സെപ്റ്റംബര്‍ 5ന് ഡല്‍ഹിയില്‍ സമാധാനപരമായ പ്രതിഷേധ മാര്‍ച്ച് പ്രഖ്യാപിച്ച് കോക്രോച്ച് ജനത പാര്‍ട്ടി

സെപ്റ്റംബര്‍ 5ന് ഡല്‍ഹിയില്‍ സമാധാനപരമായ പ്രതിഷേധ മാര്‍ച്ച് പ്രഖ്യാപിച്ച് കോക്രോച്ച് ജനത പാര്‍ട്ടി


ന്യൂഡല്‍ഹി: ജൂലൈ 25ന് സര്‍ക്കാര്‍ നല്‍കിയ ഉറപ്പുകള്‍ പാലിക്കുന്നതില്‍ വീഴ്ച വരുത്തിയെന്ന് ആരോപിച്ച് സെപ്റ്റംബര്‍ 5ന് ഇന്ത്യാ ഗേറ്റില്‍ നിന്ന് പുതിയ ഡല്‍ഹി പൊലീസ് ആസ്ഥാനത്തേക്ക് സമാധാനപരമായ പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിക്കുമെന്ന് കോക്രോച്ച് ജനത പാര്‍ട്ടി (സി ജി പി) പ്രഖ്യാപിച്ചു.

പാര്‍ട്ടിയുടെ നാഷണല്‍ വര്‍ക്കിങ് കമ്മിറ്റി തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടിന് ചേര്‍ന്ന യോഗത്തിലാണ് മാര്‍ച്ച് പ്രഖ്യാപിച്ചത്. രാജ്യത്തെ യുവാക്കള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നല്‍കിയ ഉറപ്പുകള്‍ നടപ്പാക്കുന്നതില്‍ വീഴ്ച വരുത്തിയെന്നാണ് പാര്‍ട്ടിയുടെ ആരോപണം.

നീറ്റ് പരീക്ഷാ ബാധിതരുടെ കുടുംബാംഗങ്ങളും ജൂലൈ 20ന് നടന്ന 'സന്‍സദ് ചലോ' മാര്‍ച്ചിനിടെ പൊലീസ് അതിക്രമത്തിന് ഇരയായവരും മാര്‍ച്ചിന് നേതൃത്വം നല്‍കുമെന്ന് പാര്‍ട്ടി അറിയിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികളും യുവജനങ്ങളും പ്രതിഷേധത്തില്‍ പങ്കെടുക്കുമെന്നും പ്രസ്താവനയില്‍ വ്യക്തമാക്കി.

വിദ്യാര്‍ഥികള്‍ക്കും പ്രതിഷേധക്കാര്‍ക്കുമെതിരെ രജിസ്റ്റര്‍ ചെയ്ത എഫ് ഐ ആറുകള്‍ പിന്‍വലിക്കുകയോ റദ്ദാക്കുകയോ ചെയ്യുക, മരണപ്പെട്ട നീറ്റ് ബാധിതരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കുക തുടങ്ങിയ വിഷയങ്ങളില്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കാത്തതിനെ തുടര്‍ന്നാണ് സെപ്റ്റംബര്‍ 5ലെ പ്രതിഷേധം പ്രഖ്യാപിച്ചതെന്ന് പാര്‍ട്ടി പറഞ്ഞു.


'സര്‍ക്കാര്‍ കാലതാമസം വരുത്തുന്നു'


നേരത്തെ നല്‍കിയ ഉറപ്പുകള്‍ നടപ്പാക്കുന്നതിന് പകരം സര്‍ക്കാര്‍ സാങ്കേതിക കാരണങ്ങള്‍ ചൂണ്ടിക്കാട്ടി നടപടി വൈകിപ്പിക്കുകയും വ്യക്തമായ ഉറപ്പ് നല്‍കുന്നതില്‍ നിന്ന് ഒഴിഞ്ഞുമാറുകയുമാണെന്ന് ഇഖജ ആരോപിച്ചു.

'ഒരു മാസമായി സര്‍ക്കാര്‍ നല്‍കിയ ഉറപ്പുകള്‍ നടപ്പാക്കുന്നതിന് പകരം കാലതാമസം വരുത്തുകയും സാങ്കേതിക കാരണങ്ങള്‍ക്ക് പിന്നില്‍ ഒളിക്കുകയും ചെയ്യുകയാണ്. സുപ്രിം കോടതിയുടെ മുമ്പാകെ പോലും വ്യക്തമായ ഉറപ്പ് നല്‍കുന്നതില്‍ നിന്ന് സര്‍ക്കാര്‍ ഒഴിഞ്ഞുമാറുകയാണ്,' പാര്‍ട്ടി പ്രസ്താവനയില്‍ പറഞ്ഞു.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത എഫ് ഐ ആറുകളുടെ ഏകീകൃത പട്ടിക സമര്‍പ്പിക്കണമെന്ന സുപ്രിം കോടതിയുടെ നിര്‍ദേശത്തിലും കേന്ദ്രസര്‍ക്കാര്‍ വ്യക്തമായ ഉറപ്പ് നല്‍കിയില്ലെന്നും പാര്‍ട്ടി ആരോപിച്ചു.

ഓഗസ്റ്റ് 18ന് സുപ്രിം കോടതി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത എഫ് ഐ ആറുകളുടെ പട്ടിക സമര്‍പ്പിക്കാന്‍ കേന്ദ്രസര്‍ക്കാരിനോട് ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിരുന്നു. എല്ലാ കേസുകളും ഒരുമിച്ച് പരിഗണിച്ച് എഫ് ഐ ആറുകള്‍ റദ്ദാക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കുന്നതിനാണ് പട്ടിക ആവശ്യപ്പെട്ടതെന്നും പാര്‍ട്ടി ചൂണ്ടിക്കാട്ടി. എന്നാല്‍, ഇക്കാര്യം നടപ്പാക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമായ ഉറപ്പ് നല്‍കിയില്ലെന്നും സി ജെ പി ആരോപിച്ചു. പാര്‍ട്ടിക്ക് സര്‍ക്കാര്‍ നല്‍കാമെന്ന് അറിയിച്ചിരുന്ന രേഖാമൂലമുള്ള ഉറപ്പും ഇതുവരെ ലഭിച്ചിട്ടില്ലെന്നും പ്രസ്താവനയില്‍ പറയുന്നു.

സര്‍ക്കാരുമായി ചര്‍ച്ചയ്ക്ക് തയ്യാറാകുന്നത് ദൗര്‍ബല്യമായി കാണരുതെന്നും പാര്‍ട്ടി മുന്നറിയിപ്പ് നല്‍കി. തങ്ങളുടെ വിശ്വാസത്തെ സര്‍ക്കാര്‍ വഞ്ചിക്കാനുള്ള അവസരമാക്കരുതെന്നും സി ജെ പി വ്യക്തമാക്കി.

സെപ്റ്റംബര്‍ 5ലെ മാര്‍ച്ച് സമാധാനപരമായിരിക്കുമെന്നും വിഷയങ്ങളില്‍ നടപടി ആവശ്യപ്പെട്ട് ബാധിത കുടുംബങ്ങളെയും വിദ്യാര്‍ഥികളെയും രാജ്യത്തെ യുവജനങ്ങളെയും അണിനിരത്തുമെന്നും പാര്‍ട്ടി അറിയിച്ചു.