രാമക്ഷേത്രക്കൊള്ള അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിക്കണം; കേസ് രാഷ്ട്രീയവത്കരിക്കരുത്: സുപ്രിം കോടതി

രാമക്ഷേത്രക്കൊള്ള അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിക്കണം; കേസ് രാഷ്ട്രീയവത്കരിക്കരുത്: സുപ്രിം കോടതി


ന്യൂഡല്‍ഹി: അയോധ്യ രാമക്ഷേത്രത്തിലെ കാണിക്കവെട്ടിപ്പ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം (എസ് ഐ ടി) പുനഃസംഘടിപ്പിക്കണമെന്നു സുപ്രിം കോടതി. ഇത്തരം കേസുകള്‍ കൈകാര്യം ചെയ്തു പരിചയമുള്ള മുതിര്‍ന്ന ഐ പി എസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലുള്ള അന്വേഷണമാണു നല്ലതെന്നു ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് നിര്‍ദേശിച്ചു.

യഥാര്‍ഥ വസ്തുത കണ്ടെത്താനാണ് എസ് ഐ ടി രൂപീകരിച്ചതെന്നും ജാമ്യമില്ലാ വകുപ്പ് ചുമത്താനുള്ള കുറ്റകൃത്യം നടന്നതായി കണ്ടെത്തിയിട്ടുണ്ടെന്നും യു പി സര്‍ക്കാരിനു വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ അറിയിച്ചപ്പോഴാണ് സുപ്രിം കോടതിയുടെ മറുപടി.

നിലവില്‍ ലക്‌നൗ ഐ ജിയും രണ്ടു മുതിര്‍ന്ന ഐ എ എസ് ഉദ്യോഗസ്ഥരുമല്ലേ അന്വേഷണ സംഘത്തിലുളളതെന്നും ഇവര്‍ക്ക് കാര്യക്ഷമവും നീതിപൂര്‍വവും സുതാര്യവുമായ അന്വേഷണം നടത്താനാകുമോ എന്നും സുപ്രിം കോടതി ചോദിച്ചു. നടന്നത് സാധാരണ കുറ്റകൃത്യം മാത്രമാണെന്ന് അഭിപ്രായപ്പെട്ട ജസ്റ്റിസ് ജോയ്മല്യ ബഗ്ചി, ജസ്റ്റിസ് വി മോഹന എന്നിവര്‍ കൂടി ഉള്‍പ്പെട്ട ബെഞ്ച് ഇതിനെ രാഷ്ട്രീയവത്ക്കരിക്കരുതെന്നും നിര്‍ദേശിച്ചു.

കോടതികള്‍ രാഷ്ട്രീയത്തിന്റെ ഭാഗമല്ല. ശരിയായ അന്വേഷണം ഉറപ്പാക്കുകയാണ് തങ്ങളുടെ ദൗത്യം. കേസ് 27ന് വീണ്ടും പരിഗണിക്കുമെന്നും സുപ്രിം കോടതി അറിയിച്ചു.

ഇതുവരെയുള്ള അന്വേഷണ റിപ്പോര്‍ട്ട് എസ് ഐ ടി കഴിഞ്ഞദിവസം മുദ്രവച്ച കവറില്‍ സുപ്രിം കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.