വാഷിംഗ്ടണ്‍: ഇറാന്റെ എല്ലാ വരുമാന സ്രോതസ്സുകളും തടയുന്നതിനുള്ള സാമ്പത്തിക ഉപരോധം ശക്തമാക്കുമെന്ന് യു എസ് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസന്റ്. ഇറാനെതിരായ ഉപരോധ നടപടികള്‍ കൂടുതല്‍ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി പുതിയ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ച ബെസന്റ്, അമേരിക്കന്‍ ഉപരോധ നടപടികളില്‍ സഹകരിക്കാത്ത രാജ്യങ്ങള്‍ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്നും മുന്നറിയിപ്പ് നല്‍കി.
ഇറാനെതിരായ യുദ്ധം ആറാം മാസത്തിലേക്ക് കടക്കുകയും സമാധാന ചര്‍ച്ചകള്‍ അനിശ്ചിതത്വത്തിലാകുകയും ചെയ്ത സാഹചര്യത്തിലാണ് ബെസന്റിന്റെ പ്രഖ്യാപനം. തന്ത്രപ്രധാനമായ ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള ഗതാഗതത്തിലും ഇറാന്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
'ഈ ഏകാധിപത്യ ഭരണകൂടത്തെ നിലനിര്‍ത്തുന്ന എല്ലാ സാമ്പത്തിക ജീവനാഡികളും വിച്ഛേദിച്ച്, തെഹ്റാനെ ഒറ്റപ്പെടുത്തുകയാണ് ലോകമെമ്പാടുമുള്ള ഞങ്ങളുടെ ലക്ഷ്യം,' തിങ്കളാഴ്ച നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ബെസന്റ് പറഞ്ഞു. ഇറാനെതിരായ ഉപരോധ നടപടികളില്‍ സഹകരിക്കാത്ത രാജ്യങ്ങളും ഇറാന്റെ ഒറ്റപ്പെടലില്‍ പങ്കാളികളാകേണ്ടിവരുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇറാനുമായുള്ള ഇടപാടുകള്‍ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വിവിധ രാജ്യങ്ങളിലെ നേതാക്കളുമായി ബന്ധപ്പെടുന്നുണ്ടെന്നും ബെസന്റ് പറഞ്ഞു.
ഇറാന്റെ തകര്‍ന്നുകൊണ്ടിരിക്കുന്ന സമ്പദ്വ്യവസ്ഥയെ താങ്ങിനിര്‍ത്താന്‍ ഭരണകൂടം ഉപയോഗിക്കുന്ന അഞ്ച് നിര്‍ണായക മേഖലകള്‍ക്കെതിരെ നടപടികള്‍ സ്വീകരിച്ചതായി യു എസ് ട്രഷറി വകുപ്പ് അറിയിച്ചു. ഡിജിറ്റല്‍ ആസ്തികള്‍, സാങ്കേതികവിദ്യ, സ്വര്‍ണം, വ്യോമയാനം, കപ്പല്‍ഗതാഗതം എന്നീ മേഖലകളാണ് ഇതില്‍ ഉള്‍പ്പെടുന്നത്.
ഇറാനുവേണ്ടി പണമിടപാട് ക്രമക്കേടുകള്‍ക്ക് സഹായം നല്‍കുന്ന ഏത് സ്ഥാപനത്തെയും യു എസ് ഡോളര്‍ സംവിധാനത്തില്‍നിന്ന് പുറത്താക്കുമെന്നും ബെസന്റ് മുന്നറിയിപ്പ് നല്‍കി.
ഇറാനുമായി ഇടപാടുകള്‍ നടത്തുന്ന ചൈനീസ് ബാങ്കുകള്‍ക്കും ഉപരോധം നേരിടേണ്ടിവരുമോയെന്ന ചോദ്യത്തിന്, 'അമേരിക്കന്‍ ഉപരോധങ്ങളുടെ പരിധിക്ക് പുറത്തായി ആരുമില്ല' എന്നായിരുന്നു ബെസന്റിന്റെ മറുപടി.
തെഹ്റാനെതിരായ അമേരിക്കയുടെ ശക്തമാകുന്ന സാമ്പത്തിക നടപടികളെ നേരത്തെ ബെസന്റ് 'സാമ്പത്തിക ഡി-ഡേ' എന്നാണ് വിശേഷിപ്പിച്ചത്. ഫിനാന്‍ഷ്യല്‍ ടൈംസില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.
2026 ഫെബ്രുവരി 28ന് അമേരിക്കയും ഇസ്രയേലും ഇറാനെതിരെ വ്യാപകമായ വ്യോമാക്രമണം നടത്തിയതോടെയാണ് മധ്യപൂര്‍വദേശത്തെ നിലവിലെ യുദ്ധത്തിന് തുടക്കമായത്. തുടര്‍ന്ന് ഇറാന്‍ മേഖലയുടെ വിവിധ ഭാഗങ്ങളിലേക്ക് തിരിച്ചടികള്‍ നടത്തിയിരുന്നു.
