മക്ക കരാറില്‍ ചേരാന്‍ ഇറാനെ സൗദി അറേബ്യയും തുര്‍ക്കിയയും പാകിസ്താനും ക്ഷണിച്ചതായി റിപ്പോര്‍ട്ട്

മക്ക കരാറില്‍ ചേരാന്‍ ഇറാനെ സൗദി അറേബ്യയും തുര്‍ക്കിയയും പാകിസ്താനും ക്ഷണിച്ചതായി റിപ്പോര്‍ട്ട്


ദോഹ: പരസ്പര പ്രതിരോധത്തിനായുള്ള പുതിയ സുരക്ഷാ സഖ്യമായ മക്ക കരാറില്‍ ചേരാന്‍ ഇറാനെ സൗദി അറേബ്യയും തുര്‍ക്കിയയും പാകിസ്താനും ക്ഷണിച്ചതായി റിപ്പോര്‍ട്ട്. മുതിര്‍ന്ന ഇറാനിയന്‍ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് അല്‍ മയാദീന്‍ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

എന്നാല്‍, ക്ഷണം ലഭിച്ചതായി ഇറാന്‍ വിദേശകാര്യ മന്ത്രാലയമോ സൗദി അറേബ്യ, തുര്‍ക്കിയ, പാകിസ്താന്‍ സര്‍ക്കാരുകളോ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

ഇറാന്‍ പാര്‍ലമെന്റിന്റെ ഖാനെ മെല്ലത് വാര്‍ത്താ ഏജന്‍സി മേധാവി മെഹ്ദി റഹീമി അല്‍ മയാദീനോട് സംസാരിക്കവെയാണ് ഇറാന് ക്ഷണം ലഭിച്ചതായി അറിയിച്ചത്. നിര്‍ദേശം നിലവില്‍ പരിഗണനയിലാണെന്നും അദ്ദേഹം പറഞ്ഞു.

പ്രാദേശിക രാജ്യങ്ങള്‍ 'പ്രാദേശിക സുരക്ഷാ കുട' രൂപീകരിക്കുന്നതിലേക്ക് നീങ്ങുകയാണെന്ന് റഹീമി പറഞ്ഞു. ഇത്തരം നീക്കം ഇറാന് അനുകൂലമായിരിക്കുമെന്നും പ്രാദേശിക സുരക്ഷാ സംവിധാനങ്ങള്‍ രൂപീകരിക്കണമെന്ന് ടെഹ്റാന്‍ ദീര്‍ഘകാലമായി ആവശ്യപ്പെടുന്നതായും അദ്ദേഹം വ്യക്തമാക്കി.

സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍, തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് എര്‍ദോഗന്‍, പാകിസ്താന്‍ പ്രധാനമന്ത്രി ഷഹ്ബാസ് ഷരീഫ് എന്നിവര്‍ ഓഗസ്റ്റ് 7നാണ് മക്ക കരാറില്‍ ഒപ്പുവച്ചത്.

കരാര്‍ പ്രകാരം മൂന്ന് രാജ്യങ്ങളില്‍ ഏതെങ്കിലും ഒന്നിനെതിരെ സായുധ ആക്രമണമുണ്ടായാല്‍ അത് മൂന്ന് രാജ്യങ്ങള്‍ക്കെതിരെയുമുള്ള ആക്രമണമായി കണക്കാക്കും. നാറ്റോയുടെ അഞ്ചാം വകുപ്പിനോട് സമാനമാണ് ഈ വ്യവസ്ഥയെന്ന് തുര്‍ക്കി വിദേശകാര്യ മന്ത്രി ഹകാന്‍ ഫിദാന്‍ വിശേഷിപ്പിച്ചിരുന്നു. എന്നാല്‍ സഖ്യം ഇറാനെയോ മറ്റേതെങ്കിലും പ്രത്യേക രാജ്യത്തെയോ ലക്ഷ്യമിട്ടുള്ളതല്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

വിദേശകാര്യ, പ്രതിരോധ മന്ത്രിമാരുടെ യോഗങ്ങള്‍, സൈനിക കമാന്‍ഡര്‍മാരുടെ കൂടിക്കാഴ്ചകള്‍, സംയുക്ത സൈനിക അഭ്യാസങ്ങള്‍, പ്രതിരോധ വ്യവസായ മേഖലയിലെ സഹകരണം എന്നിവ ഉള്‍പ്പെടെ നയതന്ത്ര- സൈനിക ഏകോപനത്തിനുള്ള സംവിധാനങ്ങള്‍ രൂപീകരിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളും മൂന്ന് രാജ്യങ്ങളും ആരംഭിച്ചിട്ടുണ്ട്.

ഭാവിയില്‍ മറ്റ് രാജ്യങ്ങളെയും സഖ്യത്തില്‍ ഉള്‍പ്പെടുത്താന്‍ കഴിയുമെന്ന് തുര്‍ക്കി സൂചിപ്പിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഈജിപ്തിന്റെ പേര് സാധ്യതയുള്ള അംഗമായി പരസ്യമായി പരാമര്‍ശിക്കപ്പെട്ടിട്ടുണ്ട്.