വാഷിംഗ്ടൺ: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഇളയ മകൻ ബാരൺ ട്രംപിനെ വധിക്കുമെന്ന തരത്തിലുള്ള വീഡിയോ ഇറാന്റെ ഔദ്യോഗിക മാധ്യമത്തിൽ സംപ്രേഷണം ചെയ്തെന്ന വിവരം സ്ഥിരീകരിച്ച് യുഎസ് സീക്രട്ട് സർവീസ്. ഇറാനിലെ കടുത്ത യാഥാസ്ഥിതിക ഭരണകൂടവുമായി ചേർന്ന് പ്രവർത്തിക്കുന്ന ഔദ്യോഗിക മാധ്യമമായ ഐആർഐബി കഴിഞ്ഞ ആഴ്ചയിലാണ് വീഡിയോ പുറത്തുവിട്ടത്. ഏത് ചെറിയ ഭീഷണിയെയും അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്നും സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായും സീക്രട്ട് സർവീസ് വക്താവ് നേറ്റ് ഹെറിംഗ് പറഞ്ഞു.
"ഈ വീഡിയോയെക്കുറിച്ച് സീക്രട്ട് സർവീസിന് അറിവുണ്ട്. തങ്ങൾ സംരക്ഷണം നൽകുന്ന വ്യക്തികൾക്ക് നേരെ ഉയരുന്ന ഏത് ഭീഷണിയെക്കുറിച്ചും ഞങ്ങൾ അന്വേഷിക്കാറുണ്ട്"- സീക്രട്ട് സർവീസ് വക്താവ് നേറ്റ് ഹെറിംഗ് പറഞ്ഞു. "പ്രവർത്തന സുരക്ഷ മുൻനിർത്തി, സംരക്ഷണം സംബന്ധിച്ച രഹസ്യാന്വേഷണ വിവരങ്ങൾ ഞങ്ങൾ പരസ്യമായി ചർച്ച ചെയ്യാറില്ല," ഹെറിംഗ് കൂട്ടിച്ചേർത്തു.
മൂന്ന് മിനിറ്റോളം ദൈർഘ്യമുള്ള വീഡിയോ ആരംഭിക്കുന്നത് ബാരൺ ട്രംപിനെ എവിടെവെച്ച് കൊല്ലാം എന്ന ഇംഗ്ലീഷ് തലക്കെട്ടോടെയാണ്. ന്യൂയോർക്കിലെ ട്രംപ് ടവർ അടക്കം ബാരൺ ട്രംപ് സാധാരണ സമയം ചെലവഴിക്കാറുള്ള പ്രധാനപ്പെട്ട സ്ഥലങ്ങളുടെ ചിത്രങ്ങളും വിവരങ്ങളും വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. തങ്ങൾ പ്രഖ്യാപിച്ച 10 മില്യൺ ഡോളർ (ഏകദേശം 83 കോടി രൂപ) സമ്മാനത്തുക ഏറ്റുവാങ്ങാൻ ജനങ്ങൾ ആകാംക്ഷയോടെ കാത്തിരിക്കുകയാണെന്ന് പശ്ചാത്തലത്തിൽ ഒരാൾ പറയുന്നതും വീഡിയോയുടെ അവസാനഭാഗത്തുണ്ട്.
പ്രസിഡന്റ് ട്രംപിനും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾക്കുമെതിരെ ഇറാൻ പരസ്യമായി ഭീഷണികൾ നേരത്തെയും ഉണ്ടായിട്ടുണ്ട്. 2020-ന്റെ തുടക്കത്തിൽ ഇറാനിയൻ ജനറൽ ഖാസിം സുലൈമാനിയെ വധിച്ച വ്യോമാക്രമണത്തിന് ഉത്തരവിട്ടതുമുതൽ ട്രംപ് ഇറാൻ നേതൃത്വത്തിന്റെ പ്രധാന ലക്ഷ്യമാണ്. ഇറാനിൽനിന്നും അവരുടെ സഖ്യകക്ഷികളിൽനിന്നും പ്രസിഡന്റിനുനേരെ ഉയരുന്ന ഭീഷണികളെ അതീവ ഗൗരവത്തോടെയാണ് അധികൃതർ കാണുന്നത്.
"പ്രസിഡന്റ് ട്രംപിനെ വധിക്കാൻ ആഗ്രഹിക്കുന്നതായി ഇറാൻ പരസ്യമായി പ്രഖ്യാപിച്ചിട്ടുണ്ട് എന്നത് ഒരു രഹസ്യമല്ല, ഇക്കാര്യം മാധ്യമങ്ങളിൽ വന്നിട്ടുള്ളതാണ്," യുഎസ് സീക്രട്ട് സർവീസ് ഡെപ്യൂട്ടി ഡയറക്ടർ മാറ്റ് ക്വിൻ കഴിഞ്ഞ മാസം നടന്ന ഒരു പരിപാടിയിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞിരുന്നു.
ബാരൺ ട്രംപിനെ കൊല്ലുമെന്ന് ഇറാന്റ ഭീഷണി വീഡിയോ; സ്ഥിരീകരിച്ച് യുഎസ് സീക്രട്ട് സർവീസ്
