അമേരിക്കന്‍ ചരിത്രത്തിലെ ഏറ്റവും വലിയ കൂട്ട വിസ റദ്ദാക്കലിന് നീക്കം; 2 ലക്ഷം വിദേശികളെ ലക്ഷ്യമിട്ട് ട്രംപ് ഭരണകൂടം

അമേരിക്കന്‍ ചരിത്രത്തിലെ ഏറ്റവും വലിയ കൂട്ട വിസ റദ്ദാക്കലിന് നീക്കം; 2 ലക്ഷം വിദേശികളെ ലക്ഷ്യമിട്ട് ട്രംപ് ഭരണകൂടം


വാഷിംഗ്ടണ്‍: അമേരിക്കയില്‍ അഭയം തേടിയതോ അഭയാര്‍ഥി പദവിക്കായി അപേക്ഷിച്ചതോ ആയ 2 ലക്ഷം വരെ വിദേശികളുടെ ബിസിനസ്, ടൂറിസ്റ്റ് വിസകള്‍ റദ്ദാക്കാന്‍ ട്രംപ് ഭരണകൂടം ഒരുങ്ങുന്നു. നടപടി നടപ്പായാല്‍ യു എസ് ചരിത്രത്തിലെ ഒറ്റയടിക്കുള്ള ഏറ്റവും വലിയ വിസ റദ്ദാക്കലായിരിക്കുമിത്. തീരുമാനത്തിനെതിരെ നിയമപോരാട്ടത്തിനും സാധ്യതയുണ്ട്.

2016 മുതല്‍ 2026 വരെ അനുവദിച്ച ബി1, ബി2 വിഭാഗങ്ങളിലെ വിസകളില്‍, വിസ ഉടമകള്‍ അമേരിക്കയില്‍ അഭയം തേടുകയോ അതിനായി അപേക്ഷിക്കുകയോ ചെയ്തിട്ടുണ്ടെങ്കില്‍ അവ റദ്ദാക്കാനാണ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് നീക്കം. അടുത്ത ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ ഇതുസംബന്ധിച്ച പ്രഖ്യാപനം ഉണ്ടായേക്കുമെന്ന് അസോസിയേറ്റഡ് പ്രസ് പുറത്തുവിട്ട സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് രേഖകളും രണ്ട് യു എസ് ഉദ്യോഗസ്ഥരും വ്യക്തമാക്കുന്നു. ആഭ്യന്തര സുരക്ഷാ വകുപ്പുമായി (ഡി എച്ച് എസ്) സഹകരിച്ചായിരിക്കും നടപടി.

ഹ്രസ്വകാല സന്ദര്‍ശകരെന്ന നിലയില്‍ അമേരിക്കയിലെത്തിയ ശേഷം സ്ഥിരമായി രാജ്യത്ത് തുടരുന്നതിനായി അഭയാര്‍ഥി പദവിക്ക് അപേക്ഷിച്ച വിദേശികളുടെ നോണ്‍-ഇമിഗ്രന്റ് വിസകള്‍ കണ്ടെത്തി റദ്ദാക്കാന്‍ ഡി എച്ച് എസുമായി സഹകരിക്കുകയാണെന്ന് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് വക്താവ് ടോമി പിഗോട്ട് പറഞ്ഞു.

എത്ര വിസകള്‍ റദ്ദാക്കുമെന്ന കാര്യത്തില്‍ അദ്ദേഹം പ്രതികരിച്ചില്ല. നടപടിക്രമം തുടര്‍ച്ചയായി നടക്കുന്നതിനാല്‍ റദ്ദാക്കുന്ന വിസകളുടെ എണ്ണം മാറിക്കൊണ്ടിരിക്കുമെന്നും ഘട്ടംഘട്ടമായാണ് നടപടിയുണ്ടാകുകയെന്നും അദ്ദേഹം വ്യക്തമാക്കി.

വിസ റദ്ദാക്കുന്നത് ബന്ധപ്പെട്ടവരെ ഉടന്‍ നാടുകടത്തുന്നതിന് ഇടയാക്കണമെന്നില്ലെന്ന് യു എസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. അഭയാര്‍ഥി അപേക്ഷകള്‍ നിലവില്‍ പരിഗണനയിലുള്ളവരില്‍ ഭൂരിഭാഗം പേരുടെയും വിസ പദവി പുനര്‍വര്‍ഗീകരിക്കപ്പെടുമെങ്കിലും ബിസിനസ്, ടൂറിസ്റ്റ് സന്ദര്‍ശകരെന്ന നിലയിലുള്ള പദവി നഷ്ടപ്പെടും. നടപടി അന്തിമമായിട്ടില്ലാത്തതിനാല്‍ പേരുവെളിപ്പെടുത്താതെയാണ് ഉദ്യോഗസ്ഥര്‍ ഇക്കാര്യം അറിയിച്ചത്.

കഴിഞ്ഞ വര്‍ഷം പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് രണ്ടാം തവണ അധികാരമേറ്റതിന് പിന്നാലെ വിസ അപേക്ഷകരെ സംബന്ധിച്ച നിയന്ത്രണങ്ങള്‍ ഭരണകൂടം ശക്തമാക്കിയിരുന്നു. അപേക്ഷകരുടെ സാമൂഹികമാധ്യമ ഉപയോഗ ചരിത്രത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ആവശ്യപ്പെടുക, വിസ നടപടിക്കായി ഉയര്‍ന്ന തുകയുടെ ബോണ്ട് നിര്‍ബന്ധമാക്കുക, ചില രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് വിസ അനുവദിക്കുന്നത് പൂര്‍ണമായും വിലക്കുക തുടങ്ങിയ നടപടികള്‍ ഇതിന്റെ ഭാഗമായി സ്വീകരിച്ചു.

ടൂറിസ്റ്റ്, ബിസിനസ് വിസകള്‍ ഉപയോഗിച്ച് അമേരിക്കയിലെത്തി പിന്നീട് അഭയാര്‍ഥി പദവിക്ക് അപേക്ഷിക്കുന്നവരെയും സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് ഡെപ്യൂട്ടി സെക്രട്ടറി ക്രിസ്റ്റഫര്‍ ലാന്‍ഡോ സാമൂഹികമാധ്യമ പോസ്റ്റിലൂടെ വിമര്‍ശിച്ചു.

അടിസ്ഥാനരഹിതമായ അഭയാര്‍ഥി അപേക്ഷകളില്‍ അമേരിക്കയിലുള്ളവരും ലോകമെമ്പാടുമുള്ളവരും മടുത്തിരിക്കുകയാണെന്നും കുടിയേറ്റ നിയമങ്ങളെ മറികടക്കാനുള്ള വഴിയായി അഭയാര്‍ഥി അപേക്ഷയെ ഉപയോഗിക്കാനാകില്ലെന്നും ലാന്‍ഡോ പറഞ്ഞു. ടൂറിസ്റ്റ് വിസയില്‍ 2015ല്‍ അമേരിക്കയിലെത്തിയ കൊളംബിയന്‍ പൗരന്‍ പിന്നീട് അഭയം തേടിയ സംഭവവും അദ്ദേഹം ചൂണ്ടിക്കാട്ടി.

ബിസിനസ് ആവശ്യങ്ങള്‍ക്കുള്ള യാത്രകള്‍ക്കാണ് പൊതുവെ ബി1 വിസ അനുവദിക്കുന്നത്. ടൂറിസം, കുടുംബസന്ദര്‍ശനം, ചികിത്സ തുടങ്ങിയ ആവശ്യങ്ങള്‍ക്കാണ് ബി2 വിസ സാധാരണയായി അനുവദിക്കുന്നത്.

നിലവിലുള്ള ബി1, ബി2 വിസ ഉടമകളില്‍ എത്രപേര്‍ അമേരിക്കയില്‍ അഭയം തേടുകയോ അതിനായി അപേക്ഷിക്കുകയോ ചെയ്തിട്ടുണ്ടെന്നും പുതിയ നടപടിയുടെ പരിധിയില്‍ എത്രപേര്‍ വരുമെന്നും രേഖകളില്‍നിന്നോ ഉദ്യോഗസ്ഥരില്‍നിന്നോ വ്യക്തമല്ല.

നിലവില്‍ ബി1, ബി2 വിസയ്ക്ക് അപേക്ഷിക്കുന്നവര്‍ അമേരിക്കയില്‍ അഭയം തേടില്ലെന്ന് ഉറപ്പുനല്‍കുകയും സ്വന്തം രാജ്യത്തേക്ക് തിരിച്ചുപോകാനാണ് ഉദ്ദേശിക്കുന്നതെന്ന് തെളിയിക്കുകയും വേണം.

കഴിഞ്ഞ 18 മാസത്തിനിടെ കുറ്റകൃത്യങ്ങളില്‍ ശിക്ഷിക്കപ്പെട്ടവരുടെയോ ആരോപണം നേരിടുന്നവരുടെയോ ഏകദേശം 1.75 ലക്ഷം വിസകള്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് റദ്ദാക്കിയിട്ടുണ്ട്. മദ്യപിച്ച് വാഹനമോടിക്കല്‍ മുതല്‍ ബലാത്സംഗം, കവര്‍ച്ച തുടങ്ങിയ കുറ്റകൃത്യങ്ങള്‍ വരെ ഇതില്‍ ഉള്‍പ്പെടുന്നു.

അമേരിക്കന്‍ നയങ്ങള്‍ക്കെതിരെ, പ്രത്യേകിച്ച് മധ്യപൂര്‍വദേശവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ പരസ്യമായി പ്രതികരിച്ചവരുടെ വിസകളും റദ്ദാക്കിയതായി റിപ്പോര്‍ട്ടുണ്ട്.

'ബര്‍ത്ത് ടൂറിസം' എന്നറിയപ്പെടുന്ന രീതിക്കെതിരെയും ട്രംപ് ഭരണകൂടം നടപടികള്‍ ശക്തമാക്കിയിട്ടുണ്ട്. പ്രസവത്തിനായി വിദേശ ഗര്‍ഭിണികള്‍ അമേരിക്കയിലെത്തുകയും കുട്ടിക്ക് ജന്മാവകാശ പൗരത്വം ലഭ്യമാക്കുകയും ചെയ്യുന്നതാണ് ഭരണകൂടം ആരോപിക്കുന്ന ഈ രീതി.

ജന്മാവകാശ പൗരത്വം അവസാനിപ്പിക്കാന്‍ ട്രംപ് പലതവണ ശ്രമിച്ചെങ്കിലും സുപ്രിം കോടതി ഉള്‍പ്പെടെയുള്ള കോടതികള്‍ ഈ നീക്കങ്ങള്‍ തടഞ്ഞിരുന്നു.

അമേരിക്കയിലെ നിലവിലെ ബി1, ബി2 വിസ ഉടമകളുടെ പരിശോധന ആരംഭിച്ചത് യു എസ് സിറ്റിസണ്‍ഷിപ്പ് ആന്‍ഡ് ഇമിഗ്രേഷന്‍ സര്‍വീസില്‍നിന്ന് അഭയാര്‍ഥി അപേക്ഷകളെക്കുറിച്ചുള്ള വിവരങ്ങള്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റിന് ലഭിച്ചതിന് ശേഷമാണെന്ന് അസോസിയേറ്റഡ് പ്രസിന് ലഭിച്ച രേഖകള്‍ സൂചിപ്പിക്കുന്നു.