലിയോ മാർപാപ്പ അത് കർദിനാളിന് അയച്ചുകൊടുക്കുകയും, കുറിപ്പുകൾ മാത്രം പ്രസിദ്ധീകരിക്കുന്നത് വായനക്കാരെ ആശയക്കുഴപ്പത്തിലാക്കിയേക്കാമെന്നതിനാൽ കർദിനാളിന്റെ വിശദീകരണങ്ങൾ കൂടി ചേർത്ത് എഡിറ്റ് ചെയ്ത പുസ്തകമായി പുറത്തിറക്കാൻ നിർദേശിക്കുകയുമായിരുന്നു.
സാമൂഹിക, രാഷ്ട്രീയ, സഭാ വിഷയങ്ങളിൽ ശക്തമായ നിലപാടുകൾ പങ്കുവച്ചിരുന്നെങ്കിലും തന്റെ സ്വകാര്യ ആത്മീയജീവിതത്തെക്കുറിച്ച് മാർപാപ്പ ഒരിക്കലും സംസാരിച്ചിരുന്നില്ലെന്ന് കർദിനാൾ ഫെർണാണ്ടസ് പറയുന്നു. പിശാചിനെക്കുറിച്ചുള്ള ദർശനങ്ങൾ ഒരു വായനക്കാരന് ഭാവനയുടെ സൃഷ്ടിയായി തോന്നിയേക്കാമെങ്കിലും അവയുടെ അർഥം ആഴമേറിയതാണെന്നാണ് താൻ വിശ്വസിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
‘ഞാൻ പിശാചിനെ മൂന്നുതവണ കണ്ടു, ആ പരുപരുത്ത ശബ്ദം കേട്ടു’; ഫ്രാൻസിസ് മാർപാപ്പയുടെ സ്വകാര്യ ഡയറി പുറത്ത്
