ലോസ് ആഞ്ചലസ്: 'ഗില്‍മോര്‍ ഗേള്‍സ്', 'ഷെയിംലെസ്', 'ലോ ആന്‍ഡ് ഓര്‍ഡര്‍', 'ചാപ്പല്‍സ് ഷോ' തുടങ്ങിയ ജനപ്രിയ ടെലിവിഷന്‍ പരമ്പരകളിലൂടെ ശ്രദ്ധേയയായ നടി ബണ്ണി ലെവിന്‍ (97) അന്തരിച്ചു. കാലിഫോര്‍ണിയയിലെ ടാര്‍സാനയിലുള്ള വസതിയില്‍ ഞായറാഴ്ചയാണ് അന്ത്യം. ഉറക്കത്തിനിടെയാണ് നടി മരിച്ചതെന്ന് പ്രതിനിധി മൈക്ക് ഐസന്‍സ്റ്റാഡ് അറിയിച്ചു.
വര്‍ഷങ്ങളോളം സ്‌കൂള്‍ ലൈബ്രേറിയനായി ജോലി ചെയ്തതിനുശേഷമാണ് അഭിനയ രംഗത്തേക്ക് എത്തിയത്.
1928 ഡിസംബര്‍ 22ന് ന്യൂജേഴ്‌സിയിലെ ഈസ്റ്റ് ഓറഞ്ചില്‍ ബെര്‍നീസ് ലെവിന്‍ എന്ന പേരിലാണ് ബണ്ണി ലെവിന്‍ ജനിച്ചത്. ചെറുപ്പത്തില്‍ തന്നെ അഭിനയത്തിലും നാടകത്തിലും താത്പര്യം പ്രകടിപ്പിച്ചിരുന്നു. സ്‌കൂള്‍ കാലത്തും നാടകപ്രവര്‍ത്തനങ്ങളോടുള്ള താത്പര്യം തുടര്‍ന്നു.
കോളജില്‍ തിയറ്റര്‍ ആര്‍ട്‌സ് പഠിച്ച അവര്‍ 1951ല്‍ ബിരുദം നേടി. എന്നാല്‍ വിവാഹവും കുടുംബജീവിതവും അഭിനയമോഹത്തിന് ഇടക്കാലത്ത് വിരാമമിട്ടു. കോളജ് പഠനകാലത്തുതന്നെ വിവാഹിതയായ ലെവിന്‍ പിന്നീട് കുടുംബജീവിതത്തിനായി കൂടുതല്‍ സമയം മാറ്റിവെച്ചു.
ഭര്‍ത്താവ് ബെര്‍ണാര്‍ഡ് 'ബെര്‍ണി' ലെവിനൊപ്പം മൂന്ന് മക്കളെ വളര്‍ത്തുന്നതിനിടെ ന്യൂജേഴ്‌സിയില്‍ രണ്ട് പതിറ്റാണ്ടിലേറെക്കാലം സ്‌കൂള്‍ ലൈബ്രേറിയയായി ജോലി ചെയ്തു.
നേരത്തേ വിരമിച്ചശേഷമാണ് അഭിനയരംഗത്തേക്ക് വീണ്ടും തിരിച്ചെത്താന്‍ അവര്‍ തീരുമാനിച്ചത്. അഭിനയ ക്ലാസുകളില്‍ പങ്കെടുക്കുകയും പരസ്യങ്ങള്‍, ടെലിവിഷന്‍ പരിപാടികള്‍, സിനിമകള്‍ എന്നിവയ്ക്കായി ഓഡിഷനുകളില്‍ പങ്കെടുക്കുകയും ചെയ്തു. 1980കളുടെ അവസാനത്തില്‍ 'സ്ലൈം സിറ്റി'യിലൂടെയാണ് പ്രൊഫഷണല്‍ സിനിമാ ജീവിതത്തിന് തുടക്കമായത്.
2003ല്‍ ഭര്‍ത്താവിന്റെ മരണശേഷം ലെവിന്‍ ലോസ് ആഞ്ചലസിലേക്ക് താമസം മാറ്റി. തുടര്‍ന്ന് അഭിനയരംഗത്ത് സജീവമായി തുടര്‍ന്നു.
ടെലിവിഷന്‍ രംഗത്ത് നൂറിലേറെ സ്‌ക്രീന്‍ ക്രെഡിറ്റുകളുള്ള ബണ്ണി ലെവിന്‍ നിരവധി ജനപ്രിയ പരമ്പരകളുടെ ഭാഗമായി. 'ആസ് ദ വേള്‍ഡ് ടേണ്‍സ്', 'ലോ ആന്‍ഡ് ഓര്‍ഡര്‍', 'എവരിബഡി ലവ്‌സ് റെയ്മണ്ട്', 'ലാസ് വെഗാസ്', 'പ്രൈവറ്റ് പ്രാക്ടീസ്', 'അഗ്ലി ബെറ്റി', 'കമ്യൂണിറ്റി', 'ക്രിമിനല്‍ മൈന്‍ഡ്‌സ്', '2 ബ്രോക്ക് ഗേള്‍സ്', 'ദ മിണ്ടി പ്രോജക്ട്', 'ഫുള്ളര്‍ ഹൗസ്', 'മായന്‍സ് എം സി' തുടങ്ങിയവയാണ് പ്രധാന ടെലിവിഷന്‍ പരമ്പരകള്‍.
'ഗില്‍മോര്‍ ഗേള്‍സ്', 'ഷെയിംലെസ്', 'ന്യൂ ഗേള്‍', 'ഗെറ്റിംഗ് ഓണ്‍', 'റെയ്‌സിംഗ് ഹോപ്പ്', 'സൗത്ത്ലാന്‍ഡ്' തുടങ്ങിയ പരമ്പരകളിലും അവര്‍ ശ്രദ്ധേയ വേഷങ്ങള്‍ ചെയ്തു.
സിനിമയിലും ലെവിന്‍ നിരവധി വേഷങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്. 'സ്ലൈം സിറ്റി', 'കാഡിലാക് മാന്‍', 'ദ ജിമ്മി ഷോ', 'എ തൗസന്‍ഡ് വേഡ്‌സ്', 'ലാ ലാ ലാന്‍ഡ്', 'ലെറ്റ് ഗോ' എന്നിവയാണ് പ്രധാന ചിത്രങ്ങള്‍.
നടന്‍ ആദം സാന്‍ഡ്‌ലറിനൊപ്പവും നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു. 'യു ഡോണ്ട് മെസ് വിത്ത് ദ സോഹന്‍', 'സാന്‍ഡി വെക്സ്ലര്‍', 'യു ആര്‍ സോ നോട്ട് ഇന്‍വൈറ്റഡ് ടു മൈ ബാറ്റ് മിറ്റ്‌സ്വാ' എന്നിവയാണ് ഇവയില്‍ പ്രധാനപ്പെട്ടവ.
'ദ അപ്‌ഷോസ്', 'ദ ക്യൂര്‍' എന്നിവയാണ് ബണ്ണി ലെവിന്റെ അവസാനകാല അഭിനയ ക്രെഡിറ്റുകളില്‍ ചിലത്.
