വാഷിംഗ്ടണ്‍: യു എസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപും പ്രഥമ വനിത മെലാനിയ ട്രംപും തമ്മിലുള്ള 26 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. ഓഗസ്റ്റ് 23ന് വാഷിംഗ്ടണ്‍ ഡി സിയില്‍ നടന്ന 'ഫ്രീഡം 250 ഗ്രാന്‍ഡ് പ്രി'യ്ക്കിടെയായിരുന്നു ഇരുവരും തമ്മിലുള്ള സംഭാഷണം. ട്രംപിന്റെ സഹായി നതാലി ഹാര്‍പ്പും ട്രംപ് കുടുംബത്തിലെ മറ്റ് അംഗങ്ങളും ചടങ്ങില്‍ സന്നിഹിതരായിരുന്നു.
വൈറലായ ദൃശ്യങ്ങളില്‍ ട്രംപ് മെലാനിയയോട് അടുത്തേക്ക് ചാഞ്ഞ് സംസാരിക്കുന്നതും മെലാനിയ ഗൗരവഭാവത്തോടെ പ്രതികരിക്കുന്നതുമാണ് കാണുന്നത്. ഇരുവരും തമ്മില്‍ ഗൗരവമായ ചര്‍ച്ചയോ വാക്കുതര്‍ക്കമോ നടക്കുകയായിരുന്നുവെന്നാണ് ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ച അഭ്യൂഹങ്ങള്‍.
നിരവധി മാസങ്ങള്‍ക്ക് ശേഷമാണ് മെലാനിയ പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ടത്. മറ്റൊരു ദൃശ്യത്തില്‍ നതാലി ഹാര്‍പ് ട്രംപിന് ഫോണ്‍ കൈമാറുന്നതും അതിന് പിന്നാലെ മെലാനിയ എഴുന്നേറ്റ് അവിടെനിന്ന് മാറുന്നതും കാണാം.
ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ ട്രംപും മെലാനിയയും തമ്മിലുള്ള ബന്ധത്തെക്കുറിച്ചും സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചകള്‍ സജീവമായി. ഇരുവരും തമ്മില്‍ അസ്വാരസ്യമുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെയും പുറത്തുവന്നിരുന്നു.
വൈറല്‍ ദൃശ്യത്തെക്കുറിച്ച് സമൂഹമാധ്യമ ഉപയോക്താക്കള്‍ പലവിധ പ്രതികരണങ്ങളാണ് നടത്തിയത്. 'താന്‍ എത്രത്തോളം അസ്വസ്ഥയാണെന്ന് എല്ലാവരും അറിയണമെന്ന് അവര്‍ ആഗ്രഹിച്ചു' എന്നായിരുന്നു ഒരാളുടെ പ്രതികരണം. 'അവര്‍ ഗൗരവമായ എന്തോ വിഷയത്തെക്കുറിച്ച് സംസാരിക്കുന്നതായാണ് എനിക്ക് തോന്നുന്നത്' എന്നായിരുന്നു മറ്റൊരാളുടെ അഭിപ്രായം. 'ഇത്രയധികം പൊതുസ്ഥലത്ത് പരസ്പരം ഇടപെടുന്നത് ഇവരെ ഇതുവരെ കണ്ടിട്ടില്ല' എന്നും മറ്റൊരാള്‍ കുറിച്ചു.
വൈറലായ 26 സെക്കന്‍ഡ് ദൃശ്യങ്ങള്‍ ഫോറന്‍സിക് ലിപ് റീഡര്‍ ജെറമി ഫ്രീമാന്‍ പരിശോധിച്ചതായി ഡെയ്ലി മിറര്‍ റിപ്പോര്‍ട്ട് ചെയ്തു. ട്രംപും മെലാനിയയും തമ്മില്‍ കടുത്ത നിരാശ പ്രകടമാകുന്ന തരത്തിലുള്ള സംഭാഷണമാണ് നടന്നതെന്നാണ് ഫ്രീമാന്റെ വിലയിരുത്തല്‍.
മെലാനിയ ട്രംപിനോട് 'അതാണ് പ്രശ്‌നം, ആളുകള്‍ പ്രതികരിക്കും' എന്ന് പറഞ്ഞതായും അതിന് ട്രംപ് 'നമുക്ക് അത് അവസാനിപ്പിക്കാം' എന്ന് മറുപടി നല്‍കിയതായും ഫ്രീമാന്‍ അവകാശപ്പെട്ടു.
തുടര്‍ന്ന് മെലാനിയ രൂക്ഷമായ സ്വരത്തില്‍ 'നിങ്ങള്‍ക്കാകുമോ?' എന്ന് ചോദിച്ചതായും 'ഇത് രണ്ട് തവണ സംഭവിച്ചു' എന്ന് പറഞ്ഞതായും അദ്ദേഹം പറഞ്ഞു. ഇതിന് ട്രംപ് 'എനിക്കറിയാം' എന്ന് മറുപടി നല്‍കിയതായും ഫ്രീമാന്‍ അവകാശപ്പെട്ടു.
തുടര്‍ന്ന് മെലാനിയ 'ഇനി എനിക്ക് സഹിക്കാനാവില്ല' എന്ന് പറഞ്ഞതായും ഫ്രീമാന്‍ വ്യക്തമാക്കിയതായി റിപ്പോര്‍ട്ടുണ്ട്.
എന്നാല്‍ ദൃശ്യങ്ങളില്‍നിന്നുള്ള ചുണ്ടനക്കത്തിന്റെ അടിസ്ഥാനത്തിലുള്ള ഇത്തരം വ്യാഖ്യാനങ്ങള്‍ സ്വതന്ത്രമായി സ്ഥിരീകരിക്കപ്പെട്ടിട്ടില്ല.
ട്രംപും മെലാനിയയും തമ്മിലുള്ള ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെയാണ് ട്രംപിന്റെ സഹായി നതാലി ഹാര്‍പ്പ് അദ്ദേഹത്തിന് അയച്ചതായി പറയപ്പെടുന്ന കത്ത് സംബന്ധിച്ച വിവരങ്ങളും വീണ്ടും ചര്‍ച്ചയായത്.
ട്രംപിനെ 'രക്ഷകനും സംരക്ഷകനും' എന്നാണ് ഹാര്‍പ് കത്തില്‍ വിശേഷിപ്പിച്ചതെന്നും 'എനിക്ക് പ്രാധാന്യമുള്ളതെല്ലാം നിങ്ങളാണ്' എന്ന തരത്തിലുള്ള ആഴത്തിലുള്ള സമര്‍പ്പണം പ്രകടിപ്പിച്ചിരുന്നുവെന്നും ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തതായി ഡെയ്ലി മിറര്‍ പറയുന്നു.
ഹാര്‍പ്പിന്റെ സാന്നിധ്യവും ട്രംപും മെലാനിയയും തമ്മിലുള്ള വൈറല്‍ ദൃശ്യങ്ങളും ചേര്‍ത്താണ് സമൂഹമാധ്യമങ്ങളില്‍ പുതിയ അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നത്. എന്നാല്‍ ഇരുവരും തമ്മിലുള്ള സംഭാഷണത്തിന്റെ യഥാര്‍ഥ ഉള്ളടക്കമോ ഹാര്‍പ്പിനെച്ചൊല്ലി തര്‍ക്കമുണ്ടായെന്ന ആരോപണമോ സ്ഥിരീകരിച്ചിട്ടില്ല.
