പനാജി: കത്തോലിക്കാ മിഷനറിയായ സെന്റ് ഫ്രാന്‍സിസിനെതിരെ നടത്തിയ പരാമര്‍ശത്തില്‍ ആര്‍ എസ് എസ് ഗോവ യൂണിറ്റ് മുന്‍ മേധാവി സുഭാഷ് വെലിങ്കറെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ക്രിസ്ത്യന്‍ സമുദായാംഗങ്ങള്‍ രംഗത്തെത്തി. പിന്നാലെ ഞായറാഴ്ച ഗോവയുടെ ചില ഭാഗങ്ങളില്‍ സംഘര്‍ഷാവസ്ഥ രൂപപ്പെട്ടു.
വെലിങ്കറിനെതിരെ നടപടി ആവശ്യപ്പെട്ട് ഓള്‍ഡ് ഗോവയില്‍ പ്രതിഷേധ പ്രകടനം നടന്നു. ദക്ഷിണ ഗോവയിലെ മര്‍ഗോ നഗരത്തിലും പ്രകടനത്തിനായി പ്രതിഷേധത്തിനായി ഒത്തുകൂടി. പ്രതിഷേധക്കാര്‍ മര്‍ഗോവില്‍ ദേശീയ പാത തടയുകയും പൊലീസുമായി ഏറ്റുമുട്ടുകയും ചെയ്തു. അഞ്ച് പ്രതിഷേധക്കാരെ കസ്റ്റഡിയിലെടുത്തു.
പ്രതിഷേധം ശക്തമാകുന്നതിനിടെ ഗോവ പള്ളി അധികൃതര്‍ സമാധാനത്തിനും സംയമനത്തിനും ആഹ്വാനം ചെയ്തിട്ടുണ്ട്.
ബി ജെ പി വര്‍ഗ്ഗീയ സംഘര്‍ഷം വളര്‍ത്തുകയാണെന്നും ബി ജെ പി ഭരണത്തിന്‍ കീഴില്‍ ഗോവയിലെ ഐക്യം തകരാറിലാവുകയാണെന്നും പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി പ്രതികരിച്ചു.
വെലിങ്കറുടെ 'അധിക്ഷേപകരവും നിന്ദ്യവുമായ' പരാമര്‍ശങ്ങളെ ഗോവന്‍ കത്തോലിക്കാ സമൂഹം അപലപിക്കുന്നതായി ഗോവ അതിരൂപതയുടെ സോഷ്യല്‍ വര്‍ക്ക് വിഭാഗമായ കൗണ്‍സില്‍ ഫോര്‍ സോഷ്യല്‍ ജസ്റ്റിസ് ആന്‍ഡ് പീസ് പ്രസ്താവനയിറക്കി.
വെലിങ്കറുടെ പ്രസ്താവനകള്‍ കത്തോലിക്കരുടെ മാത്രമല്ല വിശുദ്ധനോട് പ്രാര്‍ഥിച്ചതിന് ശേഷം നിരവധി അനുഗ്രഹങ്ങള്‍ നേടിയതിന് വിശുദ്ധനെ ബഹുമാനിക്കുന്ന മറ്റ് വിശ്വാസികളുടെ മതവികാരത്തെയും ആഴത്തില്‍ വ്രണപ്പെടുത്തുന്നുതായി പ്രസ്താവനയില്‍ പറയുന്നു.
സമാധാനത്തിനും സാമുദായിക സൗഹാര്‍ദ്ദത്തിനും വേണ്ടി പ്രതിഷേധക്കാര്‍ സംയമനം പാലിക്കണമെന്ന് അഭ്യര്‍ഥിച്ച കമ്മിറ്റി ഗോവയിലെ സാമുദായിക സൗഹാര്‍ദം തകര്‍ക്കാന്‍ ശ്രമിച്ചതിന് വെലിങ്കറിനെതിരെ ശക്തമായ നടപടിയെടുക്കണമെന്നും അധികാരികളോട് അഭ്യര്‍ഥിച്ചു.
ഓള്‍ഡ് ഗോവയിലെ ബസിലിക്ക ഓഫ് ബോം ജീസസ് പള്ളിയില്‍ സൂക്ഷിച്ചിരിക്കുന്ന സെന്റ് ഫ്രാന്‍സിസ് സേവ്യറിനെ വിമര്‍ശിച്ച് മാധ്യമ പ്രസ്താവന നടത്തിയതിന് വെലിങ്കറിനെതിരെ 'മതവികാരം വ്രണപ്പെടുത്തിയതിന്' 12ലധികം കേസുകള്‍ ഫയല്‍ ചെയ്തിട്ടുണ്ട്.
ഇതുവരെ വെലിങ്കറെ പൊലീസ് അറസ്റ്റ് ചെയ്തിട്ടില്ല. പ്രാദേശിക കോടതിയില്‍ വെലിങ്കര്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. കേസ് തിങ്കളാഴ്ചത്തേക്ക് ഷെഡ്യൂള്‍ ചെയ്തു.