മെയിൽ ബാലറ്റുകൾക്ക് പുതിയ പരിശോധനാ ചട്ടവുമായി യുഎസ് തപാൽ വകുപ്പ്; തിരഞ്ഞെടുപ്പ് ഡേറ്റ കേന്ദ്രീകരിക്കുമോ?

മെയിൽ ബാലറ്റുകൾക്ക് പുതിയ പരിശോധനാ ചട്ടവുമായി യുഎസ് തപാൽ വകുപ്പ്; തിരഞ്ഞെടുപ്പ് ഡേറ്റ കേന്ദ്രീകരിക്കുമോ?


പേരും വിലാസവും ഉൾപ്പെട്ട പ്രത്യേക ബാർകോഡ് നിർബന്ധം; സംസ്ഥാനങ്ങൾ പാലിച്ചില്ലെങ്കിൽ ബാലറ്റുകൾ വിതരണം ചെയ്യില്ലെന്ന് യു എസ് പി എസ്

വാഷിംഗ്ടൺ: അമേരിക്കയിലെ മെയിൽഇൻ വോട്ടിങ് സംവിധാനത്തിൽ കൂടുതൽ പരിശോധനാ നടപടികൾ കൊണ്ടുവരാൻ യുഎസ് പോസ്റ്റൽ സർവീസ് (USPS) നീക്കം. മെയിൽ വഴി വോട്ട് ചെയ്യുന്നവരുടെ വിവരങ്ങൾ പ്രത്യേക ബാർകോഡുമായി ബന്ധിപ്പിച്ച് ഫെഡറൽ സംവിധാനത്തിൽ രേഖപ്പെടുത്തുന്ന തരത്തിലാണ് പുതിയ ചട്ടം. എന്നാൽ നിലവിലുള്ള കോടതി വിലക്ക് നീങ്ങുന്നതുവരെ നിയമം പ്രാബല്യത്തിൽ വരില്ല. കോടതി അനുമതി ലഭിച്ചാൽ ഉടൻ തന്നെ മാറ്റങ്ങൾ നടപ്പാക്കുമെന്ന് യു എസ് പി എസ്
വ്യക്തമാക്കുന്നു.

പുതിയ സംവിധാനപ്രകാരം ഓരോ മെയിൽ ബാലറ്റിനും വോട്ടറുടെ പേര്, വീട്ടുവിലാസം തുടങ്ങിയ അടിസ്ഥാന വിവരങ്ങൾ ഉൾപ്പെടുന്ന പ്രത്യേക ബാർകോഡ് നൽകണം. ബാലറ്റ് തപാൽ ശൃംഖലയിലേക്ക് പ്രവേശിക്കുന്നതിന് മുമ്പ് സംസ്ഥാന തിരഞ്ഞെടുപ്പ് അധികൃതർ ഈ വിവരങ്ങൾ 'ഫെഡറൽ ബാലറ്റ് മെയിൽ പോർട്ടലിൽ' രേഖപ്പെടുത്തുകയും വേണം.

ചട്ടം പാലിക്കാത്ത സംസ്ഥാനങ്ങളിലേക്ക് മെയിൽ ബാലറ്റുകൾ വിതരണം ചെയ്യില്ലെന്ന യു എസ് പി എസ്  നിലപാടാണ് നിർദേശത്തിന്റെ ഏറ്റവും ശ്രദ്ധേയമായ ഭാഗം.

'വോട്ടർ വിവരങ്ങൾ ഫെഡറൽ കൈകളിലേക്ക്' എന്ന ആശങ്ക

തിരഞ്ഞെടുപ്പ് സുരക്ഷയും അഴിമതി തടയലും ചൂണ്ടിക്കാട്ടിയാണ് ഭരണകൂടം വോട്ടർ വിവരങ്ങൾ ശേഖരിക്കുന്നതിനുള്ള നീക്കങ്ങൾ ശക്തമാക്കിയത്. എന്നാൽ സംസ്ഥാനങ്ങളുടെ നിയന്ത്രണത്തിലുള്ള തിരഞ്ഞെടുപ്പ് സംവിധാനത്തിലെ വിവരങ്ങൾ ഫെഡറൽ തലത്തിൽ കേന്ദ്രീകരിക്കുന്നത് ഭരണഘടനാപരമായ ആശങ്കകൾ ഉയർത്തുന്നുണ്ട്.

വോട്ടർ പട്ടികയിൽ ആരെ ഉൾപ്പെടുത്തണം, ആരാണ് വോട്ട് ചെയ്യാൻ യോഗ്യൻ തുടങ്ങിയ കാര്യങ്ങളിൽ ഫെഡറൽ ഭരണകൂടത്തിന് കൂടുതൽ സ്വാധീനം ലഭിക്കാനുള്ള സാധ്യതയാണ് വിമർശകർ ചൂണ്ടിക്കാണിക്കുന്നത്. വോട്ടർ വിവരങ്ങളുടെ കേന്ദ്രീകരണം ഭാവിയിൽ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തെയും വോട്ടർമാരുടെ ഘടനയെയും സ്വാധീനിക്കാൻ അധികാരം നൽകുമെന്ന ആശങ്കയും ഉയരുന്നു.

ട്രംപിന്റെ നിർദേശങ്ങളിൽ നിന്ന് വ്യത്യസ്തം

പ്രസിഡന്റ് ഡോണൾഡ് ട്രംപ് നേരത്തെ മെയിൽഇൻ ബാലറ്റുകളുമായി ബന്ധപ്പെട്ട് കൂടുതൽ കടുത്ത നടപടികൾ ആവശ്യപ്പെട്ടിരുന്നു. സോഷ്യൽ സെക്യൂരിറ്റി, കുടിയേറ്റ രേഖകൾ തുടങ്ങിയ ഫെഡറൽ ഡാറ്റാബേസുകളുമായി ബന്ധപ്പെടുത്തി സംസ്ഥാനതല വോട്ടർ പൗരത്വ പട്ടികകൾ തയ്യാറാക്കുക, ഏകീകൃത ബാലറ്റ് സംവിധാനം കൊണ്ടുവരിക തുടങ്ങിയ നിർദേശങ്ങൾ അതിലുണ്ടായിരുന്നു.

എന്നാൽ യു എസ് പി എസ് പുറത്തിറക്കിയ അന്തിമ ചട്ടത്തിൽ ഈ ആവശ്യങ്ങളിൽ പലതും പരിമിതപ്പെടുത്തിയ രൂപത്തിലാണ് ഉൾപ്പെട്ടിരിക്കുന്നത്. പുതിയ സംവിധാനം പേര്, വിലാസം തുടങ്ങിയ വിവരങ്ങളിലൂടെ ബാലറ്റ് അയക്കപ്പെടുന്ന വോട്ടർമാരെ ട്രാക്ക് ചെയ്യാൻ സഹായിക്കുമെങ്കിലും പൗരത്വം നിർണയിക്കുന്ന ഉത്തരവാദിത്തം യു എസ് പി എസ്
ഏറ്റെടുക്കുന്നില്ല.

ജനനത്തീയതി, സോഷ്യൽ സെക്യൂരിറ്റി നമ്പർ, മറ്റ് വോട്ടർ രജിസ്‌ട്രേഷൻ വിവരങ്ങൾ എന്നിവ പോർട്ടലിൽ അപ്‌ലോഡ് ചെയ്യില്ലെന്നും ഡടജട വ്യക്തമാക്കിയിട്ടുണ്ട്. വോട്ടർ യോഗ്യത നിർണയിക്കുകയോ വോട്ടർ പട്ടിക പരിപാലിക്കുകയോ ബാലറ്റുകൾ എണ്ണുകയോ ചെയ്യില്ലെന്നും തപാൽ വകുപ്പ് പറയുന്നു.

മെയിൽ വോട്ടിങ് നിരോധനമല്ല

പുതിയ ചട്ടം മെയിൽഇൻ വോട്ടിങ് നിരോധിക്കുന്നതല്ല. സൈനികർ, വൈകല്യമുള്ളവർ, രോഗികൾ, യാത്ര ചെയ്യുന്നവർ എന്നിവർക്ക് പ്രത്യേക ഇളവുകൾ വേണമെന്ന ട്രംപിന്റെ ആവശ്യം പോലും ഇതിൽ ഉൾപ്പെടുത്തിയിട്ടില്ല.

എന്നിരുന്നാലും, ശേഖരിക്കുന്ന വിവരങ്ങൾ ഫെഡറൽ നിയമങ്ങളുടെ നടപ്പാക്കലിന് സഹായകരമാകുമെന്ന് യു എസ് പി എസ്
വ്യക്തമാക്കുന്നു. ഏത് വ്യക്തികൾക്കാണ് സംസ്ഥാനങ്ങൾ ബാലറ്റ് അയക്കാൻ ഉദ്ദേശിക്കുന്നതെന്ന് ഫെഡറൽ നിയമപ്രവർത്തക ഏജൻസികൾക്ക് തിരിച്ചറിയാൻ ഈ ഡാറ്റ സഹായിക്കുമെന്നതാണ് ചട്ടത്തിലെ മറ്റൊരു പ്രധാന വ്യവസ്ഥ.

സേവ് അമേരിക്ക ആക്ടിന്റെ പശ്ചാത്തലത്തിൽ

ഇതിനിടെയാണ് റിപ്പബ്ലിക്കൻ പാർട്ടിയുടെ പ്രധാന തിരഞ്ഞെടുപ്പ് പരിഷ്‌കരണ നിർദേശമായ സേവ് അമേരിക്ക ആക്ടിനെ ചൊല്ലി മാസങ്ങളായി നിലനിൽക്കുന്ന രാഷ്ട്രീയ തർക്കം. വോട്ട് ചെയ്യാൻ ഫോട്ടോ തിരിച്ചറിയൽ രേഖയും പൗരത്വത്തിന്റെ തെളിവും നിർബന്ധമാക്കുകയാണ് ബില്ലിന്റെ പ്രധാന ലക്ഷ്യങ്ങൾ.

മെയിൽഇൻ ബാലറ്റുകളെ നിയന്ത്രിക്കണമെന്ന നിലപാട് ട്രംപ് ശക്തമായി ആവർത്തിക്കുന്നതിനിടെയാണ് ഡടജടന്റെ പുതിയ ചട്ടം വരുന്നത്. അതിനാൽ ഇത് ഒരു ഭരണപരമായ മാറ്റം മാത്രമല്ല, അമേരിക്കയിലെ തിരഞ്ഞെടുപ്പ് നിയന്ത്രണം സംസ്ഥാനങ്ങളിൽ തുടരണോ ഫെഡറൽ തലത്തിൽ കൂടുതൽ ഏകോപിപ്പിക്കണോ എന്ന വലിയ രാഷ്ട്രീയഭരണഘടനാ ചർച്ചയുടെ ഭാഗമായും മാറുകയാണ്.

വോട്ടർ സുരക്ഷയോ ഫെഡറൽ നിരീക്ഷണമോ? - പുതിയ യു എസ് പി എസ്
ചട്ടത്തിന്റെ കേന്ദ്ര ചോദ്യമിതാണ്. വോട്ടർ വിവരങ്ങൾ കൂടുതൽ കൃത്യമായി പരിശോധിക്കാൻ പുതിയ സംവിധാനം സഹായിക്കുമെന്ന വാദത്തിനൊപ്പം, തിരഞ്ഞെടുപ്പ് സംബന്ധിച്ച വ്യക്തിഗത വിവരങ്ങൾ ഫെഡറൽ തലത്തിൽ ശേഖരിക്കുന്നത് സംസ്ഥാനങ്ങളുടെ തിരഞ്ഞെടുപ്പ് അധികാരത്തെ ദുർബലപ്പെടുത്തുമെന്ന ആശങ്കയും ശക്തമാണ്. കോടതി വിലക്ക് നീങ്ങിയാൽ ഈ തർക്കം അമേരിക്കൻ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലെ മറ്റൊരു വലിയ പോരാട്ടമായി മാറാൻ സാധ്യതയുണ്ട്.