ഇമ്രാന്‍ ഖാന്റെ ചികിത്സയില്‍ ഇടപെടണമെന്ന് യു കെ പ്രധാനമന്ത്രിയോട് ജെമീമ ഗോള്‍ഡ്‌സ്മിത്ത്

ഇമ്രാന്‍ ഖാന്റെ ചികിത്സയില്‍ ഇടപെടണമെന്ന് യു കെ പ്രധാനമന്ത്രിയോട് ജെമീമ ഗോള്‍ഡ്‌സ്മിത്ത്


ലണ്ടന്‍: പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ ജയില്‍വാസവുമായി ബന്ധപ്പെട്ട് യു കെ സര്‍ക്കാര്‍ പരസ്യമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് മുന്‍ ഭാര്യ ജെമീമ ഗോള്‍ഡ്‌സ്മിത്ത്. ദീര്‍ഘകാലമായി ഏകാന്ത തടവില്‍ കഴിയുന്ന ഇമ്രാന്‍ ഖാന് കുടുംബാംഗങ്ങളെയും ഡോക്ടര്‍മാരെയും അഭിഭാഷകരെയും കാണാനുള്ള അവസരം നിഷേധിക്കുന്നതായി അവര്‍ ആരോപിച്ചു.

യു കെ പ്രധാനമന്ത്രി ആന്‍ഡി ബേണ്‍ഹാമിനെയും വിദേശകാര്യ മന്ത്രി എഡ് മിലിബാന്‍ഡിനെയും നേരിട്ട് അഭിസംബോധന ചെയ്ത് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്സില്‍ പോസ്റ്റ് ചെയ്താണ് ജെമീമയുടെ പ്രതികരണം. ഇമ്രാന്‍ ഖാന്റെ വിഷയത്തില്‍ ബ്രിട്ടന്‍ ഇനിയും എത്രകാലം 'മൗനം പാലിക്കും' എന്നും അവര്‍ ചോദിച്ചു.

മൂന്ന് വര്‍ഷമായി ഇമ്രാന്‍ ഖാന്‍ ഏകാന്ത തടവിലാണെന്നും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ക്ക് ഏകദേശം 10 മാസമായി അദ്ദേഹവുമായി ബന്ധപ്പെടാന്‍ കഴിഞ്ഞിട്ടില്ലെന്നും ജെമീമ ആരോപിച്ചു.

'എന്റെ രണ്ട് മക്കളുടെ പിതാവും പാകിസ്താന്റെ മുന്‍ പ്രധാനമന്ത്രിയുമായ ഇമ്രാന്‍ ഖാനെ രാഷ്ട്രീയ എതിരാളികള്‍ ക്രൂരമായി ശിക്ഷിക്കുകയാണ്. സൈനിക മേധാവി അസിം മുനീറിന്റെ വ്യക്തിപരമായ പ്രതികാര നടപടിയുടെ ഭാഗമായാണ് ഇത് നടക്കുന്നത്. ഐക്യരാഷ്ട്രസഭയുടെ അഭിപ്രായത്തില്‍ ഇത് പീഡനത്തിന് തുല്യമാണ്. അദ്ദേഹത്തിന്റെ ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് ഗുരുതരമായ, ഒരുപക്ഷേ ജീവന് തന്നെ ഭീഷണിയായ പ്രത്യാഘാതങ്ങളാണ് ഇതുമൂലം ഉണ്ടാകുന്നത്,' ജെമീമ കുറിച്ചു.

പുസ്തകങ്ങള്‍, അഭിഭാഷകര്‍, ഡോക്ടര്‍മാര്‍ എന്നിവരുടെ സേവനം ലഭിക്കുന്നതില്‍നിന്നും ഇമ്രാന്‍ ഖാനെ വിലക്കിയതായും അവര്‍ ആരോപിച്ചു. ഈ നടപടികള്‍ അദ്ദേഹത്തിന്റെ ശാരീരികവും മാനസികവുമായ ആരോഗ്യത്തെ ഗുരുതരമായി ബാധിക്കുന്നതായും ജെമീമ പറഞ്ഞു.

തടവുകാരുടെ പരിചരണവുമായി ബന്ധപ്പെട്ട ഐക്യരാഷ്ട്രസഭയുടെ നെല്‍സണ്‍ മണ്ടേല ചട്ടങ്ങള്‍ ചൂണ്ടിക്കാട്ടിയ ജെമീമ, അന്താരാഷ്ട്ര മനുഷ്യാവകാശ മാനദണ്ഡങ്ങള്‍ ഇക്കാര്യത്തില്‍ വ്യക്തമായതാണെന്നും വ്യക്തമാക്കി. ദീര്‍ഘകാല ഏകാന്ത തടവിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതാണ് ഈ ചട്ടങ്ങള്‍.

ഇമ്രാന്‍ ഖാന് സമഗ്രമായ ചികിത്സ ഉറപ്പാക്കണമെന്നും അദ്ദേഹത്തിന്റെ സ്വകാര്യ ഡോക്ടറെ കാണാന്‍ അനുവദിക്കണമെന്നും കുടുംബാംഗങ്ങള്‍ക്ക് പതിവായി സന്ദര്‍ശനം അനുവദിക്കണമെന്നും മക്കളുമായി ആഴ്ചയില്‍ രണ്ടുതവണ ഫോണ്‍ സംഭാഷണം നടത്താന്‍ അവസരം നല്‍കണമെന്നും പാകിസ്താന്‍ സുപ്രിം കോടതി ഉത്തരവിട്ടിട്ടുണ്ടെന്ന് ജെമീമ പറഞ്ഞു. എന്നാല്‍ ഈ ഉത്തരവുകള്‍ അവഗണിക്കപ്പെടുകയാണെന്നും അവര്‍ ആരോപിച്ചു.

ഇത് പാകിസ്താനിലെ ആഭ്യന്തര രാഷ്ട്രീയ വിഷയമായി മാത്രം കാണാനാകില്ലെന്നും 'മനുഷ്യാവകാശ അടിയന്തരാവസ്ഥ'യായാണ് ഇതിനെ കാണേണ്ടതെന്നും ജെമീമ ഗോള്‍ഡ്‌സ്മിത്ത് ആവശ്യപ്പെട്ടു.