മംദാനിയുടെ നഗര ഉടമസ്ഥതയിലുള്ള പലചരക്ക് കട പദ്ധതിക്കെതിരെ ന്യൂയോര്‍ക്കിലെ വ്യാപാരികള്‍ കോടതിയില്‍

മംദാനിയുടെ നഗര ഉടമസ്ഥതയിലുള്ള പലചരക്ക് കട പദ്ധതിക്കെതിരെ ന്യൂയോര്‍ക്കിലെ വ്യാപാരികള്‍ കോടതിയില്‍


ന്യൂയോര്‍ക്ക്: നഗര ഉടമസ്ഥതയില്‍ അഞ്ച് പലചരക്ക് കടകള്‍ ആരംഭിക്കാനുള്ള ന്യൂയോര്‍ക്ക് മേയര്‍ സൊഹ്റാന്‍ മംദാനിയുടെ പദ്ധതിക്കെതിരെ ചെറുകിട വ്യാപാരികള്‍ കോടതിയെ സമീപിച്ചു. നൂറുകണക്കിന് ചെറുകിട സൂപ്പര്‍മാര്‍ക്കറ്റ്, ബോഡേഗ, പലചരക്ക് കട ഉടമകളെ പ്രതിനിധീകരിക്കുന്ന മള്‍ട്ടികള്‍ച്ചറല്‍ ബിസിനസ് കോയലിഷനാണ് മാംദാനിക്കും നഗര ഭരണകൂടത്തിനുമെതിരെ കേസ് ഫയല്‍ ചെയ്തത്.


മംദാനിയുടെ പദ്ധതി ചെറുകിട ഉടമസ്ഥതയിലുള്ള പലചരക്ക് കടകളുടെ സിവില്‍ അവകാശങ്ങള്‍ ലംഘിക്കുന്നതാണെന്നാണ് സംഘടനയുടെ ആരോപണം. നഗരത്തിന്റെ ഉടമസ്ഥതയിലുള്ള കടകള്‍ നല്‍കുന്ന വിലക്കുറവുമായി മത്സരിക്കാന്‍ ചെറുകിട വ്യാപാരികള്‍ക്ക് കഴിയില്ലെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.

ന്യൂയോര്‍ക്ക് കൗണ്ടി സുപ്രിം കോടതിയിലാണ് സംഘടന ക്ലാസ് ആക്ഷന്‍ കേസ് ഫയല്‍ ചെയ്തത്.

'വാടക നല്‍കേണ്ടതില്ലാത്തതും വൈദ്യുതി ബില്‍ അടയ്ക്കേണ്ടതില്ലാത്തതും ഉല്‍പ്പന്നങ്ങള്‍ മുഴുവന്‍ വിലയ്ക്ക് വാങ്ങേണ്ടതില്ലാത്തതുമായ ഒരു സൂപ്പര്‍മാര്‍ക്കറ്റുമായി കഠിനാധ്വാനം ചെയ്യുന്ന ചെറുകിട വ്യാപാരികള്‍ക്ക് മത്സരിക്കാനാകുമെന്ന് പ്രതീക്ഷിക്കാനാവില്ല,' സംഘടനയുടെ ജനറല്‍ കൗണ്‍സലും ഗ്രേറ്റര്‍ ന്യൂയോര്‍ക്ക് ചേംബര്‍ ഓഫ് കൊമേഴ്സ് പ്രസിഡന്റുമായ മാര്‍ക്ക് ജാഫെ പറഞ്ഞു.

'അവര്‍ക്ക് ഒരിക്കലും മത്സരിക്കാനാകില്ല. കാരണം അവര്‍ക്ക് ലഭിക്കുന്ന തരത്തിലുള്ള സബ്‌സിഡി ചെറുകിട വ്യാപാരികള്‍ക്ക് ലഭിക്കുന്നില്ല,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കേസിനെക്കുറിച്ചുള്ള പ്രതികരണത്തിനായി ന്യൂയോര്‍ക്ക് സിറ്റി നിയമവകുപ്പ് മംദാനിയുടെ ഓഫീസിനെ സമീപിക്കാന്‍ നിര്‍ദേശിച്ചു.

തിങ്കളാഴ്ച നഗരത്തിലെ പാര്‍ക്ക് പദ്ധതിയുടെ പ്രഖ്യാപനവുമായി ബന്ധപ്പെട്ട വാര്‍ത്താസമ്മേളനത്തില്‍ കേസിനെക്കുറിച്ച് ചോദിച്ചപ്പോള്‍, തന്റെ പദ്ധതിക്ക് നിയമപരമായ സാധുതയുണ്ടെന്നും അത് അനിവാര്യമാണെന്നും മംദാനി വ്യക്തമാക്കി.

'85 ലക്ഷം ജനങ്ങളുള്ള ഒരു നഗരത്തില്‍ അഞ്ച് നഗര ഉടമസ്ഥതയിലുള്ള പലചരക്ക് കടകളാണ് ഞങ്ങള്‍ ആരംഭിക്കുന്നത്. നഗരത്തില്‍ ഇതിനകം 1,000-ത്തിലധികം പലചരക്ക് കടകളുണ്ട്,' മംദാനി പറഞ്ഞു.

മാന്‍ഹട്ടനിലും ബ്രൂക്ലിനിലും സമാനമായ മാതൃകയില്‍ പ്രവര്‍ത്തിക്കുന്ന രണ്ട് വിപണികള്‍ സമീപത്തെ ബോഡേഗകളെ പ്രതികൂലമായി ബാധിച്ചിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

മംദാനി പരാമര്‍ശിച്ച ഈ വിപണികള്‍ വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്നവയാണ്. നഗരത്തിന്റെ സാമ്പത്തിക വികസന കോര്‍പ്പറേഷനാണ് ഇവ നിയന്ത്രിക്കുന്നത്. നഗര ഉടമസ്ഥതയിലുള്ള കെട്ടിടങ്ങള്‍ വിപണി നിരക്കിനേക്കാള്‍ കുറഞ്ഞ വാടകയ്ക്ക് സ്വകാര്യ വ്യാപാരികള്‍ക്ക് നല്‍കുന്നതിനൊപ്പം പ്രവര്‍ത്തനച്ചെലവിന്റെ ഒരു ഭാഗവും കോര്‍പ്പറേഷന്‍ വഹിക്കുന്നു.

മംദാനി ഭരണകൂടത്തിന്റെ പ്രധാന ചെലവുകുറയ്ക്കല്‍ പദ്ധതികള്‍ക്കെതിരെ നിയമനടപടി ഉണ്ടാകുന്നത് ഇത് മൂന്നാം തവണയാണ്.

ഈ മാസം ആദ്യം, ചില വീടുടമകള്‍ക്ക് ബാധകമാകുന്ന മംദാനിയുടെ നികുതി നടപ്പാക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് ഒരു സംഘം കോടതിയെ സമീപിച്ചിരുന്നു. സ്റ്റാറ്റന്‍ ഐലന്‍ഡിലെ ജഡ്ജി നികുതി നടപ്പാക്കല്‍ താല്‍ക്കാലികമായി തടഞ്ഞിട്ടുണ്ട്.

അതേസമയം, ഏകദേശം 10 ലക്ഷം വാടക നിയന്ത്രിത അപ്പാര്‍ട്ട്മെന്റുകളില്‍ താമസിക്കുന്നവര്‍ക്കായി ഒരു വര്‍ഷത്തെയും രണ്ട് വര്‍ഷത്തെയും വാടക കരാറുകളില്‍ ഏര്‍പ്പെടുത്തിയ വാടക മരവിപ്പിക്കല്‍ ചോദ്യം ചെയ്ത് വീടുടമകളും കേസുമായി രംഗത്തെത്തിയിട്ടുണ്ട്.

മംദാനിയുടെ ചെലവുകുറയ്ക്കല്‍ അജന്‍ഡയിലെ പ്രധാന പദ്ധതികളിലൊന്നാണ് നഗര ഉടമസ്ഥതയിലുള്ള പലചരക്ക് കടകള്‍. ഭക്ഷ്യവില വര്‍ധനവ് നേരിടുന്ന ന്യൂയോര്‍ക്കുകാര്‍ക്ക് കുറഞ്ഞ വിലയില്‍ ആരോഗ്യകരമായ ഭക്ഷണം ലഭ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. നഗരത്തിലെ എല്ലാവര്‍ക്കും ഈ കടകളില്‍നിന്ന് സാധനങ്ങള്‍ വാങ്ങാനാകും.

പുതിയ പച്ചക്കറികളും പഴങ്ങളും ഉള്‍പ്പെടെയുള്ള ഭക്ഷ്യവസ്തുക്കളും അടിസ്ഥാന പലചരക്ക് സാധനങ്ങളും കൂടുതല്‍ എളുപ്പത്തില്‍ ലഭ്യമാക്കുന്നതിനും പദ്ധതി ലക്ഷ്യമിടുന്നു. നഗരത്തിലെ ചില പ്രദേശങ്ങളില്‍ 30 ശതമാനത്തിലധികം ആളുകള്‍ ഭക്ഷ്യലഭ്യതാ പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിലാണ് പദ്ധതി.

കഴിഞ്ഞ മാസം പദ്ധതിയുടെ വിശദാംശങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍, അവശ്യ ഭക്ഷ്യസാധനങ്ങള്‍ വിപണി വിലയേക്കാള്‍ 30 ശതമാനം കുറഞ്ഞ നിരക്കില്‍ ലഭ്യമാക്കുമെന്ന് മംദാനി പറഞ്ഞിരുന്നു. ഇതിലൂടെ ന്യൂയോര്‍ക്കുകാരുടെ ശരാശരി പ്രതിമാസ പലചരക്ക് ചെലവ് 15 ശതമാനം കുറയുമെന്നും ഏകദേശം 90 ഡോളര്‍ വരെ ലാഭിക്കാനാകുമെന്നും മേയറുടെ ഓഫീസ് കണക്കാക്കുന്നു.

നഗര ഉടമസ്ഥതയിലുള്ള കടകള്‍ക്ക് അനുവദിക്കുന്ന ആനുകൂല്യങ്ങള്‍ വാള്‍മാര്‍ട്ടിന് ന്യൂയോര്‍ക്ക് നഗരത്തില്‍ പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കുന്നതിന് സമാനമായ ഭീഷണിയാണ് ചെറുകിട വ്യാപാരികള്‍ നേരിടുന്നതെന്നും ഹര്‍ജിയില്‍ പറയുന്നു. വാള്‍മാര്‍ട്ടിന്റെ നഗരത്തിലെ പ്രവേശനത്തെ പ്രാദേശിക ഭരണകൂടങ്ങള്‍ ദീര്‍ഘകാലമായി എതിര്‍ത്തുവരികയാണ്.

നഗര ഉടമസ്ഥതയിലുള്ള കടകള്‍ പ്രാദേശിക വ്യാപാരികളെ എങ്ങനെ ബാധിക്കുമെന്ന് അധികൃതര്‍ ശരിയായ രീതിയില്‍ പഠിച്ചിട്ടില്ലെന്നും ഹര്‍ജിക്കാര്‍ ആരോപിക്കുന്നു. കടകള്‍ക്കായി സ്ഥലങ്ങള്‍ തിരഞ്ഞെടുത്തത് ഏകപക്ഷീയമായാണെന്നും ഓരോ പ്രദേശത്തിന്റെയും ആവശ്യങ്ങള്‍ സംബന്ധിച്ച് മതിയായ പഠനം നടത്തിയിട്ടില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.

അഞ്ച് കടകളില്‍ ആദ്യത്തേത് അടുത്ത വര്‍ഷം ബ്രോങ്ക്‌സിലെ ഹണ്ട്‌സ് പോയിന്റില്‍ തുറക്കാനാണ് പദ്ധതി. ശേഷിക്കുന്ന കടകള്‍ 2030ഓടെ തുറക്കുമെന്ന് നഗര അധികൃതര്‍ അറിയിച്ചു.

പദ്ധതിക്കെതിരെ കേസ് നല്‍കിയ വ്യാപാരികളുടെ പ്രതിനിധിയായ ജാഫെ, നഗര ഭരണകൂടം വ്യാപാരികളുടെ ആശങ്കകള്‍ പരിഗണിച്ച് ധാരണയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് പറഞ്ഞു.

'ന്യൂയോര്‍ക്കിലെ ബുദ്ധിമുട്ടുന്ന ജനങ്ങള്‍ക്ക് ഭക്ഷണം ലഭ്യമാക്കാന്‍ ഇതിലും മികച്ച മാര്‍ഗമുണ്ട്. ഇതുവരെ ഒരു ബിസിനസ് പദ്ധതിയും ഞങ്ങള്‍ കണ്ടിട്ടില്ല. തെരഞ്ഞെടുപ്പ് വാഗ്ദാനം പാലിച്ചുവെന്ന് മേയര്‍ക്ക് പറയാന്‍ സഹായിക്കുന്ന ഒരു പ്രദര്‍ശന പദ്ധതിയാണിതെന്ന് മാത്രമാണ് തോന്നുന്നത്. അതിനാല്‍ ഇത് തടയണമെന്നാണ് ഞങ്ങള്‍ ജഡ്ജിയോട് ആവശ്യപ്പെടുന്നത്,' ജാഫെ പറഞ്ഞു.

കടകള്‍ ആരംഭിക്കുന്നതിനായി മംദാനി ഭരണകൂടം ഇതിനകം 7 കോടി ഡോളര്‍ മാറ്റിവച്ചിട്ടുണ്ട്. കടകളുടെ നടത്തിപ്പിനായി പുറത്തുനിന്നുള്ള ഓപ്പറേറ്റര്‍മാരില്‍നിന്ന് നഗര അധികൃതര്‍ നിര്‍ദേശങ്ങള്‍ ക്ഷണിക്കുകയും ചെയ്തിട്ടുണ്ട്.

മംദാനിയുടെ പദ്ധതി അമേരിക്കയില്‍ പൂര്‍ണമായും പുതിയ ആശയമല്ല. സര്‍ക്കാര്‍ ഉടമസ്ഥതയിലും സബ്‌സിഡിയോടെയും പ്രവര്‍ത്തിക്കുന്ന നിലവിലുള്ള മാതൃകകളെയാണ് പദ്ധതി പിന്തുടരുന്നത്.

സൈനികര്‍ക്കായി പ്രതിരോധ വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കമ്മിസറികള്‍, കര്‍ഷകര്‍ക്കും പാചകവിദഗ്ധര്‍ക്കും സ്ഥലം വാടകയ്ക്ക് നല്‍കുന്ന പൊതുവിപണികള്‍, സെന്റ് പോള്‍ ഉള്‍പ്പെടെയുള്ള ഗ്രാമീണ മേഖലകളിലെ നഗര ഉടമസ്ഥതയിലുള്ള കടകള്‍ എന്നിവ ഇതിന് ഉദാഹരണങ്ങളാണ്.

അറ്റ്‌ലാന്റ നഗരവും നഗരമധ്യത്തില്‍ ഒരു മുനിസിപ്പല്‍ പലചരക്ക് കട സ്ഥാപിക്കുന്നതിനായി പൊതു- സ്വകാര്യ പങ്കാളിത്ത പദ്ധതി ആരംഭിച്ചിട്ടുണ്ട്. താഴ്ന്ന വരുമാനമുള്ള മേഖലകളില്‍ പുതിയ ഭക്ഷ്യവസ്തുക്കളുടെ ലഭ്യത വര്‍ധിപ്പിക്കുന്നതിനായി മറ്റൊരു കടയും അവിടെ പദ്ധതിയിടുന്നുണ്ട്.

വിസ്‌കോണ്‍സിനിലെ മാഡിസണ്‍, ഇല്ലിനോയിസിലെ വെനീസ് തുടങ്ങിയ നഗരങ്ങളും മുനിസിപ്പല്‍ ഉടമസ്ഥതയിലുള്ള പലചരക്ക് കടകള്‍ ആരംഭിക്കാന്‍ പദ്ധതിയിടുന്നുണ്ട്.